കഥകളിയിലെ പ്രധാന 24 മുദ്രകളാണ് ചുവടെ.

1. പതാകം

കൈപ്പത്തി നിവര്‍ത്തിപ്പിടിച്ച് മോതിരവിരല്‍ അകത്തോട്ട് പകുതി മടക്കിയാല്‍ പതാകം.

2. മുദ്രാഖ്യം

ചൂണ്ടുവിരലും തള്ളവിരലും മദ്ധ്യത്തിലെ ദ്വാരം വൃത്താകൃതിയില്‍ വരത്തക്കവണ്ണം ചേര്‍ത്തു പിടിയ്ക്കുകയും, ബാക്കി മൂന്നുവിരലുകള്‍

നിവര്‍ത്തിപ്പിടിക്കുകയും ചെയ്താല്‍ മുദ്രാഖ്യമുദ്ര.

3. കടകം

മുദ്രാഖ്യ മുദ്രയോടൊപ്പം തന്നെ നടുവിരലിന്റെ അറ്റം പെരുവിരലിന്റെ ചുവട്ടില്‍ പിടിച്ചാല്‍ അത് കടകമുദ്ര.

4. മുഷ്ടി

ചൂണ്ടുവിരലിന്റെ ഒരരികില്‍ തള്ളവിരല്‍ തൊടുകയും മറ്റ് വിരലുകളെല്ലാം മടക്കുകയും ചെയ്താല്‍ മുഷ്ടി.

5. കര്‍ത്തരീമുഖം

ചെറുവിരല്‍ പൊക്കിയും പിന്നത്തെ മൂന്നുവിരലുകള്‍ പകുതി മടക്കിയും തള്ളവിരലിന്റെ തലയെ ചൂണ്ടുവിരലിന്റെ നടുഭാഗത്ത് തൊടീക്കുകയും ചെയ്താല്‍

കര്‍ത്തരീമുഖം.

6. ശുകതുണ്ഡം

ചൂണ്ടുവിരലിനെ പുരികം പോലെ വളയ്ക്കുകയും നടുവിരല്‍ മടക്കി അതിന്മേല്‍ പെരുവിരല്‍ വയ്ക്കുകയും മറ്റുള്ള വിരലുകള്‍ പൊങ്ങിച്ചുമടക്കുകയും ചെയ്താല്‍ ശുകതുണ്ഡം.

7. കപിത്ഥം

നടുവിരല്‍ മടക്കിയും അതിന്മേല്‍ പെരുവിരല്‍ തൊടീപ്പിച്ച് ചെറുവിരല്‍ നല്ലവണ്ണം മടക്കുകയും ചെയ്താല്‍ കപിത്ഥമുദ്ര.

8. ഹംസപക്ഷം

വിരലുകളെല്ലാം ഉള്ളപ്രകാരം തന്നെ നിവര്‍ത്തിവെക്കുകയും തള്ളവിരല്‍ മറ്റുവിരലുകളോടു ചേര്‍ക്കാതെ അകറ്റിപ്പിടിക്കുകയും ചെയ്താല്‍ ഹംസപക്ഷം.

9. ശിഖരം

കപിത്ഥമുദ്രയെ വിടാതെ നടുവിരലിനെ മുന്നോട്ടും ചൂണ്ടുവിരലിനെ പുറകോട്ടും തള്ളി നിര്‍ത്തിയാല്‍ ശിഖരം.

10. ഹംസാസ്യം

ചൂണ്ടുവിരലും നടുവിരലും തള്ളവിരലും അറ്റത്ത് തൊടുവിപ്പിച്ച് മറ്റുള്ള വിരലുകള്‍ പൊക്കിവയ്ക്കുകയും ചെയ്താല്‍ അത് ഹംസാസ്യം.

11. അഞ്ജലി

വിരലുകളെല്ലാം തമ്മില്‍ തമ്മില്‍ തൊടാതെ കൈപ്പത്തിയുടെ മദ്ധ്യഭാഗം അല്പ്പം മടക്കി കൂമ്പിക്കുകയും ചെയ്താല്‍ അഞ്ജലി.

12. അര്‍ദ്ധചന്ദ്രം

തള്ളവിരലും ചൂണ്ടുവിരലും ഒഴികെ ബാക്കിയുള്ള വിരലുകള്‍ മടക്കിവച്ചാല്‍ അര്‍ദ്ധചന്ദ്രം.

13. മുകുരം

നടുവിരലും മോതിരവിരലും തള്ളവിരലും മടക്കി അറ്റം തൊടുവിച്ച് ബാക്കി വിരലുകള്‍ നിവര്‍ത്തി പിടിച്ചാല്‍ മുകുരം.

14. മുകുളം

അഞ്ചുവിരലുകളുടേയും അറ്റങ്ങള്‍ നല്ലവണ്ണം ചേര്‍ത്ത് പിടിച്ചാല്‍ അത് മുകുളം.

15. ഭ്രമരം

ചൂണ്ടുവിരല്‍ മാത്രം മടക്കി ബാക്കി വിരലുകള്‍ വിടര്‍ത്തി പിടിച്ചാല്‍ ഭ്രമരം.

16. സൂചികാമുഖം

ചൂണ്ടുവിരല്‍ മാത്രം നിവര്‍ത്തിപ്പിടിച്ച് ബാക്കിവിരലുകള്‍ മടക്കി തള്ളവിരല്‍ മറ്റുള്ള വിരലുകളോട് ചേര്‍ത്തുപിടിക്കുകയും ചെയ്താല്‍ സൂചികാമുഖം.

17. പല്ലവം

തള്ളവിരല്‍ മോതിരവിരലിന്റെ ചുവട്ടില്‍ പിടിച്ച് മറ്റ് വിരലുകള്‍ നിവര്‍ത്തിപ്പിടിച്ചാല്‍ അത് പല്ലവം.

18. ത്രിപതാകം

തള്ളവിരല്‍ കുറച്ചൊന്ന് മടക്കി ചൂണ്ടുവിരലിന്റെ ചുവട്ടില്‍ ചേര്‍ത്തുപിടിച്ച് മറ്റ് വിരലുകള്‍ നിവര്‍ത്തിപ്പടിച്ചാല്‍ ത്രിപതാക.

19. മൃഗശീര്‍ഷം

നടുവിരലും മോതിരവിരലും മടക്കി അവയുടെ ഉള്ളില്‍ മദ്ധ്യരേഖയോട് തള്ളവിരലിന്റെ അറ്റം തൊടുവിച്ചാല്‍ മൃഗശീര്‍ഷം.

20. സര്‍പ്പശിരസ്സ്

തള്ളവിരലടക്കം എല്ലാ വിരലുകളും ചേര്‍ത്തുപിടിച്ച് കൈപ്പത്തിയുടെ മധ്യഭാഗം കുറച്ചൊന്ന് മടക്കിപ്പിടിച്ചാല്‍ സര്‍പ്പശിരസ്സ്.

21. വര്‍ദ്ധമാനകം

ചൂണ്ടുവിരല്‍ തള്ളവിരലിന്റെ നടുവിലെ രേഖയില്‍ ചേര്‍ത്ത് മറ്റുള്ള വിരലുകള്‍ ക്രമേണ ഭംഗിയില്‍ വളച്ചാല്‍ വര്‍ദ്ധമാനമുദ്ര.

22. അരാളം

ചൂണ്ടുവിരലിന്റെ മദ്ധ്യരേഖയില്‍ തള്ളവിരല്‍ തൊടുവിച്ച് മറ്റുള്ള വിരലുകള്‍ ഭംഗിയായി മടക്കിയാല്‍ അരാളം.

23. ഊര്‍ണ്ണനാഭം

അഞ്ചുവിരലുകളും എട്ടുകാലിയുടെ കാലുകള്‍ പോലെ വളച്ചാല്‍ ഊര്‍ണ്ണനാഭ മുദ്ര.

24. കടാകാമുഖം

നടുവിരലിന്റെയും മോതിരവിരലിന്റെയും മധ്യത്തില്‍ തള്ളവിരല്‍ പ്രവേശിപ്പിച്ച് മറ്റുള്ള വിരലുകള്‍ എല്ലാം കൂടി മടക്കിയാല്‍ കടാകാമുഖ മുദ്ര.