സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ‘കാറല്‍ മാര്ക്സിനെപ്പറ്റി’
മാര്‍ക്സിന്റെ ജീവിതത്തില്‍ അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഒരു നോവലിലെ കഥാപാത്രത്തിന്റെ ജീവിതമെന്നതുപോലെ മലയാളിക്ക് വരച്ചു കാണിച്ചുകൊടുക്കുകയാണ് രാമകൃഷ്ണപിള്ള ചെയ്തത്. മാര്‍ക്സിനെ നാടുകടത്തിയതും കുട്ടികള്‍ പട്ടിണികിടന്നു മരിച്ചതും മാര്‍ക്സിന്റെ ഭാര്യ ഈ വ്യഥകള്‍ക്ക് സാക്ഷിയായതും അദ്ദേഹം വിവരിക്കുന്നുണ്ട്. അതിലുമുപരി രാമകൃഷ്ണപിളയുടെ ഈ കൊച്ചു ഗ്രന്ഥം എന്നെ ആകര്‍ഷിച്ചത്, അതിലെ മാര്‍ക്സിസത്തിന്റെ തന്നെ ഏറ്റവും ബുദ്ധിമുട്ടുപിടിച്ച മാര്‍ക്സിയന്‍ തത്ത്വശാസ്ര്തം വിവരിക്കുന്നതിലാണ്. മാര്‍ക്സിയന്‍ തത്ത്വശാസ്ര്തത്തിന്റെ ആകെത്തുക മിച്ചമൂല്യത്തെ സംബന്ധിച്ച മാര്‍ക്സിന്റെ സംഭാവനയാണ് എന്നുപറയാം. മനുഷ്യാദ്ധ്വാനം എന്ന ചരക്ക് മാത്രമാണ് തുല്യമായ മൂല്യത്തിന് വിനിമയം ചെയ്യപ്പെടാതിരിക്കുന്നത് എന്നതാണ് മാര്‍ക്സിസ്റ്റ് തത്ത്വശാസ്ര്തത്തിന്റെ കാതല്‍. ഒരു കിലോ സ്വര്‍ണത്തിന് തുല്യമായ മൂല്യത്തില്‍ ഒരു കിലോ ഇരുമ്പ് വിനിമയം ചെയ്യപ്പെടാറുണ്ട്. ഒരു കിലോ തുരുമ്പുപിടിച്ച ഇരുമ്പും നല്ല ഇരുമ്പും തമ്മിലും വിനിമയം ചെയ്യപ്പെടാവുന്നതാണ്. അവിടെയൊന്നും മൂല്യം ചോര്ന്നുപോകാറില്ല; അളവില്‍ മാറ്റമുണ്ടാകും എന്നുമാത്രം. പക്ഷെ മനുഷ്യാദ്ധ്വാനം എന്ന ചരക്കിന് നൂറു രൂപ മൂല്യമുണ്ട് എങ്കില്‍ ആ മൂല്യം ഒരിക്കലും വിനിമയ മാര്‍ക്കറ്റില്‍ ലഭിക്കുകയില്ല. നൂറു രൂപയുടെ മൂല്യമുള്ള അദ്ധ്വാനത്തില്‍ നിന്ന് ഇരുപത് രൂപയെങ്കിലും എടുത്താല്‍ മാത്രമേ മുതലാളിത്തം എന്ന വ്യവസ്ഥയ്ക്ക് മുന്നോട്ടുപോകാന്‍ സാധിക്കൂ. മുതലാളിത്തം എന്ന യന്ത്രത്തിന്റെ ഇത്തരം മനുഷ്യാദ്ധ്വാനത്തില്‍ നിന്നു കിട്ടുന്ന മിച്ചമൂല്യമാണ്, അല്ലെങ്കില്‍ മനുഷ്യാദ്ധ്വാനത്തിന് ശരിയായ വില കൊടുക്കാതെ ലഭിക്കുന്ന മിച്ചമാണ് എന്നതാണ് മാര്‍ക്സ് കണ്ടെത്തിയ ഏറ്റവും വലിയ കാര്യം. ഇക്കാര്യത്തെ ഇന്നും മലയാളികള്‍ മാത്രമല്ല, ലോകത്തിലെ മഹാ പണ്ഡിതന്മാര് പോലും വ്യക്തതയോടുകൂടിയല്ല പലപ്പോഴും മനസ്സിലാക്കാറുള്ളത്. എന്നാല്‍ മാര്‍ക്സിനെക്കുറിച്ചെഴുതിയ ഗ്രന്ഥത്തില്‍ രാമകൃഷ്ണപിള്ളയ്ക്ക് ഇക്കാര്യം സുവ്യക്തമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.*
കമ്യൂണിസ്റ്റ് പാര്‍ട്ടിയോ ഇടതുപക്ഷപ്രസ്ഥാനമോ തൊഴിലാളിവര്‍ഗ പ്രസ്ഥാനമോ ഉദയംചെയ്യാതിരുന്ന ഒരുകാലഘട്ടത്തില്‍, ഒരു പത്രപ്രവര്ത്തകന് മാത്രമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ആശയങ്ങളെ സ്വാംശീകരിച്ചുവന്നതില് എന്തുമാത്രം കൃത്യതയാണ് കാണിച്ചിരുന്നത് എന്നതാണ് ഈ ഗ്രന്ഥത്തിലൂടെ നമുക്ക് വെളിവാക്കുന്നത്. മാര്‍ക്സിസത്തിന്റെ കാതല്‍ ഇനിയും മാര്‍ക്സിസ്റ്റുകള്‍ എന്നു പറയുന്നവര്‍ക്കും അഭിമാനിക്കുന്നവര്‍ക്കും പോലും വേണ്ടവിധത്തില്‍ മനസ്സിലാക്കാനോ മനസ്സിലായിട്ടുണ്ടെങ്കില്‍തന്നെ അത് പ്രായോഗികതലത്തില്‍ പ്രയോഗിക്കുവാനോ സാധിക്കാറില്ല.
Leave a Reply