സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍ പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍ പിതാവേ
നിത്യപിതാവേ നിന്നോമല്‍ സുതന്‍ തന്റെ
രക്ഷദമാകുമീ പീഡയാലെ
സര്‍വ്വജനങ്ങള്‍ക്കുമങ്ങേ മഹത്വത്തെ
സങ്കീര്‍ത്തനം ചെയ്യാന്‍ ഭാഗ്യമുണ്ടായ്
ക്രൂശിന്റെയുല്‍കൃഷ്ട ശക്തി വിശേഷത്താല്‍
ക്രൂശിതന്‍ തന്റെ വിജയങ്ങളും
ശക്തി മഹത്വങ്ങളത്രയും വ്യക്തമായ്
നിത്യപ്രകാശനം ചെയ്തീടുന്നു
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ