ദൈവാലയ രഹസ്യം

പുതുതായി പ്രതിഷ്ഠിക്കപ്പെട്ട ദേവാലയത്തില്‍

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

നിന്‍ തിരുനാമ പ്രകീര്‍ത്തനമന്ദിരം
നിന്‍ മഹിമാവൃതമീ പ്രപഞ്ചം

എങ്കിലും താവക ദിവ്യരഹസ്യങ്ങള്‍
വേണ്ടവിധത്തിലനുസ്മരിക്കാന്‍

കേന്ദ്രങ്ങള്‍ തീര്‍ത്തു പ്രതിഷ്ഠിച്ചിട്ടുള്ളത്
സംപ്രീതിയങ്ങേക്കു നല്‍കുമല്ലോ

മാനവയത്‌നത്താല്‍ തീര്‍ത്തൊരീയാലയം
സാനന്ദം ഞങ്ങള്‍ പ്രതിഷ്ഠിക്കുന്നു

തുംഗപ്രതാപവാനങ്ങേ മഹിമയേ
യിങ്ങതില്‍ ഞങ്ങള്‍ പ്രകീര്‍ത്തിക്കുന്നു

സത്യദേവാലയ ദിവ്യരഹസ്യമീ
പത്തനത്തിങ്കല്‍ പ്രതിഫലിപ്പൂ

സ്വര്‍ഗ്ഗ ജറുസലേമിന്‍ പ്രതിഛായയീ
സന്മത്തില്‍ നന്നായ് തെളിഞ്ഞുകാണ്മൂ

കന്യകാമാതാവില്‍ നിന്നുരുവായ നിന്‍
നന്ദനന്‍ തന്റെ തിരുശരീരം

ദൈവ സ്വഭാവ സമ്പൂര്‍ണ്ണതാ കേന്ദ്രമായ്
താവക ചിത്തം പ്രതിഷ്ഠിച്ചല്ലോ

എന്‍ നല്ല ദൈവമേ നിര്‍മ്മിച്ചുയര്‍ത്തി നീ
നിന്റെ തിരുസ്‌സഭാ മന്ദിരത്തെ

അപ്പോസ്തലന്‍മാരടിസ്ഥാനമായുള്ള
ശില്പമായ്, ക്രിസ്തുവോ മൂലക്കല്ലായ്

അങ്ങനെ നിന്റെ വിശുദ്ധനഗരമായ്
അങ്ങുരുവാക്കിയോരീ സഭയില്‍

പാവനാത്മാവിനാലുജ്ജീവിതങ്ങളായ്
താവക സ്‌നേഹത്താല്‍ സജ്ജമായി

രൂപാന്തരപ്പെട്ട പുണ്യശിലകളാല്‍
ദേവാലയമിതു നിര്‍മ്മിതമായ്

എന്നുമവിടുന്നീ ദേവാലയം തന്നില്‍
എല്ലാര്‍ക്കുമെല്ലാമായ് വാണിടുന്നു

ക്രിസ്തുവില്‍ ദിവ്യപ്രകാശം പരത്തുന്നു
നിസ്തന്ദ്രമിങ്ങുനിന്നെങ്ങുമെന്നും

ഉത്തമമാതൃകയായ് നിന്‍സ്‌നേഹത്തിലും
ഭക്തിയിലും ഞങ്ങള്‍ വര്‍ത്തിക്കാനും

നിന്റെ പ്രിയത്തിനും സോദര രക്ഷയ്ക്കും
തന്‍ ജീവനര്‍പ്പിച്ച നാഥനോട്

നിത്യമനുരൂപരായി മുന്നേറാനും
മര്‍ത്ത്യരില്‍ നിന്‍കൃപ തൂകിയല്ലോ

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയേ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)