സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
നിര്‍മ്മലമാനസരാഹ്‌ളാദവായ്‌പ്പോടെ
നല്‍പെസഹാ കൂടാനാണ്ടുതോറും
ഭക്തജനങ്ങളാമേവര്‍ക്കും നല്‍വരം
നിത്യവുമങ്ങുന്നു നല്‍കിടുന്നു
ഞങ്ങള്‍തന്‍ പുത്തന്‍ പിറവിക്കു ഹേതുവായ്
തീരുമീ ദിവ്യ രഹസ്യങ്ങളില്‍
പങ്കുകൊണ്ടിങ്ങനെ ഭക്തകൃത്യങ്ങളും
നിര്‍മ്മല സ്‌നേഹപ്രവ്യത്തികളും
ഉള്ളിലെരിയുന്ന വിശ്വാസവായ്‌പ്പോടെ
ഉള്ളമര്‍പ്പിച്ചേവം ചെയ്തുകൊണ്ട്
സര്‍വദയാപരാ നിന്‍സുതര്‍ക്കായുള്ള
നിര്‍മ്മലാനുഗ്രഹ പൂര്‍ണ്ണിമയില്‍
പങ്കുചേര്‍ന്നീടുവാനെന്നും ചൊരിയണേ
നിത്യനാം ദൈവമേ നിന്‍ വരങ്ങള്‍
ആകയാലാമോദ വായ്‌പോടെ വാഴുമാ
സ്വര്‍ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ