റ്റോജി വർഗീസ് റ്റി

മധ്യകേരളത്തിലെ ക്രൈസ്തവ സഭാവിശ്വാസികൾക്ക് ചിരപരിചിതമായ സഭാതർക്കങ്ങളുടെ പശ്ചാത്തലത്തിൽ സമകാലിക കേരളീയസമൂഹത്തിന്റെ വഴക്കങ്ങളെ ആഖ്യാന വിഷയമാക്കുകയാണ് ബെന്യാമിന്റെ അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ (2008) എന്ന നോവൽ. മലങ്കര സഭയിലെ പുത്തൻകൂറ്റ് നസ്രാണികളുടെ ചരിതത്തിലെ യുദ്ധകാണ്ഡകഥയാണ് അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങളുടെ മുഖ്യ പ്രമേയം: ”ഈ നോവലിൽ പരാമർശിക്കപ്പെടുന്ന വ്യക്തികളിൽ പലരും ജീവിച്ചിരുന്നവരോ ജീവിച്ചിരിക്കുന്നവരോ ആണ്. അതുപോലെ പരാമർശിക്കപ്പെടുന്ന സ്ഥാപനങ്ങളും നിലവിലുള്ളവ തന്നെ. എന്നാൽ അവരുടെമേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കഥകളും സംഭവങ്ങളും ഈ കഥാകൃത്തിന്റെ വെറും ഭാവനാസൃഷ്ടി മാത്രമാണ്. അതാരെയും അപകീർത്തിപ്പെടുത്തുവാൻ ഉദ്ദേശിച്ചുള്ളതല്ല. സംഭവങ്ങളെ മറ്റൊരു വീക്ഷണകോണിലൂടെ നോക്കിക്കാണുന്നു എന്നു മാത്രം. അതുകൊണ്ട് നോവലനന്തരം ആരും അക്കപ്പോരിന് വരരുതേ എന്ന് വിനീതമായ ഒരഭ്യർഥന”. മുന്നറിയിപ്പായി നൽകി ആരംഭിക്കുന്ന നോവൽ പന്തളത്ത് രാജാവ് മാന്തളിർ കറിയാച്ചന് തീറാധാരം കൊടുത്ത സ്ഥലത്ത് സ്ഥാപിച്ച മാന്തളിർ സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി ഇടവകയിലെ ബാവാ കക്ഷിയിലെയും മെത്രാൻ കക്ഷിയിലെയും വിശ്വാസികളുടെ അക്കപ്പോരിന്റെയും അങ്കംവെട്ടിന്റെയും വിവരണമാണ് ആക്ഷേപഹാസ്യത്തിന്റെ ആവരണമണിയിച്ച് ബെന്യാമിൻ അവതരിപ്പി ക്കുന്നത്. ചരിത്രത്തിന്റെ വർത്തമാനവും വർത്തമാനത്തിന്റെ ചരിത്രവും ബെന്യാമിന്റെ തൂലികയ്ക്ക് അനായാസം വഴങ്ങുന്നതാണെന്ന് അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ തെളിയിക്കുന്നു. 1954-ൽ ഒരു വിഭാഗം വിശ്വാസികൾ ശ്രീ. കെ. ഇ. മാമന്റെ നേതൃത്വത്തിൽ സഭാസമാധാനം ലക്ഷ്യമാക്കി നിരാഹാരവ്രതം അനുഷ്ഠിക്കുകയുണ്ടായി. ഈ സത്യഗ്രഹം അവസാനിപ്പിച്ച് കഥാ നായകനായ മാന്തളിർ കുഞ്ഞൂഞ്ഞ് എന്ന കെ.എസ്.ആർ.ടി.സി. ഡ്രൈവർ അഞ്ചേമുക്കാലിന്റെ കൊട്ടാരക്കര ബസിൽ സ്വന്തം നാട്ടിൻപുറമായ മാന്തളിർ പള്ളിമുക്കിൽ ബസിറങ്ങുന്നതോടെയാണ് അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ ആരംഭിക്കുന്നത്. ഇരുപതു വർഷത്തെ സംഭവവിവരണങ്ങളോടൊപ്പം ഇരുന്നൂറിലേറെ വർഷം ദൈർഘ്യമുള്ള കുടുംബചരിത്രവും അനേക നൂറ്റാണ്ടുകളുടെ സഭാചരിത്രവും ഇവിടെ പരാമർശ വിധേയമാകുന്നു.

റോമൻ മെത്രാൻ മെനീസിനു മുമ്പിൽ മലങ്കര മെത്രാൻ പകലോമറ്റം ഗീവർഗീസ് അർക്കദിയാക്കോൻ കീഴടങ്ങിയ ഉദയംപേരൂർ സുന്നഹദോസ് സംഭവത്തോടെയാണ് പുത്തൻകൂറ്റ് ക്രിസ്ത്യാനികളുടെ ചരിത്രം ആരംഭിക്കുന്നത്. റോമൻസഭയുടെ ആധിപത്യത്തിൽനിന്ന് മോചനം നേടാനായി സ്വാതന്ത്ര കാംക്ഷികളായ തദ്ദേശനസ്രാണികൾ നടത്തിയ കൂനൻകുരിശുസത്യത്തോടെ (1653) സ്വയം പര്യാപ്തതയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചുവെങ്കിലും ആത്മീയവിഷയങ്ങളിൽ പരാശ്രയമില്ലാതെ മുന്നേറാൻ അവർക്കായില്ല. ആ നിർണായക ഘട്ടത്തിലാണ് അന്ത്യോഖ്യൻ സഭയുടെ ആത്മീയ രക്ഷാധികാരം മലങ്കരസഭ തേടിയത്. ഇന്ത്യൻ തീരപ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ചിരുന്ന വിദേശശക്തികളുടെ ധാർമിക പിന്തുണയോടെ പുഷ്ടിപ്പെട്ട മലങ്കര അന്ത്യോഖ്യൻ ബന്ധം രണ്ടര ശതാബ്ദത്തിലേറെക്കാലം സുഗമമായി നിലനിന്നിരുന്നു. എന്നാൽ, ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലുടലെടുത്ത അധികാര തർക്കങ്ങൾ സ്വത്തുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും കടന്നു. മലങ്കര സഭയ്ക്ക് സ്വയംഭരണം വേണമെന്നാവശ്യപ്പെട്ട് അന്ത്യോഖ്യൻ മേൽക്കോയ്മയ്ക്ക് മുർദ ബാദ് വിളിച്ചവർ മെത്രാൻ കക്ഷിയെന്നും, ‘അമ്മേ ഞങ്ങൾ മറന്നാലും അന്ത്യോഖ്യായെ മറക്കില്ല’ എന്ന നിലപാടിലുറച്ചു നിന്നവർ ബാവാകക്ഷിയെന്നും വിളിക്കപ്പെട്ടു. കീഴ്‌ക്കോടതികളിൽനിന്ന് മേൽക്കോടതികളിലേക്കും പള്ളികളിൽനിന്നും തെരുവുകളിലേക്കും കയ്യാങ്കളികളിൽനിന്ന് കൊലപാതകങ്ങളിലേക്കും വ്യാപിച്ച സഭാതർക്കം കരിക്കുപ്പായമിട്ട കൗശലക്കാരായ വക്കീലൻമാർക്ക് തങ്ങളുടെ കീശവീർപ്പിക്കാനുള്ള കുറുക്കുവഴികളിലൊന്നായി മാറി. സഭാചരിത്രത്തിന്റെ ഏടുകളിൽ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ഈ സമരചരിത്രത്തെ കറുത്ത ഫലിതങ്ങളുടെ ഘോഷയാത്രയിലൂടെ അവതരിപ്പിക്കുകയാണ് ബെന്യാമിൻ അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങളിൽ.
കൊതിച്ചിടം ലഭിക്കാഞ്ഞാൽ നെഞ്ചുരുകുന്ന മലങ്കര മാപ്പിളയായ മാന്തളിൽ കുഞ്ഞൂഞ്ഞ് സഭാ വ്യവഹാരങ്ങളിൽ തല്‍പ്പരനാകുന്നതെന്തിനെന്ന ചോദ്യത്തിലാണ് സകല സഭാവ്യവഹാരങ്ങളുടെയും ചുരുളഴിയുന്നത്. കുറവൻ രാമനോടൊപ്പം പറമ്പ് കിളച്ചു കൊണ്ടിരുന്ന കുഞ്ഞൂഞ്ഞിന് പറമ്പിൽ നിന്നൊരു നിധി ലഭിക്കുന്നു. പൊന്നിൻമണികൾ കിഴികെട്ടി വച്ചിരിക്കുന്ന ആ കുംഭം അയാൾ നിലവറയിലൊളിപ്പിക്കുന്നു. കുടത്തിൽ നിന്നെടുത്ത നാണയങ്ങളുടെ മൂല്യനിർണയം പരമരഹസ്യമായി ഒരു തട്ടാനെക്കൊണ്ട് നടത്തിയ കണക്കുകൂട്ടലുകൾ മാന്തളിർ കുഞ്ഞൂഞ്ഞിന്റെ സ്ഥിരചിത്തതയിൽ സാരമായ ചലനങ്ങളുണ്ടാക്കുന്നു. കുഞ്ഞൂഞ്ഞിന്റെ കിനാവുകളിൽ കൂറ്റൻ ബംഗ്ലാവുകളും എസ്റ്റേറ്റുകളും മോറിസ് മൈനർ കാറുമൊക്കെ കടന്നുവരാൻ തുടങ്ങി. നിറമുള്ള കിനാവുകളെ മറ്റാരുമറിയാതെ താലോലിക്കാൻ തുടങ്ങിയപ്പോഴാണ് കുഞ്ഞൂഞ്ഞിന്റെ മൂത്ത മകൻ ശമുവേലുച്ചെറുക്കനു ശരീരമാസകലം കടുകുമണി വാരിവിതറിയപോലെ കുരുക്കൾ മുളച്ചത്. ചെറുക്കന്റെ വസൂരിയൊഴിയാൻ മത്തായിയുടെയും കുഞ്ഞൂഞ്ഞിന്റെയും ഭാര്യമാർ തലയനാടു പള്ളിയിൽ മെഴുകുതിരി കത്തിക്കാൻ പോയനേരം മാന്തളിർ മത്തായി പൂഴിക്കാട്ട് മാണിക്കണിയാരുടെ വീട്ടിലെ കവടിക്കളത്തിനു മുന്നിലെത്തി. പൂർവികശാപം കിട്ടിയ എന്തിലോ കുടുംബാംഗങ്ങളാരോ സ്പർശിച്ചതിന്റെ അനന്തരഫലമാണീ കുരുക്കളെന്ന് മാണിക്കണിയാർ ഗണിച്ചു പറഞ്ഞു. കുംഭത്തിൽനിന്നുകിട്ടിയ നാണയങ്ങളിലൊന്ന് മാന്തളിർ പള്ളിയിലെ ഭാണ്ഡാരത്തിലിട്ട് നിധികുംഭം കാക്കും ചുമതല തോമാശ്ലീഹായെ വിളിച്ചു ഭരമേല്‍പ്പിച്ചതാണ്. എന്നിട്ടും അതിലൊരെണ്ണം വിറ്റുകിട്ടിയ പണം കൈപ്പറ്റിയതിന്റെ പേരിൽ പൊന്നുമോന് വസൂരി ബാധിച്ചതോടെ ഇനി എന്തു ധൈര്യത്തിൽ നിധിയെ സമീപിക്കുമെന്ന ചിന്തയിൽ ആ മലങ്കര ഭക്തൻ ആകെ ധർമസങ്കടത്തിലായി. താൻ കണ്ട കിനാവുകളെല്ലാം ചിറകൊടിഞ്ഞു കിടക്കുന്നതുകണ്ട് കുഞ്ഞൂഞ്ഞിന് തളർച്ച അനുഭവപ്പെട്ടു. ആരോടും മിണ്ടാട്ടമില്ലാതായി. എന്നിട്ടും കുഞ്ഞൂഞ്ഞിന്റെ മനസ്സിലെ പൂതി ഒഴിഞ്ഞില്ല. എങ്ങനെയും നിധിയെ തന്റെ വരുതിയിലാക്കണം എന്നതു മാത്രമായി അദ്ദേഹത്തിന്റെ ചിന്ത. മണർകാട്ട് ആൾ വലിപ്പമുള്ള നാല് മെഴുകുതിരിയും ഒരു പാട്ട എണ്ണയും പുതുപ്പള്ളിയിൽ നാല് കോഴിയും ഒരു പാമ്പിൻ രൂപവും, ഉഗ്രമൂർത്തിയായ മലയാലപ്പുഴ ഭഗവതിക്ക് ഒരു കുടം നെയ്യും, കക്കടയിലെ ചന്ദനക്കുടത്തിന് ഒരാനയെയും നേർന്നശേഷം ഒരു പരീക്ഷണത്തിനു കൂടി കുഞ്ഞൂഞ്ഞു മുതിർന്നു. നിധിയിൽ നിന്നൊരു നാണയം രാമൻ കുറവന് നൽകി. ചെങ്ങന്നൂര് പളനി ആചാരിയുടെ അടുത്തുപോയി നാണയം വിറ്റ് പണം എടുത്തോളാൻ നിർദേശം നൽകി. പിറ്റേന്ന് കുറവന്റെ കുടിയിൽ കന്നി ഓണമായിരുന്നു. സന്തോഷാധിക്യത്താൽ അയാൾ വാത്തിപ്പൊടിയന്റെ ഷാപ്പിലിരുന്ന് നിറയെ കള്ള് മോന്തി. വേണ്ടിയവർക്കെല്ലാം കള്ളുവാങ്ങി കൊടുത്തു. പിറ്റേന്നുകാലത്ത് രാമൻ കുറവന്റെ ശവം വയറപ്പുഴയിൽ നീന്തി നടന്നു. സങ്കടങ്ങളുടെ മേൽ സങ്കടങ്ങളുടെ മഴ പെയ്തിറങ്ങുന്നതിനിടയിൽ കുഞ്ഞൂഞ്ഞ് അന്ന് മനസ്സറിഞ്ഞു ചിരിച്ചു. കാരണം, സുപ്രീം കോടതിയുടെ വിധി മലങ്കരക്കാർക്ക് അനുകൂലമായി വന്നു. അന്ത്യോഖ്യൻ പാത്രിയാർക്കീസിന് ആത്മീയാധികാരങ്ങളല്ലാതെ മലങ്കരയിലെ ഭൗതിക സ്വത്തുക്കളുടെമേൽ യാതൊരധികാരവും ഇല്ലെന്നുള്ള വിധി മാന്തളിർ മക്കൾക്ക് സന്തോഷം നൽകുന്നതായിരുന്നു.

രാമൻ കുറവന്റെ അപമൃത്യുവോടെ നിധിയിൽ തൊട്ടുകളിച്ച് കാറും ബംഗ്ലാവുമെല്ലാം സ്വന്തമാക്കാനുള്ള പൂതി മടക്കിവച്ച് കുഞ്ഞൂഞ്ഞ് തന്റെ ലോകം സഭാ കലഹങ്ങളുടെയും മനോരമ വായനയുടെയും ലോകത്തേക്കു ചുരുക്കി അക്കപ്പോരിന് പുതിയ ഊർജങ്ങൾ സംഭരിച്ചു. ശേഷിച്ച സമയം ശോശകുട്ടിയുടെയും ചിന്നമ്മയുടെയും ആകാര സുഷമകളിലഭിര മിച്ചു കഴിഞ്ഞു. മാന്തളിർ ഇടവകയിലെ സർവാധികാരിയായിരുന്നു മനയ്ക്കമണ്ണിൽ മത്തായി കത്തനാർ. ഒരേയൊരു കുഴപ്പമേയുള്ളൂ ”കത്തനാർ കറതീർന്ന അന്ത്യോഖ്യൻ കൂറുകാരനാണ്. എത്രയൊക്കെ നിയന്ത്രിക്കാൻ നോക്കിയാലും പ്രസംഗത്തിനിടെ അറിയാതെ പാത്രിയാര്‍ക്കീസിന് കൂറ് പാടിപ്പോകും” (പേജ്:72). മത്തായി കത്തനാരെ ഇങ്ങനെ കയറൂരി വിടരുതെന്ന് നിശ്ചയിക്കുന്ന മാന്തളിരുകാരുടെ പ്രവർത്തന ഫലമായി വെട്ടിക്കൂട്ടത്തിൽ വി.റ്റി. തോമസ് കത്തനാരെ മാന്തളിർ ഇടവകയുടെ സഹവികാരിയായി നിയമിച്ചുകൊണ്ടുള്ള കല്‍പ്പന വന്നു. യാക്കൂബ് ത്രിത്രീയൻ പാത്രിയാര്‍ക്കീസിന്റെ സ്ഥിരബുദ്ധിയെ ചോദ്യം ചെയ്തുകൊണ്ട് ഒരു തകർപ്പൻ പ്രസംഗം നടത്തി വെട്ടിക്കൂട്ടത്തിലച്ചൻ തന്റെ മാന്തളിർ പ്രവേശനം ഒരു ചരിത്ര സംഭവമാക്കി മാറ്റി. മനയ്ക്കമണ്ണിലച്ചനും പാത്രിയാര്‍ക്കീസ് കൂറുകാരും അന്ന് തിരുമാറിലേറ്റ അഞ്ചാം മുറിവുമായി കണ്ണീരൊലിപ്പിച്ചാണ് താന്താങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങിയത്. പോരുംവഴിയിൽ ചരുവിൽ കീവർച്ചൻ ചങ്കേത്തൊട്ടു പറഞ്ഞു: ”ഈ പ്രാവശ്യത്തെ മലങ്കരക്കളിയിൽ ഞങ്ങൾ മലർന്നടിച്ചു വീണു എന്നതു നേരാ. എന്നാലും ഇന്നത്തെയൊരു കുത്ത് ഒരിക്കലും മറക്കില്ല മത്തായിച്ചാ. മറക്കാൻ പറ്റത്തില്ല. ഒരു രാത്രി കൊണ്ട് കഴിയുന്നതല്ലല്ലോ മലങ്കര ചരിതം” (പേജ്: 77). ഇരുട്ടിവെളുക്കുമ്പോൾ തണുത്തുറയുന്നതല്ല മലങ്കരയുടെ സമരവീര ചരിതം. അത് പുതിയ, അക്കപ്പോരുകൾക്കായി കച്ചമുറുക്കിക്കൊണ്ടേയിരിക്കുന്നു. ഉത്തരാധുനികാഖ്യാനത്തിന് ഉതകുംവിധമുള്ള ചേരുവകൾ ആവോളം വാരിവിളമ്പിയാണ് ബെന്യാമിൻ അക്കപ്പോരിന്റെ നസ്രാണിക്കഥകൾ ആഖ്യാനം ചെയ്തിരിക്കുന്നത്. കുറിപ്പടികളും ഡയറിക്കുറിപ്പുകളും കല്‍പ്പനകളും പ്രസംഗങ്ങളും സർക്കാർ ഉത്തരവുകളുമെല്ലാമിവിടെ ആഖ്യാനത്തിനുള്ള ഉപകരണങ്ങളാവുന്നു. മാന്തളിർ ഇടവകയിലെ ഉണ്ടികപ്പെട്ടിയുടെ സൂക്ഷിപ്പുകാരനാ യിരുന്നു മാന്തളിർ മത്തായി. ഉണ്ടികസ്ഥാനം മാന്തളിർ കുടുംബത്തിലെ എല്ലാ തലമുറയിലെയും ആദ്യജാതന്മാർക്ക് ദായക്രമംവഴി പകർന്നുകിട്ടുന്ന അപ്രമാദിത്വാധികാരങ്ങളിലൊന്നായിരുന്നു. കാതോലിക്കാപാത്രിയാര്‍ക്കീസ് ഖണ്ഡയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്തുപോലും മത്തായിയെ ആ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ഞായറാഴ്ചതോറും കിട്ടുന്ന കാണിക്ക, പിടിയരിപ്പണം, ലേലത്തുക, മാസവരി, വസ്തുവകകളിൽനിന്നുള്ള വരുമാനം എന്നിങ്ങനെ എല്ലാം തന്നെ പൊതുയോഗത്തിൽ തിട്ടപ്പെടുത്തി ഉണ്ടികപ്പെട്ടിയിലാക്കി ഉണ്ടികനെ ഏല്‍പ്പിക്കും. പെട്ടിയുടെ നാലുതാക്കോലുകൾ നാല് കര പ്രമാണിമാരുടെ കയ്യിലാണുള്ളത്. അങ്ങനെയിരിക്കയാണ് ചാമക്കണ്ടത്തിൽ യോനാച്ചായൻ ”പോത്ത്-എരുമ-കാള-കൈവണ്ടി-കാളവണ്ടി കച്ചവടമൊക്കെ നിര്‍ത്തി ചെങ്ങന്നൂരിൽ യോന ആന്റ് സൺസ് ചിട്ടിഫണ്ട് എന്നൊരു പണമിടപാട് സ്ഥാപനം ആരംഭിക്കുന്നത്” (പേജ്; 79,80). ഉണ്ടികപ്പെട്ടിയിലെ സമ്പാദ്യം ചിട്ടിയിലിറക്കാമെന്ന യോനച്ചായന്റെ പദ്ധതിക്ക് മാന്തളിർ മത്തായി ഒഴികെയുള്ള താക്കോലുടമകൾ സമ്മതം നൽകുന്നു. അവർ മാന്തളിർ കുഞ്ഞൂഞ്ഞിനെ നിർബന്ധിച്ച് മത്തായി അറിയാതെ ഉണ്ടികപ്പെട്ടിയിലെ പണം എടുക്കുന്നു. കാലങ്ങളങ്ങനെ കടന്നുപോകവേയാണ് റാഹേലമ്മയുടെ മകൻ തോമസ് വൈദികപട്ടം കെട്ടി സെമിനാരിയിറങ്ങുന്നത്. ആദ്യ കുർബാന മാന്തളിർ പള്ളിയിൽ‌വച്ച് നടത്തണമെന്ന റാഹേലമ്മയുടെ ആഗ്രഹം കുറേ തർക്കങ്ങൾക്കൊടുവിൽ നിറവേറുന്നു. കുർബാന കഴിഞ്ഞ് കൈമുത്തിത്തീർന്നതും പള്ളിമുറ്റത്തുവച്ച് അടുത്ത മാന്തളിർ കലാപത്തിലേക്കുള്ള ആകാശവെടി ചരുവിൽ കീവർച്ചൻ പൊട്ടിച്ചു. മാന്തളിർ മത്തായി ആരുമറിയാതെ ഉണ്ടികപ്പണം ബാങ്കിലിട്ട് കൊള്ള പലിശയെടുക്കുകയാണെന്ന വാർത്ത എല്ലാവരിലും ഞെട്ടലുളവാക്കി. തർക്കം മൂത്തപ്പോൾ അടുത്ത പൊതുയോഗത്തിൽ പെട്ടി തുറന്ന് എല്ലാവരെയും ബോധ്യപ്പെടുത്താമെന്ന് മാന്തളിർ മത്തായി സർവരേയും അറിയിക്കുന്നു. കുഞ്ഞൂഞ്ഞ് കാര്യങ്ങളെല്ലാം മത്തായിയോട് പറയുന്നു. സംഭവങ്ങളുടെ ഗതിവിഗതികളെക്കുറിച്ച് ബോധ്യംവന്ന മത്തായി തന്റെ വസ്തുവിറ്റുകിട്ടിയ പണം ഉണ്ടികപ്പെട്ടിയിൽ നിക്ഷേപിച്ച് തന്റെ വിശ്വസ്തത വെളിവാക്കുന്നു.
മനയ്ക്കാമണ്ണിലച്ചൻ മരണപ്പെട്ടതോടെ വാക്കുതർക്കത്തിലും വാതുവയ്പിലും ഒതുങ്ങിനിന്ന മാന്തളിരുകാരുടെ കലഹങ്ങൾ പുതിയ രൂപഭാവങ്ങൾ ആർജിച്ചു. കോടതിയിൽ ഇരുവിഭാഗവും വീറോടെ വാദിച്ചു മുന്നേറിക്കൊണ്ടേയിരുന്നു. പൊലീസ് സംരക്ഷണത്തിൽ മാന്തളിർ ഇടവകയുടെ പൊതുയോഗം സുഗമമായി നടത്തുവാൻ കോടതി ഉത്തരവിട്ടു. മാന്തളിർ ഇടവകയുടെ നൂറുവർഷത്തെ ചരിത്രത്തിലാദ്യമായൊരു പൊലീസ് വാഹനം പള്ളിമുറ്റത്ത് പ്രവേശിച്ചു. നിരണത്ത് ബാവയ്ക്ക് അനുകൂലമായി കൈപൊക്കാൻ വിളിച്ചപ്പോൾ മാന്തളിരിൽനിന്ന് പൊങ്ങിയത് രണ്ടു കൈകൾ മാത്രമാണ്. മൂന്നാമത്തെ കൈ പൊങ്ങിയത് അന്ത്യോഖ്യൻ പാത്രിയാര്‍ക്കീസിനു വേണ്ടിയാണ്. നെടിയകാലായിൽ എൻ.സി. വര്‍ഗീസ് പാത്രിയാര്‍ക്കീസ് പക്ഷത്തേക്ക് കൂറുമാറി. സഭ കൂടി വര്‍ഗീസിനെ ട്രസ്റ്റി സ്ഥാനത്തുനിന്നും മാറ്റി. വിങ്ങിപ്പൊട്ടാൻ കാത്തിരിക്കുന്ന ഒരു ആവിക്കുടം പോലെയായിരുന്നു അന്നത്തെ മാന്തളിർ പള്ളി. പള്ളിക്കുള്ളിലെ കൈവയ്പ് മുറ്റത്തേക്കായി. ”അന്നെന്തായാലും മാന്തളിർ പള്ളിയിൽ, കർത്താവിന്റെ രണ്ടാമത്തെ വരവിനെ ഓർമിപ്പിക്കുന്ന കുർബാനയപ്പത്തിന്റെ പടിഞ്ഞാട്ടെടുപ്പ് നടന്നില്ല. അച്ഛൻ സമാധാനം പറഞ്ഞില്ല. ആരും കൈമുത്തിയില്ല” (പേജ്; 121). ദിവസവും വൈകുന്നേരം എണ്ണതേച്ച് പയറ്റുന്നതും മുട്ടയും മീറയും കഴിച്ച് കൊഴുപ്പിക്കുന്നതുമായ മാന്തളിർ ഗുണ്ടകളുടെ മസിൽകനത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ അന്ത്യോഖ്യൻ മൂവ്‌മെന്റുകാർ കണ്ടംവഴി ഓടുകയും അടുത്തയാഴ്ച ഉന്നംപറഞ്ഞ ചാവേറുകളെപ്പോലെ പ്രത്യാക്രമണം നടത്തുകയും ചെയ്തു. അടി കലശലായി മൂർച്ഛിച്ചതോടെ സിവിൽ ഭരണാധികാരികൾ ഇടപെട്ട് പള്ളിപൂട്ടി സീൽ ചെയ്തു. സ്വത്തുക്കൾ റിസീവർ ഭരണത്തിലായി. ഈ കാലയളവിലാണ് കേന്ദ്രം ഭരിച്ചിരുന്ന ഇന്ദിരാഗാന്ധി ദേശീയാടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കക്ഷി വഴക്കിൽ പൂട്ടപ്പെട്ട പള്ളികൾ മെത്രാൻ കക്ഷി വിഭാഗത്തിന് അനുകൂലമായ വ്യവസ്ഥകളോടെ തുറന്നുകൊടുക്കുക, എതിർചേരിക്കാരെ ഇല്ലായ്മ ചെയ്യുന്നതിന് ഗവൺമെന്റു തലത്തിൽ എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തുക തുടങ്ങിയ ഉപാധികളോടെ അടിയന്തരാവസ്ഥയ്ക്ക് ജയ്‌വിളിച്ചോളാമെന്ന് കത്തോലിക്കരോടൊപ്പം കാതോലിക്കാ കക്ഷിയും മനോരമ മുഖേന കേന്ദ്രഭരണകക്ഷിക്ക് ഉറപ്പു നൽകുകയുണ്ടായി. ഇത്തരുണത്തിൽ ആഖ്യായികയിൽ നേരിട്ട് ഇടപെട്ടുകൊണ്ട് കാതോലിക്കയും കത്തോലിക്കയും തമ്മിൽ ആന, ആട്, അമ്മിക്കല്ല് അവറാച്ചൻ വ്യത്യാസമുണ്ടെന്ന് നോവലിസ്റ്റ് വായനക്കാരെ ഓർമിപ്പിക്കുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരൻ തന്റെപാർട്ടി മനോരമയ്ക്ക് നൽകിയ ഉറപ്പുകളെ തൃണവൽഗണിച്ചുകൊണ്ട് തർക്കം മൂർച്ഛിച്ച പള്ളികൾ അടച്ചുപൂട്ടി സീൽ വയ്ക്കാൻ ആർ.ഡി.ഒ. മാർക്ക് കർശനമായ നിർദേശം നൽകി. കാതോലിക്കാബാവയും മനോരമയും പഠിച്ചപണി അമ്പത്തിയെട്ടും നോക്കിയിട്ടും അദ്ദേഹത്തിന്റെ തീരുമാനത്തിൽ തരിമ്പും മാറ്റമുണ്ടായില്ല. വിമോചനസമരത്തിന് മലങ്കര സഭ വേണ്ടത്ര പിന്തുണ നൽകാത്തതിന്റെ ചൊരുക്കെന്നായിരുന്നു മാന്തളിരുകാരുടെ ആദ്യ പ്രതികരണം. മത്തായിയുടെ കൈയിൽനിന്നും പള്ളിതാക്കോൽ കൈപ്പറ്റിയ ആർ.ഡി.ഒ. പള്ളിയിലെ വസ്തുക്കളുടെ കണക്കെടുത്ത് സർക്കാരിലേക്ക് കണ്ടുകെട്ടുകയും പള്ളിയുടെ സർവവാതിലുകളും പൂട്ടി സീൽ വയ്ക്കുകയും ചെയ്തു. എല്ലാം റിസീവർ ഭരണത്തിലായി. നെഞ്ചിനകത്താകെ തീയുമായി വന്ന മാന്തളിർ മത്തായിക്ക് പുതിയ അക്കപ്പോരുകൾ നടത്താനുള്ള വക മാന്തളിരെ നിലവറയ്ക്കുള്ളിൽനിന്നും കുഞ്ഞൂഞ്ഞെടുത്തു നൽകുന്നു.

മലങ്കര സഭയിൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ദീർഘദർശനംചെയ്ത ശ്ലീഹ നൽകിയതെന്ന് മാന്തളിർ കുടുംബം കരുതുന്ന ആയിരം പൂവരാഹനുമായി മാന്തളിർ മത്തായി കോട്ടയത്തേക്ക് യാത്രയായി. അടുത്ത ഒരു നാറ്റാണ്ടു കാലത്തേക്ക് മാന്തളിർ അക്കപ്പോരിനുള്ള വക ആലോചിച്ച് കുഞ്ഞൂഞ്ഞിന്റെ മനസ്സു പതഞ്ഞുണ്ടായ പുഞ്ചിരിയിൽ അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ അവസാനിക്കുന്നു. സഭാപരമായ കലഹങ്ങളിൽ ഇരുപക്ഷവും കാണിക്കുന്ന വീറും വാശിയും അന്തമായ പക്ഷം പിടിക്കലും അതിക്രൂരമായിത്തന്നെ അപഹസിക്കുന്ന അക്കപ്പോരിന്റെ നസ്രാണി വർഷങ്ങളിലൂടെ ചില പുനർവിചിന്തനങ്ങളാ വശ്യമാണെന്ന യാഥാർഥ്യത്തെ ബോധ്യപ്പെടുത്തുക എന്ന ചരിത്രദൗത്യമാണ് ബെന്യാമിൻ നിറവേറ്റുന്നത്. അക്കപ്പോരുകൾക്കിടയിലെ ഇടവേളകളുടെ ആഖ്യാനങ്ങളിലൂടെ ഈ കൃതിക്ക് ഒരു പാരിസ്ഥിതികമാനംകൂടി നൽകാൻ ബെന്യാമിൻ പരിശ്രമിക്കുന്നുണ്ട്. ക്രൈസ്തവമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന യാതൊരു മൂല്യങ്ങളും അല്‍പ്പംപോലും

സ്വാംശീകരിച്ചിട്ടില്ലാത്തവരായ കഥാപാത്രങ്ങളിലൂടെ ക്രൈസ്തവ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ കൃതി മാനുഷിക മൂല്യങ്ങളുടെ പ്രാധാന്യത്തെ ഊന്നിപ്പറയുന്നതോടൊപ്പം ആത്മീയതയിൽ നിന്ന കന്നുപോയ ആത്മീയ പ്രസ്ഥാനങ്ങളുടെ ജീർണത കൂടി പ്രതിഫലിപ്പിക്കുന്നു.
(റ്റോജി വർഗീസ് റ്റി – 7403272273)