മാലാഖമാരില്‍ പ്രശോഭിക്കുന്ന ദൈവമഹത്ത്വം

മാലാഖമാരുടെ ദിവ്യപൂജയില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

സ്വര്‍ഗ്ഗത്തില്‍ മേവുന്ന മാലാഖമാരിലും
മുഖ്യന്‍മാരായുള്ള ദൂതരിലും

പ്രോജ്ജ്വലിപ്പിക്കും നിന്‍ ദിവ്യമഹത്വത്തെ
ഉച്ചമുദ്‌ഘോഷണം ചെയ്‌വൂ ഞങ്ങള്‍

താവകപ്രീതിതന്‍ പാത്രങ്ങളാകുമീ
ദൈവദൂതന്‍മാരെ വന്ദിക്കുമ്പോള്‍

താവക ദിവ്യ മഹത്വമല്ലോ ഞങ്ങള്‍
ദൈവമേ നിത്യം പ്രകീര്‍ത്തിക്കുന്നു

തേജസ്വിമാരാകും മാലാഖമാരെന്നും
സാദരം വന്ദനമര്‍ഹിക്കുന്നു

നായകാ നിന്റെ മഹിമ നിസ്‌സീമമീ
ഭൂമിയിലെന്നെന്നുമാരാധ്യന്‍ നീ.

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)ാേ