ഐന്തു എന്ന തമിഴ്പദത്തില്‍നിന്നാണ് മലയാളത്തില്‍ അഞ്ച് വന്നത്. ഐവര്‍ തുടങ്ങിയ വാക്കുകളില്‍ അതു പണ്ടേയുണ്ടായിരുന്നു. അഞ്ചുചേര്‍ത്തുള്ള നിരവധി പദങ്ങള്‍ മലയാളത്തില്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്.
അഞ്ച് മലയാളികളുടെ ജീവിതത്തില്‍ പ്രത്യേകത ഉള്ളതാണ്. അഞ്ച് അഗ്നികള്‍ക്കു പുറമെ അഞ്ച് മറ്റൊരു ഗണത്തിലുംപെടുന്നു. ദ്യുലോകം, പര്‍ജ്ജന്യന്‍, പൃഥ്വിവി, പുരുഷന്‍, യോഷിത്ത് എന്നിവ അഞ്ചിനുപുറമെ, അച്ഛന്‍, അമ്മ, ആത്മാവ്, അഗ്നി, ഗുരു എന്നിങ്ങനെ അഞ്ചും പരമപ്രധാനം.
അഞ്ചടിയന്തരം തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ പ്രധാനമാണ്. ആണ്ടുതോറുമുള്ളതാണ് അഞ്ചടിയന്തരങ്ങള്‍. തുലാം, മീന മാസങ്ങളിലെ രണ്ട് ഉത്സവങ്ങള്‍, മകരശ്രീബലിക്കും കര്‍ക്കടക ശ്രീബലിക്കുമുള്ള രണ്ടു ഭദ്രദീപങ്ങള്‍, തിരുവിതാംകൂര്‍ മഹാരാജാവിന്റെ ആട്ടത്തിരുനാള്‍ എന്നിവാണ് അഞ്ച് അടിയന്തങ്ങള്‍.
മാംസത്തില്‍ അഞ്ചടുക്കുകളുള്ള ഒരിനം മീനിനെ അഞ്ചടുക്കുമീന്‍ എന്നു വിളിച്ചിരുന്നു. പഞ്ചബാണന് മലയാളത്തില്‍ അഞ്ചമ്പന്‍ എന്നു പറയും. താമര, അശോകം, ചൂതം,നവമാലിക, നീലോത്പലം എന്നിവാണ് അഞ്ചുപുഷ്പങ്ങള്‍. ഇവ അമ്പായിട്ടുള്ളവന്‍ കാമദേവന്‍.

അഞ്ചമ്മാര്‍കള്‍ പഴയ പ്രയോഗമാണ്. അഞ്ച് അമ്മമാര്‍കള്‍. കോഴിക്കോട് സാമൂതിരിമാരുടെ കൊട്ടിച്ചെഴുന്നള്ളത്തില്‍ മുന്നില്‍ ജലം തളിച്ചുകൊണ്ടു നടക്കുന്ന അഞ്ചു സ്ത്രീകളെ വിളിച്ചിരുന്നത് അങ്ങനെയാണ്.
അഞ്ചുമായി അഞ്ചലിന് ബന്ധമില്ലാത്തതിനാല്‍ അതുമായി ബന്ധപ്പെട്ട പദങ്ങള്‍ വിടുന്നു.
അഞ്ചാംകെട്ട് എന്നാല്‍ നാലുകെട്ടിന് പുറത്തുള്ള പുര. ചാവടി എന്നും പറയും. മോശപ്പെട്ട സാധനം അഞ്ചാംതരം.
അഞ്ചാംപട്ടം എന്നത് പൂര്‍ണശെമ്മാശപട്ടത്തിന് തൊട്ടുതാഴെയുള്ളത്. അഞ്ചാംപത്തി എപ്പോഴും കേള്‍ക്കുന്നതാണ്. സ്വന്തംപക്ഷത്തു നില്‍ക്കുകയും ശത്രുക്കള്‍ക്ക് നമ്മെ ഒറ്റുകൊടുക്കുകയും ചെയ്യുന്നവരെയാണ് അങ്ങനെ പറയുന്നത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ എന്ന കൃതിയില്‍, ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ ബ്രിട്ടന്റെ അഞ്ചാംപത്തി എന്നു വിളിച്ചത് വളരെ ശരിയാണെന്ന് പറഞ്ഞിട്ടുണ്ട്. ഫിഫ്ത് കോളന്‍ എന്ന ഇംഗ്ലീഷ് വാക്കിന്റെ തര്‍ജമയായി ഉപയോഗിക്കുന്നു. സ്‌പെയിനിലെ ആഭ്യന്തരയുദ്ധകാലത്ത് നാലുപത്തിയുമായി ആക്രമണത്തിനു ചെന്നപ്പോള്‍, അവരോട് ആനുകൂല്യമുള്ള ഒരു കൂട്ടര്‍ നഗരത്തിനകത്തും ഉണ്ടെന്ന് സൈന്യാധിപന്‍ ഫ്രാങ്കോ അവകാശപ്പെട്ടത്രെ. ഇതില്‍ നിന്നാണ് ഈ പ്രയോഗം ഉണ്ടാകുന്നത്.
അഞ്ചാംകെട്ട് പോലെ അഞ്ചാംപുരയും പഴയ നാലുകെട്ടിലുണ്ടായിരുന്നു. അടുക്കള, അടുക്കളക്കലവറ ഇതെല്ലാം ഇവിടെയായിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് കുപ്രസിദ്ധമായി അഞ്ചാംപുര. നാലുകെട്ടിന് പുറത്തുള്ള ഈ പുരയിലാണ് ചാരിത്ര്യദോഷം ആരോപിക്കപ്പെട്ട നമ്പൂതിരിസ്ത്രീകളെ പാര്‍പ്പിച്ചിരുന്നത്. സ്മാര്‍ത്തവിചാരത്തിനുമുമ്പുള്ള ഒരു തടങ്കല്‍.
നാലുവേദങ്ങള്‍ക്കുപുറമെയുള്ള വേദത്തിന് അഞ്ചാംമറ എന്നു പറയുന്നു. മഹാഭാരതമാണ് അഞ്ചാംവേദം. പഴയ കുടിപ്പള്ളിക്കൂടങ്ങളില്‍ കുട്ടികളെ കെട്ടിത്തൂക്കി അടിച്ചിരുന്നു വാധ്യാന്മാര്‍. അതിനായി കെട്ടിയിരുന്ന കയറിനെ അഞ്ചാല്‍ എന്നു വിളിച്ചിരുന്നു.
അഞ്ചിക്കൈമള്‍ എന്നത് എറണാകുളവും പരിസരത്തിന്റെയും പഴയ പേരാണ്. അഞ്ചു കൈമള്‍മാരുടെ വകയായിരുന്നത്രെ. ഒരു ചുംബനരീതിക്ക് അഞ്ചിതം എന്നു പറഞ്ഞിരുന്നു. അഞ്ച്പിരിവുള്ള ഇലകളുള്ള താളി അഞ്ചിലത്താളി. തീണ്ടാരി ആയി അഞ്ചാംനാളത്തെ കുളിക്ക് അഞ്ചുകുളി. അഞ്ചുതമ്പ്രാക്കള്‍ എന്നറിയപ്പെടുന്നത് തെക്കന്‍തിരുവിതാംകൂറില്‍ പഞ്ചപാണ്ഡവരെയാണ്. ഇവിടത്തെ ഒരു വില്ലടിച്ചാന്‍ പാട്ടിനും അഞ്ചുതമ്പുരാന്‍ പാട്ട് എന്നുവിൡക്കുന്നു.
കൊച്ചി രാജകുടുംബത്തിന് പണ്ട് അഞ്ചുതാവഴികള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ആറ്റിങ്ങലിനടുത്ത് അഞ്ചുതെങ്ങ് ചരിത്രപ്രസിദ്ധമായ സ്ഥലമാണ്. കേരളത്തില്‍ ഇംഗ്ലീഷുകാരുടെ ആദ്യത്തെ ആസ്ഥാനവും കോട്ടയും ഇവിടെ. അഞ്ചുദിവസം ആചരിക്കുന്ന പുല അഞ്ചുപുല. മഹാക്ഷേത്രങ്ങളില്‍ അഞ്ചുനേരം നടത്തുന്ന പൂജ അഞ്ചുപൂജ. ഉഷ:പൂജ, എതിരത്തെ പൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയാണ് അഞ്ചുനേരത്തെ പൂജകള്‍.
അഞ്ചുപ്പ് എന്നാല്‍ അഞ്ചുതരം ലവണങ്ങള്‍. പഞ്ചലവണം. സൗവര്‍ച്ചലം, സൈന്ധവം, ബിഡം, ഔദ്ഭിദം, സാമുദ്രം എന്നിവ.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേകപൂജകള്‍ക്ക് അധികാരമുള്ള അഞ്ചു മഠങ്ങളുണ്ടായിരുന്നു. കാഞ്ചീപുരത്ത് മഠം, കുന്നാണ്ടന്‍ മഠം, പാല്പായസ മഠം, രാമവര്‍മന്‍ തിരുമഠം, പഞ്ചാണ്ടന്‍ മഠം എന്നിവ.
അഞ്ചുവണ്ണം എന്ന ചരിത്രത്തിലെ സംഘടന അഞ്ചുവര്‍ണത്തില്‍ നിന്നുണ്ടായതാണ്. അഞ്ചുജാതിയില്‍പ്പെട്ട വര്‍ത്തകന്മാര്‍ അടങ്ങിയ സംഘടന. അഞ്ചുവിലക്ക് പണ്ടുണ്ടായിരുന്നു. വെള്ളം, തീയ്, ഇണങ്ങ്, അലക്ക്, ക്ഷൗരം എന്നിവ വിലക്കുന്നതാണ് അത്.
അഞ്ച് നൂറാണല്ലോ അഞ്ഞൂറ്. അഞ്ഞൂറ്റന്‍ എന്നത് മലബാറിലെ ഒരു ജാതി. അഞ്ഞൂറ്റുവര്‍ അഞ്ഞൂറുപേരടങ്ങുന്ന നാട്ടുക്കൂട്ടം. പണ്ട് മുന്നൂറ്റുവര്‍, അഞ്ഞൂറ്റുവര്‍ എന്നിങ്ങനെ എണ്ണമുള്ള നാട്ടുക്കൂട്ടങ്ങളുണ്ടായിരുന്നു. ലത്തീന്‍ ക്രിസ്ത്യാനികളില്‍ ഒരു വിഭാഗത്തെ അഞ്ഞൂറ്റിക്കാര്‍ എന്നു വിളിച്ചിരുന്നു.
അഞ്ചുനാഴിയാണ് അഞ്ഞാഴിയായത്.