സന്ന്യാസജീവിതം : ക്രിസ്ത്വാനുകരണത്തിലൂടെയുള്ള ദിവ്യശുശ്രൂഷ

സന്യാസവ്രതവാഗ്ദാനാവസരങ്ങളില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

നിര്‍മ്മലസൂനുവാം കന്യകയില്‍നിന്ന്
മന്നില്‍ പിറന്നൊരാ ക്രിസ്തുനാഥന്‍

നിര്‍മ്മല മാനസരായോര്‍ക്ക് സൗഭാഗ്യ
സമ്മാനം വാഗ്ദാനം ചെയ്തുവല്ലോ

ധന്യമാം ജീവിതമാതൃകയില്‍ തന്നെ
കന്യാത്വശോഭ വെളിപ്പെടുത്തി

അങ്ങേ തിരുവുള്ളം എന്നും നിറവേറ്റി
സമ്മോദമോടെ മൃതി വരിച്ച്

ഏറ്റം വിനീതനായ് ക്രൂശില്‍ മരിച്ചവന്‍
ഏറ്റെടുത്തുതന്നില്‍ പൂര്‍ണ്ണയാഗം

സര്‍വ്വപരിത്യാഗം ജീവിതമാര്‍ഗ്ഗമായ്
സേവനമൂഴിയില്‍ ചെയ്യുന്നോര്‍ക്ക്

സ്വര്‍ഗ്ഗത്തിലക്ഷയഭാഗ്യമവിടുന്നു
വാഗ്ദാനവും മുന്നേ ചെയ്തുവല്ലോ

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)=