ഗുരുഗോപിനാഥ് നാട്യപുരസ്കാരം ഇന്ദിര പി.പി.ബോറയ്ക്ക്
ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം വിഖ്യാത സത്രിയ നര്‍ത്തകി ഗുരു ഇന്ദിര പി.പി.ബോറയ്ക്ക്. നടനകലകളുടെ വളര്‍ച്ചയ്ക്ക് ജീവിതമര്‍പ്പിച്ച മഹാപ്രതിഭകള്‍ക്കുളള പുരസ്കാരം സാംസ്കാരിക വകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ആണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയത്. മൂന്നു ലക്ഷം രൂപ, കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് പുരസ്കാരം. നൃത്തകലയില്‍ ഗുരുഗോപിനാഥിനുണ്ടായിരുന്ന കാഴ്ചപ്പാടിലെ സമാനതയും അസമിന്റെ പാരമ്പര്യ നൃത്തകലയായ സത്രിയയ്ക്കു ലോകപ്രചാരം നേടിക്കൊടുക്കുന്നതില്‍ അരനൂറ്റാണ്ട് കാലത്തേ സപര്യയുമാണ് ഗുരു ഇന്ദിര.പി.പി. ബോറയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. 1949ല്‍ അസമിലെ ഗോലാഘാട്ടില്‍ ജനിച്ച ഇന്ദിര ബോറ തുടക്കത്തില്‍ രുഗ്മിണി ദേവി അരുണ്ഡേലിന്റെ ശിക്ഷണത്തില്‍ ഭരതനാട്യം അഭ്യസിച്ചു. സത്രിയയ്ക്കു ക്ലാസിക്കല്‍ പദവി നേടിയെടുക്കുന്നതിലും ഈ നൃത്തത്തെ നവീകരിക്കുന്നതിലും അസാമാന്യ വൈഭവം പ്രകടിപ്പിച്ചു. ദേശീയതലത്തില്‍ അംഗീകരിച്ചിട്ടുളള ഒന്‍പതു നൃത്തകലകളിലെ 50 പ്രതിഭകളുടെ നാമനിര്‍ദേശങ്ങള്‍ കേരള കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ആയിരുന്ന ഡോ.കെ.ജി.പൗലോസ് ചെയര്‍മാനായി രൂപീകരിച്ച ദേശീയ വിദഗ്ധസമിതിക്കു ലഭിച്ചിരുന്നു. വിദഗ്ധസമിതി സമര്‍പ്പിച്ച പത്ത് പേരുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 2009 മുതല്‍ കേരളത്തിലെ നൃത്ത പ്രതിഭകള്‍ക്ക് സമ്മാനിച്ചിരുന്ന ഗുരുഗോപിനാഥ് നാട്യപുരസ്കാരം നിലവിലുളള ഭരണസമിതി 2018 ല്‍ ദേശീയ പുരസ്കാരമായി ഉയര്‍ത്തി. പ്രഥമ പുരസ്കാരം മോഹിനിയാട്ടം നര്‍ത്തകി ഡോ.കനക് റെലെക്കു ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചു. പുരസ്കാര സമിതി അധ്യക്ഷ വിഖ്യാത നര്‍ത്തകി ഷാരോണ്‍ ലോവന്‍, സമിതി അംഗം കഥക് നര്ത്തകന് മൈസൂര്‍ ബി നാഗരാജ്, ഗുരുഗോപിനാഥ് നടനഗ്രാമം വൈസ് ചെയര്മാന് കെ.സി.വിക്രമന്, സെക്രട്ടറി സുദര്ശന് കുന്നുത്തുകാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.