അമ്മാനം, അമ്മാനയാടുക, അമ്മാനമാടുക എന്നിങ്ങനെയുള്ള പദപ്രയോഗങ്ങള്‍ മലയാളത്തില്‍ സാധാരണമാണ്. രാമചരിതത്തില്‍ ‘ മാമലൈയുമൊക്കെടുത്തുടനമ്മാനയാടി വന്നു’ എന്നു ചീരാമകവി എഴുതുന്നു. അമ്മാന എന്നത് ഒരു കുരുവാണ്. അമ്മാനയാടുന്നതിന് ഉപയോഗിക്കുന്ന ഉരുണ്ട കുരു. ഉരുണ്ട വസ്തുക്കളെ ഒന്നിനുമേല്‍ മറ്റൊന്നായി മുകളിലേക്കെറിഞ്ഞ് താഴെവീഴുമ്പോള്‍ പിടിച്ച് വീണ്ടും വീണ്ടും മുകളിലേക്ക് എറിഞ്ഞുള്ള ഒരു കളിയാണിത്.
‘ കൈലാസശൈലമിളക്കിയെടുത്തുടന്‍ ആലോലം അമ്മാനമാടിയ കാരണം” എന്ന് അധ്യാത്മരാമായണത്തില്‍ എഴുത്തച്ഛനെഴുതുന്നു. അമ്മാനയാടുമ്പോള്‍ പാടുന്ന പാട്ടാണ് അമ്മാനപ്പാട്ട്. അമ്മാനയാട്ടം, അമ്മാനക്കളി എന്നിങ്ങനെ പല പ്രയോഗങ്ങള്‍ അതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നു.
അമ്മാമന്‍, അമ്മാവന്‍ എന്നെല്ലാം മലയാളികള്‍ക്ക് ചിരപരിചിതമായ പദങ്ങളുടെ രൂപഭേദങ്ങള്‍. ദ്രാവിഡ പദമാണിത്. മിക്ക ദ്രാവിഡഭാഷകളിലും സമാനമായ പദങ്ങളുണ്ട്. മാമ എന്ന സംസ്‌കൃതശബ്ദത്തിനൊപ്പം ‘അന്‍’ പ്രത്യയം ചേര്‍ന്നാണ് മാമന്‍ എന്ന പദമുണ്ടായതെന്ന് പണ്ഡിതന്മാര്‍ കരുതുന്നു. അമ്മയുടെ സഹോദരന്‍ എന്ന വ്യുത്പത്തിയാണ് ആദരണീയം എന്ന് ഡോ.ശൂരനാട് കുഞ്ഞന്‍പിള്ള കരുതുന്നു. ” നിര്‍മ്മായപ്രേമം പൂണ്ടമ്മാമന്‍ തന്നെയും അമ്മയെത്തന്നെയുമവ്വണ്ണമേ..” എന്ന് കൃഷ്ണഗാഥ.
പയ്യന്നൂരിലും മറ്റും മരുമക്കത്തായം അനസരിക്കുന്ന ചില നമ്പൂതിരി കുടുംബക്കാരുടെ സ്ഥാനപ്പേരായും അമ്മാമന്‍ ഉപയോഗിക്കുന്നുണ്ട്. അമ്മയുടെയോ അച്ഛന്റെയോ അമ്മയെ അമ്മാമ്മ എന്നു വിളിക്കുന്നു. അമ്മാമി, അമ്മാവി എന്നീ രൂപഭേദങ്ങളുള്ള അമ്മായി അമ്മാവന്റെ ഭാര്യയാണ്. സംസ്‌കൃതത്തില്‍ മാതുലാനി, മാതുലി എന്നൊക്കെ പറയും. ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ അമ്മയക്കും അമ്മായി എന്നുതന്നെ പേര്. അമ്മായി ചേര്‍ന്ന കുറെ വാക്കുകള്‍ മലയാളത്തിലുണ്ട്.
അമ്മായിചമയുക എന്നൊരു ശൈലിയുണ്ടായിരുന്നു. അമ്മായി അല്ലാത്ത സ്ത്രീ അമ്മായിയെപ്പോലെ അധികാരം നടിക്കുന്നതാണ് അത്. അമ്മായപ്പഞ്ചതന്ത്രം എന്നൊരു തന്ത്രം പണ്ടുണ്ടായിരുന്നു. മരുമക്കത്തായ കുടുംബങ്ങളില്‍ കാരണവരെ വശീകരിക്കുന്നതിന് അമ്മായിമാര്‍ പ്രയോഗിച്ചിരുന്ന തന്ത്രങ്ങളെയാണ് അമ്മായിപ്പഞ്ചതന്ത്രം എന്നു പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞിട്ട് വരന്‍ അമ്മായിക്ക് കൊടുക്കുന്ന പണമാണ് അമ്മായിപ്പണം. അവിട്ടംനാളിലാണ് അമ്മായിയോണം. ഓണത്തിന് അമ്മായി ഭര്‍ത്തൃഗൃഹത്തില്‍ വിരുന്നുപോകുന്ന ദിവസമാണ് അമ്മായിയോണം. വള്ളുവനാട്ടിലും മറ്റും അവിട്ടത്തിന് അമ്മായിയെ ഭര്‍ത്തൃഗൃഹത്തില്‍ കൊണ്ടുപോകണമെന്ന ആചാരമുണ്ട്. തെറിശ്ലോകം അറിയപ്പെടുന്നത് അമ്മായിശ്ലോകം എന്നാണ്. അമ്മായിയപ്പന്‍, അമ്മായിയമ്മ എന്നതൊക്കെ എല്ലാവര്‍ക്കും അറിയാമല്ലോ.

സുറിയാനി ക്രിസ്ത്യാനികളുടെയിടയില്‍ അമ്മായിനില്പ് എന്നൊരു ചടങ്ങുണ്ട്. വിവാഹത്തിന്റെ നാലാംനാള്‍ വരന്‍ സുഹൃത്തുക്കളോടൊത്ത് മണിയറ അടച്ച് അകത്തിരിക്കുമ്പോള്‍ വധുവിന്റെ അമ്മ ചെന്ന്, സ്വര്‍ണവും മറ്റും തരാം, വാതില്‍തുറന്ന് വാടാ മോനേ എന്ന മട്ടില്‍ പാട്ടും പാടി വാതില്‍ക്കല്‍ നില്‍ക്കുന്ന ചടങ്ങാണിത്. അമ്മായിയമ്മപ്പോര് കുപ്രസിദ്ധമാണല്ലോ. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള കലഹമാണത്.
അമ്മാര്‍, അമ്മാള്‍ എന്നൊക്കെ പറയുന്നത് അമ്മ തന്നെ. അമ്മയ്ക്കുതുല്യം ബഹുമാനിക്കപ്പെടേണ്ട സ്ത്രീ എന്ന അര്‍ഥത്തിലും അമ്മാള്‍ എന്നും പറയും. ചില ജാതിയിലുള്ള സ്ത്രീകളുടെ പേരിനൊപ്പം ചേര്‍ത്തുപറയുന്നതിനും ഇതുപയോഗിക്കും. ഉദാ: ഗോമതി അമ്മാള്‍. ഗൗരിയമ്മാള്‍, വള്ളിയമ്മാള്‍. ചില സമുദായക്കാരുടെയിടയില്‍ അമ്മയെ അമ്മി എന്നും വിളിക്കും. അരകല്ല്, തള്ളക്കല്ല് എന്നിവയെല്ലാം അരയ്ക്കാന്‍ ഉപയോഗിക്കുന്നതാണ്. കീഴ്ക്കല്ലിനെ തള്ളക്കല്ലായും (അമ്മിക്കല്ല്) മുകളിലത്തെ ഉരുണ്ട കല്ലിനെ പിള്ളക്കല്ലായും (കുഴവി) കരുതുന്നു. കുഴവിക്ക് അമ്മിക്കുട്ടി എന്നും പറയും. ‘അമ്മാവിയമ്മയെ അമ്മിമേല്‍വച്ചിട്ട് നല്ലോരു കല്‍കൊണ്ട് നാരായണാ..’ എന്നൊരു പഴഞ്ചൊല്ല് ഉണ്ടാക്കിയ മരുമകള്‍ ആരാണോ/ കാര്യസാധ്യത്തിന് അതിസാഹസം ചെയ്യുന്നതിനെ അമ്മികുമ്മി ചാടുക എന്നുപറയും. അമ്മിചവിട്ടുക എന്നൊരു മംഗളകര്‍മം ബ്രാഹ്മണരുടെയിടയില്‍ ഉണ്ട്. വിവാഹശേഷം വരന്‍ വധുവിന്റെ വലത്തുകാല്‍ പിടിച്ച് അമ്മിമേല്‍ ചവിട്ടിക്കുന്നു. ആ അമ്മിക്കല്ലുപോലെ സ്ഥിരവ്രതയായിരിക്കണം എന്നാണത്രെ ഉദ്ദേശ്യം.
അമ്മിഞ്ഞ, അമ്മിഞ്ഞി എന്നിവയൊക്കെ എന്തെന്നറിയാത്തവരില്ലല്ലോ. ബാലഭാഷയിലാണ് അമ്മയുടെ മുലയ്ക്ക് അമ്മിഞ്ഞി എന്ന പേരുവന്നത്. ഇരുതലമൂരി എന്ന ഇഴജന്തുവിന് എങ്ങനെയാണ് അമ്മിഞ്ഞകുടിയന്‍ എന്ന പേരു വന്നതെന്ന് അറിയില്ല. വാത്സല്യസൂചകമായി ചെറുപ്പക്കാരനെ അമ്മിണന്‍ എന്നും യുവതിയെ അമ്മിണി എന്നും വിളിക്കും. അമ്മു എന്നത് സ്ത്രീനാമമാണല്ലോ. വാത്സല്യത്തോടെ പെണ്‍കുട്ടിയെ വിളിക്കുന്നതില്‍ നിന്നുണ്ടായതാണ്. അമ്മയുടെ അമ്മ അമ്മൂമ്മയാണെങ്കില്‍ അമ്മൂമ്മപ്പഴം തെറ്റിപ്പഴമാണ്. പഴുക്കുമ്പോള്‍ രക്തവര്‍ണമുണ്ടാകുന്ന പഴം.