പുരോഗമനസാഹിത്യത്തിന്റെ ഭാവിജീവിതം
മുകളില്‍ സൂചിപ്പിച്ചതുപോലെ, പൊതുവെ പ്രമേയനിഷ്ഠമായ തലത്തില്‍ പുരോഗമനസാഹിത്യത്തെ നിര്‍വചിച്ചുകൊണ്ടാണ് 1940-കളില്‍ പ്രസ്ഥാനം നിലനിന്നത്. സാമാന്യമായി ആധുനികമായ ഒരു സാഹിതീയദര്ശനത്തിന്റെ ചട്ടക്കൂട്ടിനുള്ളില്ത്തന്നെയാണ് പുരോഗമനസാഹിത്യവും അതിന്റെ എതിര്‍ദിശയിലുള്ള സാഹിത്യവും നിലയുറപ്പിച്ചിരുന്നത്; ഈ ബന്ധം അന്ന് തിരിച്ചറിഞ്ഞിലെ്ളങ്കിലും. സ്വയംപര്യാപ്തവും അന്യാപേക്ഷയില്ളാത്തതുമായ വസ്തുപ്രപഞ്ചം, ഈ വസ്തുപ്രപഞ്ചത്തെയും അനുഭവലോകത്തെയും സ്വാംശീകരിക്കാന്പോന്ന വ്യക്തിപ്രതിഭ, പ്രപഞ്ചയാഥാര്ത്ഥ്യത്തിന്റെ സവിശേഷമായ സ്വാംശീകരണം വഴി വ്യക്തിപ്രതിഭയിലുളവാവുന്ന സൗന്ദര്യാനുഭവം, ഈ സൗന്ദര്യാനുഭവത്തിന്റെ മാധ്യമനിഷ്ഠമോ ഭാഷാനിഷ്ഠമോ ആയ പ്രകാശനം-ആധുനികമായ സൗന്ദര്യദര്‍ശനത്തിന്റെ ആധാരങ്ങള്‍ ഇവയാണെന്ന് പറയാം. ഈ ആധാരയുക്തികള്ക്കുമേല് തന്നെയാണ് പുരോഗമനസാഹിത്യവും അതിന്റെ കലാദര്‍ശനവും കുരുപ്പിടിപ്പിച്ചത്.
ഇത്തരമൊരു കലാദര്‍ശനത്തിന്റെ അടിസ്ഥാനപരമായ പരിമിതികളിലൊന്ന് കലാനുഭൂതിയുടെയും സൗന്ദര്യാനുഭവത്തിന്റെയും പ്രത്യയശാസ്ത്രമാനം അവിടെ പരിഗണിക്കപെ്പടുന്നില്ള എന്നതാണ്. കല എന്ന വിശേഷഗണം രൂപപെ്പടുന്നതിന്റെയോ, അത് നിറവേറ്റുന്ന സാമൂഹ്യധര്മ്മങ്ങളുടെയോ ഉള്ളടക്കം കാര്യമായി വിലയിരുത്തപെ്പടാത്തതും കലാസൃഷ്ടിയുടെ പ്രമേയതലം കൂടിയതോതില്‍ വിലയിരുത്തപെ്പടുന്നതുമായ വിശകലനപദ്ധതിയായി പുരോഗമനകലാസങ്കല്പം മാറിത്തീരുന്നതിലാണ് ഇത് ചെന്നവസാനിച്ചത്. പുറമേക്ക് ഇത് വളരെ അസ്വഭാവികമായി അനുഭവപെ്പടാവുന്ന ഒരു പ്രശ്നമാണ്. കാരണം കലയുടെ പ്രത്യയശാസ്ത്രമാനത്തെക്കുറിച്ച് ഏറ്റവുമധികം ഉത്കണ്ഠ പുലര്‍ത്തിയ പ്രസ്ഥാനമായാണ് പുരോഗമനപ്രസ്ഥാനം മനസ്സിലാക്കപെ്പട്ടുവരുന്നത്. എന്നാല്‍ ഇവിടെയുള്ള യഥാര്‍ത്ഥപ്രശ്നം കലയുടെ പ്രത്യയശാസ്ത്രമാനത്തെ, കലയുടെ തന്നെ ആഭ്യന്തരജീവിതവുമായി ബന്ധപെ്പടുത്തി മനസ്സിലാക്കാന്‍ കഴിഞ്ഞുവോ എന്നതാണ്. അതായത് കലാവസ്തു എന്ന പരികല്പനയെത്തന്നെ പ്രശ്നവത്കരിക്കാന്‍ കഴിഞ്ഞിരുന്നുവോ എന്നത്. വലിയൊരളവോളം അതിന് കഴിഞ്ഞില്ള എന്നുതന്നെയാണ്, ഇന്ന് പിന്തിരിഞ്ഞുനോക്കുമ്പോള്, നമുക്ക് മനസ്സിലാവുന്നത്.
രൂപഭദ്രതയെച്ചൊല്ളി 1940-കളില്‍ ഉയര്‍ന്നുവന്ന തര്‍ക്കം, ഈ നിലയില്‍ പരിശോധിച്ചാല്‍, വലിയൊരളവോളം ഒരേ സൗന്ദര്യശാസ്ത്രയുക്തിയുടെ ഇരുതലങ്ങള്‍ തമ്മിലുള്ളതായിരുന്നുവെന്ന് വ്യക്തമാകും. കലയുടെ രൂപം എന്നത്, കല എന്ന വിശേഷജനുസ്സിനെ സാധ്യമാക്കുന്ന പ്രത്യയശസ്ത്രബന്ധമാണെന്ന ധാരണയുടെ അടിസ്ഥാനത്തിലല്ള രൂപഭദ്രതയെക്കുറിച്ചുള്ള ആശയങ്ങള്‍ അന്ന് വിമര്ശിക്കപെ്പട്ടത്. രൂപം/ഭാവം എന്ന ആധുനികദ്വന്ദ്വം ആവര്ത്തിച്ചുറപ്പിക്കപെ്പട്ട തര്ക്കവിചാരമായി അത് മാറിത്തീര്‍ന്നതും ഇതിനാലാണ്. സ്വാതന്ത്ര്യപ്രാപ്തിയേയും ദേശീയബുര്ഷ്വാസിയേയും വിലയിരുത്തുന്നതിനെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടാണ്, അന്നത്തെ തര്‍ക്കങ്ങളെ നിര്‍ണ്ണയിച്ച പ്രശ്നങ്ങളിലൊന്ന് എന്നകാര്യം ശരിയാണെങ്കിലും അത്തരമൊരു പ്രശ്നത്തിന്റെ അഭാവത്തിലും നിലനില്ക്കാവുന്നതുതന്നെയായിരുന്നു രൂപഭദ്രതയെക്കുറിച്ചുള്ള തര്‍ക്കം എന്ന കാര്യം കാണാതിരുന്നുകൂടാ. ആധുനികമായ സൗന്ദര്യാത്മകയുക്തിയുടെ വിചാരമാതൃകാപരമായ അടിത്തറയില്‍ ആ വ്യത്യസ്തനിലപാടുകള്‍ പരിഹരിക്കപെ്പടുക സാധ്യമല്ളായിരുന്നു. പ്രയോജനവാദപരമായ ഒരു ഒത്തുതീര്‍പ്പാണ് അന്ന് പരമാവധി സാധ്യമാകുമായിരുന്നത്.
Leave a Reply