ഇടതുപക്ഷ ചിന്ത സര്‍ഗാത്മകവും സക്രിയവുമായത്തീരുന്ന ഒരു നിരീക്ഷണമാണിത്. പുരോഗമന കലാസാഹിത്യസംഘം ഈ മധ്യവര്‍ഗ്ഗത്തിന്റെ ഉള്ളുപൊള്ളയായ കാഴ്ചപ്പാടുകളെ കയ്യൊഴിയാന്‍ തയ്യാറാകണം. മധ്യവര്‍ഗ്ഗ സവര്‍ണ്ണ പുരുഷത്വത്തിന്റെ കര്‍തൃസ്ഥാനത്തുനിന്നും രൂപപെ്പടുന്ന കാഴ്ചപ്പാടുകളാണ് നമ്മുടെ സംസ്‌കാരിക രംഗത്ത് അധീശത്വം നേടിയെടുത്തിരിക്കുന്നത്. അതിനെതിരെയുള്ള ഒരു സമരമെന്നത് നിലനില്‍ക്കുന്ന സംസ്‌കാരത്തില്‍ ഇടപെട്ടുകൊണ്ടുള്ള സമരമാണ്. ദലിതര്‍ എന്നു കേള്‍ക്കുമ്പോഴും പരിസ്ഥിതിയെന്നു കേള്‍ക്കുമ്പോഴും സ്ത്രീവാദം എന്നു കേള്‍ക്കുമ്പോഴും വിറളി പിടിക്കുകയോ അലെ്‌ളങ്കില്‍ നിസ്‌സംഗത പുലര്‍ത്തുകയോ ചെയ്യുന്ന മധ്യവര്‍ഗ്ഗ കാഴ്ചപ്പാടിനു പകരം വര്‍ഗ്ഗസമരത്തിന്റെ പ്രത്യക്ഷരൂപങ്ങളായി, വര്‍ഗ്ഗസമരത്തിന്റെ വെളിപെ്പടുത്തലുകളായി കാണുന്ന ഇടതുപക്ഷ സാംസ്‌കാരിക വീക്ഷണമാണ് ഇന്നാവശ്യം. ആഗോള മൂലധന താല്പര്യങ്ങളുമായി സംഘര്‍ഷപെ്പടുന്ന ബഹുഭൂരിപകഷം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക പ്രസ്ഥാനമായി പുകസയ്ക്ക് മാറുവാന്‍ കഴിയണമെങ്കില്‍ മധ്യവര്‍ഗ്ഗസവര്‍ണ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തിന് തങ്ങള്‍ എത്രത്തോളം വിധേയരായിട്ടുണ്ട് എന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കണം. ദലിതരെ പലതായി പിളര്‍ക്കുന്ന ജാതിയന്ത്രത്തിന്റെ പ്രവര്‍ത്തന ഫലമായി രൂപം കൊണ്ടിട്ടുള്ള സമുദായ സംഘടന മേല്‍പറഞ്ഞ സവര്‍ണ മധ്യവര്‍ഗ താല്‍പ്പര്യങ്ങളെ തന്നെയാണ് സേവിക്കുന്നത്, സ്വതന്ത്രരാഷ്ടീയത്തിന്റെ അടിസ്ഥാനത്തില്‍ എണ്ണത്തില്‍കൂടുതലുള്ള ജാതികളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രതിനിധാനം കരസ്ഥമാക്കിയ മധ്യവര്‍ഗം ധനവും അധികാരവും ഒരിക്കലും താഴെത്തട്ടില്‍ എത്താതെ നോക്കുന്നുണ്ട്. കേരളത്തില്‍ ഏതാനും ചില ജാതികളില്‍പെ്പട്ട ആളുകള്‍ക്കു മാത്രമാണ് ജാതി ഒരു ഭൂഷണം. പൊതുമേഖലയിലും സ്വകാര്യമേഖലയിലും എന്ന പോലെ സമുദായസ്ഥപനങ്ങളുടെ സ്ഥാപനങ്ങളിലും പ്രവേശനം നേടുവാന്‍ ജാതികൊണ്ടു കഴിയുന്നു. എന്നാല്‍ നിരവധി ചെറുജാതികളില്‍പെ്പടുന്നവര്‍ക്കും ദലിതര്‍ക്കും ഇത്തരം ഒരു സൗകര്യം ലഭിക്കുന്നില്‌ള. ജാതികളെ ന്യായികരിക്കുകയും അധികാരവും സമ്പത്തും ജാതികളിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസൃതമായി വീതം വയ്ക്കണമെന്നു വാദിക്കുന്ന ബുദ്ധിജീവികള്‍ മറക്കുന്ന കാര്യം ഇത്തരത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഉപരിവര്‍ഗത്തിനും മധ്യവര്‍ഗത്തിനും മാത്രമേ ഗുണം ചെയ്യുന്നുവെന്നുള്ളതാണ്. പ്രാതിനിധ്യ ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ചെലവില്‍ ന്യുനപക്ഷത്തിന് കൊഴുത്തു തടിക്കുവാന്‍ ഇട നല്‍കുന്നതുപോലെ ജാതിരാഷ്ട്രീയവും ഒരു ന്യുനപക്ഷത്തിന്റെ താല്‍പ്പര്യങ്ങളെ മാത്രമാണ് സേവിക്കുന്നത്. ജാതി ഒരു പരാധീനതയും പരിമിതിയും ആയാണ് ദരിദ്രരും നിരാലംബരും സ്ത്രീകളും കുട്ടികളും ഒക്കെ അനുഭവിക്കുന്നത്. കേരളത്തിലെ മധ്യവര്‍ഗ്ഗത്തിന്റെ വലതുപക്ഷതാല്‍പ്പര്യങ്ങളെയും കമ്പോള മുതലാളിത്ത ആഭിമുഖ്യത്തെയും ചെറുത്തുകൊണ്ട് നടത്തുന്ന ഒരു സംസ്‌കാരിക പ്രവര്‍ത്തനമാണ് ഇന്നത്തെ ജീര്‍ണതകളെ മറികടക്കുവാന്‍ പുകസ ലക്ഷ്യമാക്കേണ്ടത്. കാരണം ഇന്ന് സംസ്‌കാരം എന്നത് ഒരു സാമ്പത്തിക മേഖല (അടിത്തറ) തന്നെയായി മാറിക്കഴിഞ്ഞിരിക്കുന്നു. സംസ്‌കാരത്തിന്റെ മേഖല വന്‍ മൂലധനനിക്ഷേപത്തിന്റെ മേഖലയാണ്. ലാഭം കൊയ്യുവാന്‍ മൂലധന ശക്തികള്‍ക്ക് ഇടം നല്‍ക്കുന്ന തരത്തില്‍ സംസ്‌കാരത്തിന്റെ മേഖല മാറിക്കഴിഞ്ഞിരിക്കുന്നു.