ക്രിസ്തുവിന്റെ അനുസരണംവഴി നേടിയ മാനവരക്ഷ

ആണ്ടുവട്ടത്തിലെ ഞായറാഴ്ചകളില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

രക്ഷകനെത്തന്നു ഞങ്ങള്‍ക്കു നിന്‍ സ്‌നേഹ
തീക്ഷണത നന്നായ് വെളിപ്പെടുത്തി

പാപമൊഴികെ മറ്റെല്ലാത്തിലു മര്‍ത്യ
ഭാവമാര്‍ന്നായവന്‍ ജീവിച്ചല്ലോ

ലോകേശ നിന്‍ ദിവ്യപുത്രനില്‍ കണ്ടവ
നീ കണ്ടു പാപികള്‍ ഞങ്ങളിലും

ധിക്കാരം കൊണ്ടിവര്‍ നഷ്ടമാക്കിത്തീര്‍ത്ത
സ്വര്‍ഗ്ഗീയാനുഗ്രഹ സമ്പത്തെല്ലാം

സ്വന്തം സുതന്റെയനുസരണം വഴി
ഞങ്ങള്‍ക്കു നീ വീണ്ടും ലഭ്യമാക്കി.

ആകയാലാമോദവായ്‌പോടെ നിത്യവും
നാക ദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)