ക്രിസ്തുവിന്റെ മുന്നോടിയുടെ ദൗത്യം

വി. സ്‌നാപകയോഹന്നാന്റെ ദിവ്യപൂജയില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

ക്രിസ്തുനാഥന്‍തന്റെ മുന്നോടിയാകുവാന്‍
മര്‍ത്തൃരിലുത്തമനായ്പിറന്ന

സ്‌നാപക യോഹന്നാനെ ഞങ്ങള്‍ക്കേകിയ
താവക പ്രാഭവം വാഴ്ത്താം ഞങ്ങള്‍

ആസന്നനാകുമോ രക്ഷകന്‍ ഹേതുവായ്
മാതൃഗര്‍ഭത്തില്‍ കുതിച്ചുചാടി.

ഭൂതലത്തിന്നാകെ മോദം പരത്തിനാന്‍
ജാതനായ്ത്തീര്‍ന്നതുകൊണ്ടു വന്ദ്യന്‍

മുഖ്യ പ്രവാചകന്‍ സ്‌നാപക യോഹന്നാന്‍
കാട്ടീ ജനത്തിനു കുഞ്ഞാടിനെ.

ജ്ഞാനസ്‌നാനം പാരില്‍ സ്ഥാപിച്ചനാഥനു
ജോര്‍ദ്ദാനില്‍ വന്നവന്‍ സ്‌നാനമേകി

രക്ഷകന്നേശുവിന്നുജ്ജ്വലസാക്ഷ്യമായ്
രക്തസാക്ഷിത്വവും പുല്‍കിമോദാല്‍

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)