ആനന്ദധാര

ആനന്ദധാര
-ത്രേസ്യാമ്മ തോമസ്


ഈ തിരകളെത്തഴുകി വന്നെത്തുമീ
സംഗീതമെവിടെനിന്നെത്തുന്നുവോ
ആടിക്കാറ്റിലലഞ്ഞുലഞ്ഞെത്തുമീ
സംഗീതമനിക്കെത്രകേട്ടാലും
മതിയാവാത്തതെന്തേ?…….

ആകാശഗംഗയില്‍ നിന്നോ
നിലാവിന്റെ നാട്ടില്‍ നിന്നൊ
ആര്‍ത്തിരമ്പും ആഴിയുടെ
ആഴങ്ങളില്‍ നിന്നൊ…
എവിടെനിന്നെവിടെനിന്നെത്തുമീ
ഗാനകല്ലോലിനി……

തപ്തനിശ്വാസങ്ങളിലെനിക്കാശ്വാസമായി
കൊടും വേദനയിലൊരു
വേനല്‍ മഴയായ്……..
ഊഷരഭൂവിലൊരു
തുഷാരബിന്ദുവായ് നീ
എവിടെ നിന്നെത്തുന്നുവോ?

ഇതിനു ശ്രുതി ചേര്‍ത്തതാര്
ഇതിനു താളമിട്ടതാര്
ഇതൊരു ലയമായെന്നിലേക്കടിഞ്ഞ്
എനിക്കു മാത്രമായ് തീര്‍ന്നതൊ?

വിശ്വമാകെ നിറഞ്ഞു നില്‍ക്കുമീ
സംഗീതത്തിനു കാതോര്‍ത്തു നില്‍ക്കുമ്പൊഴും
അതെന്നു വേര്‍തിരിച്ചറിയുമ്പൊഴും
ഞാനനുഭവിക്കുമീ..പരമാനന്ദം!!..

എന്‍ഹൃദയകവാടം തുറന്നു ഞാന്‍
എന്നിലേക്കാവാഹിച്ച്..
എന്നില്‍ക്കുടിയിരുത്തി..
ഞാനനുഭവിക്കുമീ പരമാന്ദം!!…

എരിതീയിലെണ്ണ കോരുവോര്‍
മുതലക്കണ്ണീരൊഴുക്കുവോര്‍
നാവിനു മൂര്‍ച്ച കൂട്ടുവോരീ
ഗാനമൊന്നു കേട്ടിരുന്നുവെങ്കില്‍

കാരിരിമ്പിനെപ്പോലും..
കരിങ്കല്ലിനെപ്പോലും…
ദയാര്‍ദ്രമാക്കും…..ഈ മൃദുസ്വരമീ
ലോലസംഗീതം……….
എനിക്കെന്നുമാനന്ദധാര!!…