പുരോ: കര്‍ത്താവാം നാഥന്റെ പീഡാസഹനത്താല്‍
നിസ്തുല സ്‌നേഹ ദൃഷ്ടാന്തമേവം

പാരിന്നു നല്‍കിയ സ്വര്‍ഗ്ഗീയ താതന്റെ
ഭൂരികൃപാനുഗ്രഹങ്ങളാലെ

ദൈവപിതാവിനും മാനുഷര്‍ക്കേവര്‍ക്കും
സേവനം നിസ്വാര്‍ത്ഥം ചെയ്തു നിങ്ങള്‍

യോഗ്യമാം തന്‍തിരുകാരുണ്യം നേടുവാന്‍
ഭാഗ്യമുള്ളോരായ് ഭവിച്ചിടട്ടെ

ജനം: ആമ്മേന്‍

പുരോ: കര്‍ത്താവാം നാഥന്റെ പാവനമൃത്യുവാല്‍
നിത്യവിമുക്തി ലഭിക്കുമെന്ന്

വിശ്വാസം ഹൃത്തിലുറച്ചോരാം നിങ്ങള്‍ക്ക്
ദൈവത്തിന്‍ തൃക്കരം തന്നില്‍നിന്ന്

നിത്യസൗഭാഗ്യത്തിന്‍ സമ്മാനം വാങ്ങുവാന്‍
അത്യന്തയോഗ്യത കൈവരട്ടെ

ജനം: ആമ്മേന്‍

പുരോ: കര്‍ത്തവാമേശുവിന്‍ താഴ്മതന്‍ മാതൃക
സ്വീകരിച്ചുള്ളോരാം നിങ്ങള്‍ക്കീശന്‍

നാകീയ ദിവ്യോത്ഥാനത്തിന്‍ മഹിമയില്‍
ഭാഗഭാഗിത്വവും നല്‍കിടട്ടെ

ജനം : ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യം കാരുണ്യവാന്‍ സര്‍വ്വശക്തന്‍

തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍