വിവാഹം : ദൈവികസ്‌നേഹത്തിന്റെ പ്രതീകം

വിവാഹപൂജയില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

സ്‌നേഹത്താലങ്ങുന്നു സൃഷ്ടിച്ച മര്‍ത്ത്യരെ
താവക സൃഷ്ടിയില്‍ ശ്രേഷ്ഠരാക്കി

സ്ത്രീയും പുരുഷനും സ്‌നേഹത്തിലൊന്നായി
മേവുമ്പോള്‍ ശോഭിപ്പൂ നിന്റെ സ്‌നേഹം

സ്‌നേഹപാരമ്യത്തില്‍ സൃഷ്ടിച്ച മര്‍ത്യരെ
നാകീയ സ്‌നേഹത്തില്‍ പങ്കുചേര്‍ക്കാന്‍

ജീവിതാന്ത്യംവരെ സ്‌നേഹത്തിലൊന്നിച്ചു
ജീവിക്കുവാനും ക്ഷണിച്ചുവല്ലോ

താവക നിസീമ സ്‌നേഹമാണല്ലോയീ
കൂദാശ തന്നില്‍ പ്രതിഫലിപ്പു

ഭൗതികമായൊരുടമ്പടിയിങ്ങനെ
ദൈവികമാക്കുവാന്‍ ചിത്തമായി

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)