ഈശോയുടെ തിരുഹൃദയം: രക്ഷയുടെ സ്രോതസ്‌സ്

തിരുഹൃദയത്തിന്റെ സ്തുതിക്കായുള്ള ദിവ്യപൂജയില്‍ ഉപയോഗിക്കുന്നത്.

 

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

ക്രിസ്തുനാഥന്‍ ക്രൂശില്‍ ആത്മാര്‍പ്പണം ചെയ്ത്
നിസ്തുലം തന്‍സ്‌നേഹം ദൃശ്യമാക്കി

കുത്തിത്തുറന്ന ഹൃദയത്തില്‍ നിന്നിതാ
രക്തവും നീരും ചൊരിയുകയായ്

ദിവ്യഹൃദയമതാകുന്നുറവിടം
ദിവ്യ കൂദാശകള്‍ക്കെന്നു കാട്ടി

ഏവം ഞങ്ങള്‍ക്കായി തുറന്ന ഹൃദയത്തെ
സാമോദംതേടുന്നു മക്കള്‍ ഞങ്ങള്‍

രക്ഷതന്‍ സ്രോതസ്‌സില്‍ നിന്നും പാനം ചെയ്ത്
തൃപ്തിയെന്നെന്നും വരിച്ചിടുന്നു

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)