പുരോ: സര്‍വ്വേശ്വരന്‍ കനിഞ്ഞീ മാതൃരാജ്യത്തെ
സര്‍വ്വവിധവുമനുഗ്രഹിക്കാന്‍
നീതി പുലര്‍ന്ന സമാധാനമുണ്ടാവാന്‍
ആളുകള്‍ സൗഹൃദം പൂണ്ടുവാഴാന്‍
മേന്മേലഭിവൃദ്ധി നാടിനുണ്ടാകുവാന്‍
നല്‍വരം നിങ്ങള്‍ക്കു നല്‍കിടട്ടെ

ജനം: ആമ്മേന്‍

പുരോ: നമ്മള്‍ തന്‍ രാഷ്ട്രീയ നേതാക്കന്‍മാരേയും
ആത്മീയ സദ്ഗുരു വൃന്ദത്തെയും
കാരുണ്യമോടെ കടാക്ഷിപ്പൂ തമ്പുരാന്‍
ആദര്‍ശ ദാഹമവര്‍ക്കു നല്‍കാന്‍
നീണ്ടൊരുള്‍ക്കാഴ്ചയും ആപത്തില്‍ ധൈര്യവും
പൂണ്ടുമുന്നേറാന്‍ വരം തരട്ടെ

ജനം: ആമ്മേന്‍

പുരോ: തമ്പുരാന്‍ ഞങ്ങള്‍ തന്‍ സോദര പൗരരെ
തന്‍ പിതൃ സ്‌നേഹത്തിലാനയിച്ചും
ഉന്നത മോഹങ്ങളൊക്കെ ഫലിപ്പിച്ചും
തന്നരുളട്ടെയനുഗ്രഹങ്ങള്‍

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍