തമിഴില്‍ അലവല എന്നാല്‍ കീറിപ്പറിഞ്ഞ എന്നാണ് അര്‍ഥം. ഉള്ളൂര്‍ പരമേശ്വരയ്യരുടെ ‘അംബ’ എന്ന ഗദ്യനാടകത്തില്‍ ഇങ്ങനെ പറയുന്നു: ‘എന്റെ ശരീരമാകുന്ന പഴന്തുണി എനിക്കിനി ഒരു ക്ഷണംപോലും ഉടുക്കാന്‍ കൊള്ളുകയില്ല; അത്രമേല്‍ അഴുക്കുപുരണ്ട് അലവലയായിപ്പോയി”. നിസ്സാരന്‍, ഇരപ്പാളി എന്നൊക്കെയുള്ള രീതിയില്‍ നമ്മള്‍ ചിലരെ അലവലാതി എന്നു വിളിക്കാറുണ്ടല്ലോ. അലവലജാതി രൂപം മാറിയതാണത്രെ അലവലാതി. അലവല വസ്ത്രം ധരിച്ചവനെയാണ് പണ്ട് അങ്ങനെ വിളിച്ചിരുന്നത്.
അലവാങ്ക് എന്ന ഒരു ഗോതമ്പു പലഹാരം തിരുവനന്തപുരത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ ഇപ്പോഴും കിട്ടും. ആ വാക്ക് എങ്ങനെ വന്നു എന്നുതിരയാന്‍ നിഘണ്ടു നോക്കിയപ്പോള്‍ അങ്ങനെ ഒരു പലഹാരമില്ല. പക്ഷേ, വാക്കുണ്ട്. ഇരുമ്പുപാര എന്നാണ് അര്‍ഥം. പലഹാരം ഇരുമ്പുപോലെ കട്ടിയുള്ളതാണ്. അങ്ങനെയാണോ ചില ഗ്രാമീണര്‍ അതിനെ അലവാങ്ക് എന്നു വിളിച്ചത്?
അലവാച്ചിയുടെ തമിഴിലെ അര്‍ഥം രസമുള്ളതാണ്. അലവ് എന്നാല്‍ ആണ്‍പന. കാച്ചി കാച്ചത്. ആണ്‍പനക്കൂമ്പിനെയാണ് അലവാച്ചി എന്നുവിളിക്കുന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ അലുവാച്ചി എന്നും രൂപഭേദമുണ്ട്. അലപ്പും ശണ്ഠയുമാണ് അലശണ്ഠ.
അലസ എന്ന വിശേഷണത്തിന് ഉത്സാഹമില്ലാത്ത, ഉന്മേഷമില്ലാത്ത, ചൊടിയില്ലാത്ത, മടിയുള്ള എന്നിങ്ങനെ അര്‍ഥങ്ങള്‍. അലസന്നവസാനമല്ലലല്ലോ.. എന്ന് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍. വയറ്റിലെ ദഹനക്കേടാണ് അലസകം. കാല്‍വിരലുകള്‍ക്കിടയിലുണ്ടാകുന്ന വ്രണമായ വളംകടിക്ക് അലസം എന്നു പറയും. അലസത ഉത്സാഹമില്ലായ്മയും മാന്ദ്യവുമൊക്കെയാണ്. നളചരിതം ആട്ടക്കഥയില്‍ ”അലസതാവിലസിതമതിനാല്‍ ഞാനുറങ്ങിനേന്‍” എന്നു പാടുന്നു. അലസല്‍ എന്നാല്‍ ഗര്‍ഭമലസല്‍ തന്നെ. ഗര്‍ഭം അഴിഞ്ഞുപോകല്‍.
അലറല്‍, അലറുക എന്നിവയും തനി തമിഴ്. ഗര്‍ജിക്കുക, ഉച്ചത്തില്‍ പേടിയുണ്ടാക്കുന്ന വിധം ശബ്ദിക്കുക-ഇവയാണ് അലറല്‍. ക്രൂരമൃഗങ്ങള്‍, സമുദ്രം, മേഘം എന്നിവയൊക്കെ അലറാറുണ്ട്. മേഘത്തിന്റെ അലര്‍ച്ചയാണ് ഇടി. ‘സ്മരണമണ്ഡലം’ എന്ന കൃതിയില്‍ പറയുന്നതുനോക്കുക: ‘ക്ലാസില്‍ ആട്ടക്കഥ പാടുകയും ആടുകയും അലറുകയുമൊക്കെ ചെയ്യുന്നത് അസാധാരണമല്ല”. ആദ്യമഹാകാവ്യമായ രാമചരിതത്തില്‍ ‘അണ്ടമിളകുംപടിയരക്കനലറക്കേട്ടു’ എന്നു പ്രയോഗിച്ചിരിക്കുന്നു.
ഹലാക് എന്ന അറബി പദത്തില്‍നിന്ന് മലയാളത്തില്‍ വന്ന അലാക്കിന് കൊല, നശിപ്പിക്കല്‍ എന്നൊക്കെയാണ് അര്‍ഥങ്ങള്‍. അലാരം വാതില്‍ ആണെങ്കില്‍ അലാരിപ്പ് ഭരതനാട്യത്തിന്റെ തുടക്കത്തിലെ ഒരുതരം നൃത്തമാണ്. മാതൃഭൂമി പത്രത്തില്‍ പണ്ടുവന്ന ഒരു റിപ്പോര്‍ട്ടില്‍ ഭരതനാട്യത്തിലെ അലാരിപ്പ് കഴിഞ്ഞ ഉടനെ രാവണന്റെ തിരപ്പുറപ്പാടാണ്’ എന്നു കണ്ടു.
ഇംഗ്ലീഷില്‍നിന്ന് നാം സ്വന്തമാക്കിയതാണ് അലാറം. അപായസൂചന എന്ന അര്‍ഥത്തില്‍ ആ ഭാഷയിലെ അലാം ആണ് നമ്മള്‍ മറ്റൊരര്‍ഥത്തില്‍ അലാറം ആക്കിയത്. ഉറങ്ങുന്നവരെ ശബ്ദമുണ്ടാക്കി ഉണര്‍ത്താനാണല്ലോ ടൈംപീസിലും മൊബൈല്‍ ഫോണിലുമെല്ലാം അലാറം വയ്ക്കുന്നത്. ഉള്ളൂരിന്റെ ഉമാകേരളത്തില്‍ ‘ ഉറക്കെ മൂളും മണിതന്നലാറമുറക്കമാളും നരരെക്കണക്കെ’ എന്നെഴുതിയിരിക്കുന്നു. സി.വി.രാമന്‍പിള്ളയുടെ ‘ചെറുതേന്‍ കൊളംബസ്’ എന്ന പ്രഹനസനത്തില്‍ പറയുന്നതു നോക്കുക: ” അപ്പോള്‍ അലാറം താക്കോല്‍ ശരിക്കുശരിയെ ഘിടുഘിടുപ്പിച്ചു’. സി.വി തന്ന വാക്കുകൊള്ളാം, ഘിടുഘിടു.
മലയാളത്തില്‍ രണ്ട് അലി ഉണ്ട്. ഒന്ന് തമിഴില്‍നിന്നു വന്ന അലി. ആണുംപെണ്ണുമല്ലാത്ത വ്യക്തിയാണ് തമിഴില്‍നിന്നു വന്ന അലിയെങ്കില്‍, അറബിയില്‍നിന്നു വന്ന അലി ശ്രേഷ്ഠന്‍. മുഹമ്മദ് നബിയുടെ ജാമാതാവിന്റെ പേര് അലി എന്നാണ്. ഖലീഫമാരില്‍ നാലാമനാണ് അലി. അറബിയിലെ കാതിലിടുന്ന ഹല്‍ക്കത്ത്് നമുക്ക് അലിക്കത്ത് ആയി. മുസ്ലിം സ്ത്രീകള്‍ മേല്‍ക്കാതില്‍ അണിയുന്ന ഇതിന് അലിക്കുത്ത് എന്നും പറയും. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാല സഖി’യില്‍ പറയുന്നത്: ” പഴുത്തു തുളകള്‍ ഉണങ്ങുമ്പോള്‍ നൂലഴിച്ച് ഊരിക്കളഞ്ഞ് വെളളി അലിക്കത്ത് ഇടുമെന്നും, അതുകഴിഞ്ഞ് കല്യാണത്തിനു വെളളി അലിക്കത്തു മാറ്റി സ്വര്‍ണ്ണ അലിക്കത്താക്കുമെന്നും മജീദിന് അറിയാമായിരുന്നു”.