കോഴിക്കോട്: മുംബൈ ട്രൂ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് സൊസൈറ്റി ഏര്‍പ്പെടുത്തിയ നവപ്രതിഭ പുരസ്‌കാരം കക്കോടി സ്വദേശിനിയായ നര്‍ത്തകി നിളാനാഥിന്. ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഗേള്‍സ് ഹയര്‍സെക്കന്റി സ്‌കൂളില്‍ ഏഴാംതരം വിദ്യാര്‍ഥിനിയാണ് നിള. ഇന്ത്യയില്‍ പത്ത് സംസ്ഥാനങ്ങളിലായി നാല്‍പതോളം പ്രമുഖ വേദികളില്‍ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവ അവതരിപ്പിച്ചു. സദനം ശശിധരനില്‍ നിന്ന് മൂന്നാം വയസ്സില്‍ നൃത്തച്ചുവടുകള്‍ സ്വായത്തമാക്കിയ നിള കലാമണ്ഡലം സത്യവ്രതന്റെയും ശിഷ്യയാണ്. കുച്ചിപ്പുടിയില്‍ ദേശീയ പുരസ്‌കാര ജേതാവായ സജേഷ് താമരശ്ശേരിയുടെയും ഭരതനാട്യത്തില്‍ ഡോ. ഹര്‍ഷന്‍ സെബാസ്റ്റ്യന്‍ ആന്റണിയുടെയും മോഹിനിയാട്ടത്തില്‍ പല്ലവി കൃഷ്ണന്റെയും കീഴില്‍ നൃത്തം പരിശീലിക്കുകയാണ്.
ഛത്തിസ്ഗഢില്‍ നടന്ന ദേശീയ നൃത്തോത്സവത്തില്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് അവാര്‍ഡും കോയമ്ബത്തൂരില്‍ നടന്ന ഓജസ് ഡാന്‍സ് ഫെസ്റ്റില്‍ ബാല ഓജസി അവാര്‍ഡും ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് അസോസിയേഷന്‍ ദുബൈയില്‍ നടത്തിയ ഡാന്‍സ് ഫെസ്റ്റില്‍ നൃത്ത പ്രതിഭ അവാര്‍ഡും ബംഗളൂരുവില്‍ നടന്ന നാഗതാരകം ഫെസ്റ്റല്‍ കലാകേളി അവാര്‍ഡും ലഭിച്ചു. 2019 ല്‍ ഒഡിഷയില്‍ നടന്ന കലിംഗവാന്‍ നൃത്തോത്സവത്തില്‍ കലാഭദ്ര അവാര്‍ഡും തെലങ്കാനയില്‍ നടന്ന മത്സരത്തില്‍ നാട്യമയൂരി അവാര്‍ഡും ഡെറാഡൂണില്‍ നടന്ന മത്സരത്തില്‍ കലാനിഷ്ഠ സമ്മാനവും ബനാറസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഉജ്വല്‍ കലാസാധക് പുരസ്‌കാരവും ലഭിച്ചു. മാധ്യമ പ്രവര്‍ത്തന്‍ എ. ബിജുനാഥിന്റെയും പരേതയായ ഷീബയുടെയും മകളാണ്. അനേഷ് ബദരീനാഥാണ് സഹോദരന്‍. ഫെബ്രുവരി രണ്ടിന് ഞായറാഴ്ച്ച വൈകീട്ട് 5.30ന് ഡോംബിവില്ലിഈസ്റ്റിലെ സര്‍വേഷ് ഹാളില്‍ സംഘടിപ്പിക്കുന്ന സമാദരം 2020 സാംസ്‌കാരിക പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും.