പുരോ: സര്‍വ്വശക്തന്‍ പിതാവങ്കുരിപ്പിച്ചതാം
നിങ്ങള്‍ തന്‍ ചിത്താഭിലാഷം പോലെ
നിങ്ങള്‍ ചെയ്‌തൊരി പ്രതിജ്ഞയെ തമ്പുരാന്‍
ഭംഗം വിനാ കാത്തു രക്ഷിക്കട്ടെ

ജനം: ആമ്മേന്‍

പുരോ: നിത്യകന്യാത്വ പ്രതിഷ്ഠ നിമിത്തമായ്
ശുദ്ധ കന്യാജന ചിത്തങ്ങളില്‍
ആദ്ധ്യാത്മ സ്‌നേഹം പുലര്‍ത്തുന്ന യേശുവാം
കര്‍ത്താവു നിങ്ങളെ കാത്തിടട്ടെ
ദൈവ വചനങ്ങളുള്‍ക്കൊണ്ടു സല്‍ഫലം
കൈവരിക്കാനും വരം തരട്ടെ

ജനം: ആമ്മേന്‍

പുരോ: നിര്‍മ്മല കന്യാമറിയത്തിന്‍മേല്‍ പ്രതി-
ബിംബനം ചെയ്‌തൊരു പാവനാത്മാ
നിങ്ങള്‍ക്കു മേലെഴുന്നള്ളി സ്വര്‍ഗ്ഗീയമാം
ചൈതന്യ ദീപ്തി പകര്‍ന്നുവല്ലോ
ദൈവത്തിനും തന്‍ സഭയ്ക്കും നിരന്തരം
സേവനം ചെയ്യുവാനുള്ള ദാഹം
അപ്പാവനാത്മാവും നിങ്ങള്‍ക്കു നല്‍കട്ടെ
തൃപ്പാദതാരിങ്കലെത്തുവോളം

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍