എസ്.എന്‍. ഭട്ടതിരി

ഇത്,
ആകാശത്തിന്റെ കുന്നിലേക്കു പോകുംമുന്‍പ്
മുത്തച്ഛനെന്നോട് പറഞ്ഞ കഥയാണ്
ഇതിനുമുന്‍പും മുത്തച്ഛനെന്നോട്
കഥകള്‍ പറഞ്ഞിട്ടുണ്ട്.
കുരുടന്‍ യാചകന്റെ വഴികാട്ടിയായ സ്വപ്നത്തില്‍
മുത്തച്ഛന്‍ വഴിതെറ്റാതെ രക്ഷപ്പെട്ടതും
ഓപ്പോളെ മുറിഞ്ഞുപോയ വേരോടെ
പഴവിലയ്ക്ക് തിരച്ചെടുത്തതും
കണ്ണീരില്‍ ചുണ്ടങ്ങയുമക്ഷതവും നാണയവുമിട്ട്
അതുകൊണ്ടവളെ ശുദ്ധിവരുത്തിയതും
അവള്‍
പൊട്ടിയവാല്‍ക്കണ്ണാടിപോലൊതുങ്ങി ഭരിച്ചതും
ദൈനംദിന പഞ്ചപാപങ്ങളാവര്‍ത്തിച്ച്
അതുപോക്കാന്‍
വ്യാഴവട്ടങ്ങളായി ഗണപതിഹോമം കഴിച്ച്
അങ്ങനെ പതിനാറുകെട്ട് നാലുകെട്ടായതും
ഓരോകുഴികളില്‍ മുത്തച്ഛന്റെ മടിയിലിരുന്ന്
ഞാന്‍കേട്ട കഥകളാണ്.
കാലക്രമത്തില്‍ കുഴികള്‍ നികന്നു
കഥകള്‍
മനസ്സിന്റെ ഇടനാഴികളില്‍ വീരക്കല്ലുകളായി
മുത്തച്ഛന്‍ കുന്നുകയറി
പിന്നാലെ
ദാമ്പത്യസുഗന്ധം ആള്‍രൂപമാക്കി നടയ്ക്കുവച്ച്
ഓപ്പോളും
എന്റെ ശുശ്രൂഷയില്‍
രണ്ട് ഗൗളിപാത്രങ്ങളും
കുറെ കണിക്കൊന്നകളും
അവയ്ക്കിടയില്‍ ചില കുഴികളും വളര്‍ന്നുതളര്‍ന്നു
പൂര്‍വ്വജന്മത്തിലനിവാര്യമായ
ഒളിയമ്പുകളുടെ ഓര്‍മ്മയ്ക്ക്
ഈ ജന്മത്തിന്റെ കാല്‍വെളളകാട്ടി ഞാന്‍
പൂര്‍ണ്ണതയില്‍
ധ്യാനലീന നിശബ്ദ ശുഭ്രതയില്‍
കിന്നരി മിനുക്കുന്ന പൂണ്യാത്മാവ്.
കുഞ്ഞേ…
കുന്നിലേക്കുളള വഴി കുഴിയില്‍ തുടങ്ങുന്നു.
കുഴിലേക്കുളള വഴി മനസ്സില്‍ തുടങ്ങുന്നു.
മനസ്സിലേക്കുളള വഴി മഹസ്സില്‍ തുടങ്ങുന്നു.
ഞാന്‍
ഈ വഴികള്‍ ഒന്നു പരിചയപ്പെടട്ടെ
എനിക്കു മുത്തച്ഛനൊപ്പമെത്തണം…!