തിരുവനന്തപുരം:ഈ വര്‍ഷത്തെ ഐഎംഎ ലൈവ് സോഷ്യല്‍മീഡിയ അവാര്‍ഡ് ഡോ. സൗമ്യ സരിന്. ‘ബിപി അഥവാ രക്തസസമ്മര്‍ദ്ദം എന്ത്, എങ്ങനെ നിയന്ത്രിക്കാം’ എന്ന പോസ്റ്റാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.പാലക്കാട് അവിറ്റിസ് ഹോസ്പിറ്റലിലെ നിയോനാറ്റോളജിസ്റ്റ് ആണ് ഡോ. സൗമ്യ സരിന്‍.
ഡോ. വി.ജി. പ്രദീപ് കുമാര്‍, ഡോ. ഇ.കെ. ഉമ്മര്‍,ഡോ. സുല്‍ഫി നൂഹു, ഡോ. ആര്‍.സി. ശ്രീകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്രീയ ഇടപെടലുകളാണ് ഡോ. സൗമ്യ സരിനെ പുരസ്‌കാരത്തിനായി പരിഗണിച്ചതെന്ന് അവാര്‍ഡ് നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.
2018 ഒക്ടോബര്‍ 1നും, 2019 സെപ്തംബര്‍ 30നും ഇടയില്‍ പ്രസിദ്ധീകരിച്ച ആരോഗ്യാധിഷ്ഠിത ലേഖനങ്ങള്‍, പരമ്പരകള്‍, മലയാളത്തിലോ ഇംഗ്ലീഷിലോ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍, സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ എന്നിവയാണ് അവാര്‍ഡിനായി പരിഗണിച്ചത്. ആകെ 300 എന്‍ട്രികളാണ് അവാര്‍ഡ് സമിതിക്ക് മുന്‍പാകെ എത്തിയത്. ഇതില്‍ നിന്നും മികച്ച അവതരണം,ശാസ്ത്രീയ അടിത്തറ, പൊതുജനങ്ങളുടെ അഭിപ്രായം എന്നിവ കണക്കിലെടുത്താണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഈ മാസം 10ന് തൊടുപുഴയില്‍ വെച്ച് നടക്കുന്ന ഐഎംഎ സംസ്ഥാനസമ്മേളനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും.