പെസഹാരഹസ്യം ദൈവജനവും

ആണ്ടുവട്ടത്തിലെ ഞായറാഴ്ചകളില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ.

ക്രിസ്തുനാഥന്റെ പെസഹാ രഹസ്യത്താല്‍
വിസ്മയമൊന്നു ഭവിച്ചു പാരില്‍

പാപമരണത്തില്‍ ആമഗ്‌നര്‍ ഞങ്ങളെ
ശാപമകറ്റി സ്വതന്ത്രരാക്കി

നിന്റെ തിരഞ്ഞെടുക്കപ്പെട്ടവംശമായ്
രാജപുരോഹിതവൃന്ദമായി

മന്നില്‍ വിശുദ്ധജനവുമായ് നാഥാ നിന്‍
സ്വന്തം ജനതയുമായി ഞങ്ങള്‍

അങ്ങുന്നു ഞങ്ങള്‍ക്കീയുന്നതസ്ഥാനങ്ങള്‍
തന്നരുളാനും കനിഞ്ഞുവല്ലോ

എന്നല്ലാ നിന്‍ മഹാ വൈഭവമീപ്പാരില്‍
എങ്ങും പ്രകീര്‍ത്തിതമാക്കുവാനായ്

പാപാന്ധകാരത്തില്‍ പാരം തപിക്കുമീ
പാവങ്ങളെയതിമോദമോടെ

താവക വിസ്മയനീയ പ്രകാശത്തില്‍
മേവിടാനേവം ക്ഷണിച്ചുവല്ലോ

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെവാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)