സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍ പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍ പിതാവേ
ക്രിസ്തുനാഥന്റെ പെസഹാ രഹസ്യത്താല്‍
അത്ഭുതമൊന്നു ഭവിച്ചു പാരില്‍
പാപ മരണത്തിലാമഗ്നര്‍ ഞങ്ങളെ
ശാപമകറ്റി സ്വതന്ത്രരാക്കി
പാവന രാജ്യ പുരോഹിത വര്‍ഗ്ഗമായ്
താവക സ്വന്തം ജനതയായി
താതനാമങ്ങു തിരഞ്ഞെടുത്തീടുന്ന
കൈതവമറ്റ ജനതതിയായ്
എണ്ണി നീ ഞങ്ങള്‍ക്കീയുന്നത സ്ഥാനങ്ങള്‍
തന്നിടാനങ്ങു കനിഞ്ഞുവല്ലോ
എന്നല്ല നിന്‍ മഹാവൈഭവമിപ്പാരില്‍
എങ്ങുമേ കീര്‍ത്തിത മാകുവാനായ്
പാപാന്ധകാരത്തില്‍ പാരം തപിക്കുമീ
പാവങ്ങളെയതി മോദമോടെ
താവക വിസ്മയം തിങ്ങും പ്രകാശത്തില്‍
മേവിടാന്‍ അങ്ങു ക്ഷണിച്ചുവല്ലോ
ആകയാലാമോദവായപോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ.