അറിയാത്തവള്‍ക്കൊരു ക്ഷണക്കത്ത്
എസ്.എന്‍. ഭട്ടതിരി
പെണ്ണേ…
നിന്‍ കണ്ണിലിന്ദ്രനീലങ്ങളുറഞ്ഞു പെരുകുന്നുവോ?
നീ വരൂ…
അതിലുറ്റുനോക്കിയലിയിച്ചലയാഴിയാക്കിടാന്‍
ക്ഷണിക്കുന്നു നിന്നെ ഞാന്‍…!
അലിവിന്റെയാഴിയലിയുന്നതാണലയാഴി
അതിലീ ജര്‍ജ്ജരജന്മക്കടകോലുകൊണ്ട്
കടഞ്ഞെടുക്കാമമൃതകുംഭം.
ദര്‍ഭവിരിച്ചതില്‍വച്ചു പൂജിച്ചു
ദര്‍പ്പണമാകാം നമുക്കു പരസ്പരം.
മുന്‍പിലുണ്ടിപ്പോള്‍ ഋഷ്യമൂകാചലം.
വ്രതമെടുക്കാ,മിനി ക്രമാല്‍ കര്‍മ്മബന്ധങ്ങളെ
പിന്നിടാനമൃതം ഭുജിക്കാം.
ദുര്‍ജ്ജയരായി ഗമിക്കാമൊരാള്‍ക്കുമറ്റാ-
ളൊരൂന്നുവടിയെന്നപോല്‍…!
നീ വരൂ…
അഴകിന്റെയാഴിയലിയുന്നതാണലയാഴി
അതില്‍ നിന്നെ ഞാന്‍ കണ്ടുവോ പണ്ടൊരിക്കല്‍…!
ഒരു കരിവണ്ടു വന്നില്ല,യെങ്കിലെന്തുണ്ടായിരുന്നു ഹാ…
രാമതുളസീ സുഗന്ധമഴിച്ചിട്ട കസവുതിര.
അക്ഷരമെണ്ണുവാന്‍ മത്സ്യം വിഴുങ്ങുവാന്‍
മുദ്രിതമോതിരമെന്തിന്…?
വിസ്താരപീഠത്തിലേറ്റുവാനാവില്ല നിന്നെ.
കസവിതിര മുറിച്ചുടുത്തേറാമൃഷ്യമൂകാചലം
ഹവ്യഗന്ധത്തിലൂടൂളിയിട്ടാവാമിനിയുള്ള ചുവടുകള്‍.
നമുക്കു പിന്നിലായ് പക്ഷം വിരിച്ചതു ചാമരമാക്കി
നടത്തിടും ലക്ഷം ശകുന്തങ്ങള്‍ നമ്മേ…
നമുക്ക് ചമതവനങ്ങള്‍ കടന്നുപോകാം… നീ വരൂ…!
Leave a Reply