ന്യൂജേഴ്‌സി : തങ്ങളുടെ കര്‍മ്മ മണ്ഡലങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ള വനിതകള്‍ക്കായി അമേരിക്കന്‍ മലയാളികളുടെ ദേശീയ കൂട്ടായ്മ ഫൊക്കാനയുടെ പ്രഥമ വനിതാരത്‌നം പുരസ്‌കാരം കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക്. രത്‌ന ഖചിതമായ പതക്കവും പ്രശംസ പത്രവുമടങ്ങുന്നതാണ് വനിതാരത്‌ന പുരസ്‌കാരം. ഈ പുരസ്‌കാരം പ്രകൃതി ക്ഷോഭവും നിപ്പയും മുതല്‍ തുടങ്ങി ലോകമെങ്ങും മരണഭീതി വിതക്കുന്ന കൊറോണ വരെ നിയന്ത്രിക്കുന്നതിലും ഒരളവുവരെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞതുമായ കേരള സംസ്ഥാന ആരോഗ്യവകുപ്പിന്റെ ശാസ്ത്രീയവും കെട്ടുറപ്പുള്ളതുമായ പ്രവര്‍ത്തന മികവിനാണെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ അറിയിച്ചു. അടിയന്തിര ഘട്ടത്തില്‍ തന്റെ വകുപ്പിനു കര്‍മ്മ ധീരമായ നേതൃത്വവും ഏകോപനവും കര്‍ശന നിര്‍ദേശങ്ങളും നല്‍കി മുന്നോട്ടു കൊണ്ടുപോവുകയും രാപകലില്ലാതെ അവരോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്ത മന്ത്രി കെ.കെ. ശൈലജയെ ഫൊക്കാന നേതൃത്വം ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കപോലൊരു രാജ്യത്തുപോലും കൊറോണ പടരുന്ന സാഹചര്യത്തിലും കേരളത്തില്‍ ഒരു ജീവന്‍ പോലും വെടിയാതിരുന്നത് ആരോഗ്യവകുപ്പിന്റെ ചിട്ടയായ പ്രവര്‍ത്തനം കൊണ്ടാണെന്നതും ഇത്തരുണത്തില്‍ സ്മരണീയമാണ്.