ഭാഷാജാലം 22- ഇല്ലത്തുനിന്നിറങ്ങുകയും ചെയ്തു അമ്മാത്തെത്തിയതുമില്ല
അംബുജം എന്നാല്‍ താമരയാണെന്ന് എല്ലാവര്‍ക്കുമറിയാം. അംബുജം എന്നത് കവികള്‍ക്ക് വളരെയിഷ്ടപ്പെട്ട ഒരു പദമാണ്. പ്രാചീനകവികളില്‍ ആ പദം ഉപയോഗിക്കാത്തവരായി അധികംപേരില്ല. വേതാള കഥയില്‍, ‘കുളിക്കമൂലം പരിഗളിച്ച മഷികൊണ്ടു ജ്വലിച്ചംബുജങ്ങളെപ്പഴിക്കും നയനങ്ങള്‍’ എന്നു കാണാം.
അംബുജത്തിന് വേറെയും അര്‍ഥങ്ങള്‍ നോക്കുക: നീര്‍ക്കടമ്പ്, ആറ്റുവഞ്ഞി, ശംഖ്, ചിപ്പി, കുങ്കുമം, വണ്ടാരംകോഴി, കര്‍പ്പൂരം, ഉപ്പ്, വജ്രായുധം എന്നിങ്ങനെ പോകുന്നു അവ. അംബുജാകാമുകന് സൂര്യനാണെങ്കില്‍ അംബുജാനാഭന് പത്മനാഭനാണ്. അംബുജാനേത്രന് ശ്രീകൃഷ്ണന്. അംബുജാബാണന് കാമദേവന്. അംബുജയോനി ബ്രഹ്മാവ്. അംബുജവൈരി ചന്ദ്രനാകുന്നത് താമരയുടെ ശത്രു എന്ന നിലയിലാണ്.
അംബുജാക്ഷനും അംബുജാക്ഷിയും നമ്മുടെ നാട്ടുകാരാണല്ലോ. താമരപോലത്തെ സുന്ദരമായ കണ്ണുള്ളവനും കണ്ണുള്ളവളും.
സൂര്യനെ അംബുതസ്കരന്‍ എന്നു കൂടി വിളിക്കുന്നു. രശ്മികളാല്‍ ജലം അപഹരിക്കുന്നവനാണ് അംബുതസ്കരന്‍. വെള്ളം മോഷ്ടിക്കുന്നവനാണ് സൂര്യന്. അംബുദം മേഘമാണ്. വെള്ളത്തെ വഹിക്കുന്നത്. അംബുദി സമുദ്രം. ഭൂമിക്ക് അംബുധികാഞ്ചി എന്ന പേരുണ്ടായത് സമുദ്രത്തെ കാഞ്ചിപോലെ അണിയുന്നത് എന്ന അര്‍ഥത്തിലാണ്. അംഭോജവും അംഭോരുഹവും താമര തന്നെ. അംഭോധി സമുദ്രം.
അമ്മ എന്ന തനി ദ്രാവിഡപദം ലോകത്ത് പല ഭാഷാകുലങ്ങളിലും അല്പസ്വല്പവ്യത്യാസത്തോടെ ഉപയോഗിക്കുന്നു. തമിഴിലെ അമ്മൈ ആണ് മലയാളത്തില്‍ അമ്മ ആയത്. ശിശുക്കള്‍ ആദ്യമായി പുറപ്പെടുവിക്കുന്ന ‘അം’, ‘അ’ എന്നീ ശബ്ദങ്ങളില്‍നിന്ന് നിഷ്പാദിച്ചതാകാമെന്ന് ഡോ.ശൂരനാട് കുഞ്ഞന്‍പിള്ള പറയുന്നു. അപ്പാ, അമ്മാ എന്നീ ദ്രാവിഡ ശബ്ദങ്ങളുടെ ആദ്യസ്വരം ലോപിച്ചുണ്ടായ പാ, മാ എന്നീ രൂപങ്ങളോട് ‘തൃ’ പ്രത്യയം ചേര്‍ന്നുണ്ടായ ശബ്ദങ്ങളാണ് ആര്യഭാഷകളിലെ സമാനാര്ഥകങ്ങളായ പിതൃ, മാതൃ (ഇംഗ്ലീഷിലെ ഫാദര്‍, മദര്‍) ശബ്ദങ്ങളെന്നും അദ്ദേഹം പറയുന്നു. തമിഴില്‍ തള്ള, തായ്, പെറ്റവള്‍, പ്രസവിച്ച സ്ത്രീ എന്നിങ്ങനെയും അമ്മയ്ക്ക് അര്‍ഥമുണ്ട്. പര്യായം: മാതാവ്, ജനയിത്രി, ജനനി, പ്രസു.
ആദ്യമഹാകാവ്യമായ രാമചരിതത്തില്‍, ‘ അമ്മചൊല്ലാല്ത്തെളിന്തിങ്ങു പോന്നതെന്തെന്നൊരു നിനവുള്ളിലില്ലേ തെല്ലും” എന്ന സുന്ദരമായ ചോദ്യം കാണാം. അധ്യാത്മരാമായണത്തിലെ വരികള്‍ നോക്കുക: ‘ അച്ഛനങ്ങെന്തുള്ളിലിച്ഛയെന്നാലതിങ്ങിച്ഛയെന്നങ്ങുറച്ചീടേണമമ്മയും”. കടംകഥകളിലും പഴഞ്ചൊല്ലുകളിലും അമ്മ നിറയുന്നുണ്ട്. ഒരു കടംകഥ: അമ്മ കിടക്കും മകളോടും (അമ്മിയും കുഴവിയും). പലതിനോടും അമ്മ സമാസിക്കുന്നത് കാണുക: അക്കമ്മ, അമ്മൂമ്മ, ഇളയമ്മ, വലിയമ്മ, കുഞ്ഞമ്മ, ചിറ്റമ്മ, കൊച്ചമ്മ, പെറ്റമ്മ, പേരമ്മ, മൂത്തമ്മ. ബഹുമാന സൂചകമായി സ്ത്രീകളെ അമ്മ എന്നു വിളിക്കും. ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ മാതാവ്. ഈശ്വരി, ഭഗവതി, പാര്‍വതി, ധര്‍മ്മദേവത, ഭദ്രകാളി എല്ലാവരും അമ്മ തന്നെ. കൊടുങ്ങല്ലൂരമ്മ, മണ്ടയ്ക്കാട്ടമ്മ എന്നിവ. കന്യാസ്ത്രീ, മഠാധ്യക്ഷ എന്നിവരെയും അമ്മ എന്നു വിളിക്കാറുണ്ട്. ചില ജാതികളിലെ സ്ത്രീകളുടെ പേരിനോടു ചേര്‍ത്തുപറയുന്ന ഒരു ഉപനാമമാണ് അമ്മ. ഉദാ: ചിന്നമ്മ, ചെല്ലമ്മ, തങ്കമ്മ, ലക്ഷ്മിയമ്മ, സാറാമ്മ. വടക്കന്‍ പാട്ടിലെ കാവിലും ചാത്തോത്തു ചീരുവമ്മയെ അറിയാമല്ലോ. രാജകുടുംബത്തിലെ പ്രായമുള്ള സ്ത്രീകളെയും രാജമാതാവിനെയുമെല്ലാം അമ്മത്തമ്പുരാട്ടി, അമ്മത്തമ്പുരാന്, അമ്മപ്പണ്ടാരത്തില് എന്നിങ്ങനെ വിളിക്കും. അമ്മപെങ്ങന്മാര് എന്ന പ്രയോഗം നമുക്കിടയില്‍ സാധാരണമാണല്ലോ.
ഇനി അമ്മ ചേര്‍ന്നു വരുന്ന ചില രസകരമായ പദങ്ങള്‍ കൂടിയുള്ളതു നോക്കാം.അമ്മച്ചി എന്നത് ബഹുമാനസൂചകത്തോടെ അമ്മയെ വിളിക്കുന്നതാണ്. വയസ്സായ സ്ത്രീകളെയാണ് അങ്ങനെ വിളിക്കുക. പ്രഭുത്വമുള്ള നായര്‍ സ്ത്രീകളെ പരാമര്‍ശിക്കാന്‍ ഉപയോഗിച്ചിരുന്ന പദംകൂടിയാണ് അമ്മച്ചി. തിരുവിതാംകൂറില്‍ രാജഭാര്യയെ അമ്മച്ചി എന്നു വിളിച്ചു. ‘അങ്ങുന്നു തമ്പുരാനാകുമ്പം കൊച്ചമ്മ അമ്മച്ചിയാകും’ എന്ന് മാര്‍ത്താണ്ഡവര്‍മ്മ നോവലില്‍ പറയുന്നു. ‘ഇന്ദുലേഖ’യില്‍ എഴുതുന്നതു നോക്കുക: ” തിരുവനന്തപുരത്ത് പൊന്നുതമ്പുരാന് കൂടി ഇന്ദുലേഖയെ അമ്മച്ചിയാക്കി കൊണ്ടുപോകുവാന്‍ ആലോചനയുണ്ടെന്നാണ് കേട്ടിട്ടുള്ളത്.”
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോകാന്‍ വ്രതമെടുത്തവരെ അമ്മച്ചി എന്നാണ് വിളിച്ചിരുന്നത്;അതാണായാലും പെണ്ണായാലും അമ്മച്ചിതന്നെ.
അമ്മണം എന്നാല്‍ വ്യഭിചാരം, വേശ്യാവൃത്തി, നഗ്നത എന്നിങ്ങനെ അര്‍ഥവികാസം. അര, കടിപ്രദേശം എന്നിങ്ങനെയും അമ്മണത്തിന് അര്‍ഥമുണ്ട്. പണ്ട് തിരുവിതാംകൂറില്‍ അമ്മണപ്പൊന് എന്ന പേരില്‍ നികുതി ചുമത്തിയിരുന്നു. ഇതു വേശ്യാവൃത്തിക്കു നല്‍കേണ്ട നികുതിയാണെന്നു വേണം കരുതാന്‍. സ്ത്രീകളുടെ അരക്കെട്ടിന് അമ്മണി എന്നു പറഞ്ഞിരുന്നു.
ഭഗവതി, ദേവി, ഗ്രാമദേവത എന്നിവര്‍ അമ്മന്‍ എന്നറിയപ്പെട്ടു. അമ്മന്തുള്ളുക എന്നാല്‍ വെളിച്ചപ്പെടുക. അമ്മന്‍കോവിലുകളില്‍ വഴിപാടായി എഴുന്നള്ളിക്കുന്ന അലങ്കരിച്ച കുടമാണ് അമ്മന്‍കുടം. അമ്മന്‍കൊട എന്നാല്‍ അമ്മന്‍കോവിലുകളിലെ ഉത്സവം. ‘മാര്‍ത്താണ്ഡവര്‍മ്മ’യില്‍ സി.വി.രാമന്‍പിള്ള എഴുതുന്നു: ‘ ഊട്ട്, പാട്ട്, ഉരുവംവയ്പ്, അമ്മന്‍കൊട, കുരുതി, ചാവൂട്ട് മുതലായ ജുഗുപ്സാവഹമായുള്ള ദുര്‍ദ്ദേവതാരാധനം പൂര്‍വ്വകാലങ്ങളിലെ ആചാരാവിഷ്ടങ്ങളാണ്.”
അമ്മയുടെ അമ്മയാണ് അമ്മാമ്മ, അമ്മൂമ്മ. അമ്മയകം അമ്മാത്താണ് (അമ്മയുടെ വീട്). ബ്രാഹ്മണ സ്ത്രീയാണ് അമ്മയാര്. അമ്മിയാര്‍, അമ്യാര് എന്നിങ്ങനെ രൂപഭേദങ്ങളും. അമ്മയാര്‍കൂന്തല്‍ തിരുപ്പന്താളി എന്ന ചെടി. അമ്മവിളയാട്ടം പണ്ട് വസൂരി ബാധയ്ക്ക് പറഞ്ഞിരുന്നത്. അമ്മന്റെ കോപംകാരണം ഉണ്ടാകുന്നു എന്ന വിശ്വാസത്തില്‍നിന്നാണ് ഈ പദം. തിരുവിതാംകൂറില്‍ അമ്മവീട് എന്നാല്‍ രാജാവിന്റെ ഭാര്യാഗൃഹം എന്നായിരുന്നു അര്‍ഥം. ഐതിഹ്യമാലയില്‍ ഇങ്ങനെ പറയുന്നു: ” മഹാരാജാവ് തിരുമനസ്സുകൊണ്ടു കല്പിച്ച് അമ്മച്ചിക്കു പുത്തനായി പണിയിച്ചുകൊടുത്ത അമ്മവീട്ടിന്റെ വാസ്തുബലിയും പാലുകാച്ചുമായി..”
അമ്മശ്ശാസ്ത്രം എന്നാല്‍ അമ്മൂമ്മക്കഥ, ഐതിഹ്യം, പഴങ്കഥ എന്നെല്ലാം. അമ്മാച്ചന് അമ്മാവന്‍തന്നെ. വയസ്സന്, മൂപ്പില്‍ എന്നിവരും അമ്മാച്ചന്തന്നെ. അമ്മാഞ്ചി എന്നൊരു വാക്കുണ്ടായിരുന്നു. തമിഴ് ബ്രാഹ്മണരുടെയിടയില്‍ അമ്മാവന്റെ മകനാണ് അമ്മാഞ്ചി. .മന്ദബുദ്ധി, മടയന് എന്നിവരെയും അമ്മാഞ്ചി എന്നു വിളിക്കും. അമ്മാഞ്ചി ചട്ണി എന്നൊരു ചമ്മന്തിയുണ്ട്. തേങ്ങ, മാങ്ങ, പച്ചമുളക്, ജീരകം, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തരച്ച് തൈരില്‍ കലക്കി കടുകുവറുത്ത് ഉണ്ടാക്കുന്നതാണ് അമ്മാഞ്ചിച്ചമ്മന്തി.
അമ്മാടിയടിപ്പ് എന്നൊരു ആചാരമുണ്ട്. വയസ്സായവരുടെ മരണത്തില്‍ ദു:ഖം പ്രകടിപ്പിക്കാന്‍ സഞ്ചയനം വരെ സ്ത്രീകള്‍ അനുഷ്ഠിച്ചുവന്ന ഒരു ആചാരം. അഞ്ചെട്ടു സ്ത്രീകള്‍ വട്ടത്തില്‍നിന്ന് തലമുടി അഴിച്ചിട്ട് രണ്ടുകൈയും വീശി നെഞ്ചത്തടിച്ച് ‘അമ്മാടി തായാരേ വൈകുണ്ഠം പോയാരേ..” എന്നിങ്ങനെ നിലവിളിക്കും.
അമ്മാണിയിമ്മാണി എന്നാല്‍ അല്പസ്വല്പം. അമ്മ ജനിച്ച കുടുംബമാണ് അമ്മാത്ത്. മലയാളബ്രാഹ്മണരായ നമ്പൂതിരിമാരുടെ ഇടയിലാണ് സാധാരണ അമ്മാത്ത് എന്നുപറയുന്നത്. ഇല്ലത്തുനിന്നിറങ്ങുകയുംചെയ്തു അമ്മാത്തെത്തിയതുമില്ല എന്നൊരു പഴഞ്ചൊല്ലുണ്ട്.
Leave a Reply