സ്വര്‍ഗ്ഗാരോഹണ രഹസ്യം

സ്വര്‍ഗ്ഗാരോഹണ മഹോത്സവത്തിലും തുടര്‍ന്ന് പെന്തക്കൊസ്താ തിരുനാളിനു മുമ്പുള്ള ഇടദിവസങ്ങളിലും പ്രത്യേക ആമുഖഗീതിയില്ലാത്ത ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ.

പാപമൃതികളെ തന്റെ മരണത്താല്‍
കീഴടക്കീടിന ക്രിസ്തു നാഥന്‍

സ്വര്‍ഗ്ഗീയ ദൂതന്‍മാര്‍ വിസ്മയ സ്തബ്ധരായ്
നോക്കി നിന്നീടവേ വിണ്ണിലേറി

അത്യുന്നതന്റെ തിരുമുമ്പില്‍ മര്‍ത്യര്‍ക്കു
മദ്ധ്യസ്ഥനായി വസിച്ചീടുന്നു.

ലോകവിധിയാളാനായവന്‍ വാഴുന്നു
മാലാഖമാരുടെ നാഥനായും

പാവങ്ങള്‍ ഞങ്ങളെ വിട്ടുപേക്ഷിച്ചല്ല
പോയതു തമ്പുരാന്‍ മുമ്പുതന്നെ

ജീവനും ശീര്‍ഷവുമാണവന്‍ ഞങ്ങള്‍ക്കു
കേവലം ഞങ്ങളവയവങ്ങള്‍

തന്റെ ഗേഹത്തിലിടം തരും ഞങ്ങള്‍ക്കു
മെന്നവന്‍ നല്‍കിയുറപ്പുമുന്നേ.

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)