അരചന്‍ എന്നാല്‍ പഴയഭാഷയില്‍ രാജാവ്. അതില്‍നിന്നാണ് മലയാളത്തിലെ അരയന്‍ വന്നത്. മത്സ്യബന്ധനം കുലവൃത്തിയായിട്ടുള്ള ഒരു ജാതിക്കും അരയന്‍ എന്നാണ് പറയുന്നത്. വാലന്‍, മുക്കുവന്‍, മരയ്ക്കാന്‍, നുളയന്‍, ശംഖന്‍, അമുക്കുവന്‍, പരവന്‍ എന്നു മറ്റുവിഭാഗക്കാരുമുണ്ട്. ‘കുന്നത്തരയന്‍ പുരയ്ക്കല്‍ച്ചെന്നു അരയന്റെ കയ്യും പിടിച്ചുകൊണ്ടേ..’ എന്നു വടക്കന്‍പാട്ടില്‍ കേള്‍ക്കാം. മുക്കുവഗ്രാമത്തിലെ തലവനും അരയന്‍ എന്നാണ് വിളിക്കുന്നത്. സ്ത്രീയെ അരയത്തി എന്നു വിളിക്കും. തകഴിയുടെ ‘ചെമ്മീന്‍’ നോവലില്‍ ഇങ്ങനെ പറയുന്നു: ‘തുറയിലരയന്റെ കോപത്തിനു പാത്രമായി തറവാടു കുളംകോരിയ കഥയുണ്ട്”.
അര ചേര്‍ന്ന വിവിധ പദങ്ങളുണ്ട്. സംസ്‌കൃതത്തിലെ രാജഹംസം അതിലൊന്ന്-അരയന്നം. അരയന്നത്തെപ്പറ്റി പല കവികളും പാടിയിട്ടുണ്ട്. നളചരിതത്തില്‍ ഉണ്ണായി വാര്യര്‍ ഇങ്ങനെ പാടി: ” അരചന്‍ ചെന്നിഹ തൊട്ടതുനേരം അരയന്നംതാന്‍ ഝടിതിയുണര്‍ന്നു.” ജര്‍മ്മനിയില്‍ കണ്ടപോലെ ഇത്രയധികം അരയന്നങ്ങളെ ഒന്നായി ഞാന്‍ വേറെവെയിടെയും കണ്ടിട്ടില്ലെന്ന് ബിലാത്തി വിശേഷത്തില്‍ കെ.പി.കേശവമേനോന്‍.
ഉടുതുണിക്ക് അരയാട എന്നു പറയും. അര അരയായി, പാതിവീതം എന്നര്‍ഥത്തില്‍ അരയരച്ച എന്നു പണ്ട് പ്രയോഗിക്കുമായിരുന്നു. തുടയുടെ ഇടയിലുണ്ടാകുന്ന ഒരുതരം രോഗമാണ് അരയാപ്പ്. വൃക്ഷങ്ങളുടെ രാജാവ് എന്നു വിളിക്കുന്ന അരയാല്‍ മിക്ക ദ്രാവിഡ ഭാഷകളിലുമുണ്ട്. അരശ് എന്നും പറയും. ഹിന്ദുക്കളും ബുദ്ധമതക്കാരും ഈ മരത്തെ പാവനമായി കരുതുന്നു. സിദ്ധാര്‍ഥന്‍ അരയാല്‍ച്ചുവട്ടില്‍ ധ്യാനത്തിലിരിക്കെ ബോധിസത്ത്വനായിത്തീര്‍ന്നതുകൊണ്ട് ഇതിനു ബോധിവൃക്ഷം എന്നും പേര്‍. സുന്ദരിമാരുടെ ഉദരത്തെ അരയാലിലയോട് ഉപമിക്കുന്നു. ഭര്‍ത്തൃപരിത്യക്തയായ ജ്യേഷ്ഠാഭഗവതിയുടെ വാസം അരയാലിലാണ്. സഹോദരിയായ ലക്ഷ്മീദേവി ശനിയാഴ്ച അവിടെ വരും. അതിനാല്‍ അന്നുമാത്രം അരയാലിനെ തൊടുന്നത് ശുഭം എന്നു പുരാണങ്ങള്‍ പറയുന്നതായി ഡോ.ശൂരനാട്. അരയാലിന് നിരവധി പര്യായങ്ങളുണ്ട്. ചിലതുമാത്രം ഇവിടെ നല്‍കാം: പിപ്പലം, കേശവാവാസം, ചലപത്രം, പവിത്രകം, ശ്യാമളം, അശ്വത്ഥം, ബോധിവൃക്ഷം, ഗുഹ്യപത്രം, സത്യവൃക്ഷം, ധര്‍മവൃക്ഷം.
നേര്‍പകുതി എന്നര്‍ഥത്തില്‍ അരയാളം എന്നു പറഞ്ഞിരുന്നു. ആണ്ടിലെ ആദായത്തിന്റെയോ കരത്തിന്റെയോ പാതി എന്നരീതിയില്‍ പാട്ടമടയ്ക്കണമായിരുന്നു. വിരുത്തിക്കാരന്‍ മരിച്ച് വിരുത്തിവസ്തു അവകാശികളേറ്റെടുക്കുമ്പോള്‍ സര്‍ക്കാരിലേക്കു കൊടുക്കേണ്ട തീരുവയായിരുന്നു. പിന്നീട് ഇതു നിറുത്തല്‍ചെയ്തു.
സംവൃതോകാരത്തെ അരയുകാരം എന്നു വിളിക്കുന്നു. മുകളില്‍ അര്‍ധചന്ദ്രചിഹ്നം (ക്) നല്‍കുന്നതാണിത്. ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് ഇതിനെ അരയുകാരം എന്നു വിളിച്ചത്. അരവണയ്ക്ക് രണ്ടര്‍ഥമുമണ്ട്-സര്‍പ്പമാകുന്ന മെത്ത എന്നും കട്ടിപ്പായസം എന്നും. ശബരിമല അരവണ പ്രസിദ്ധം. അരി, ശര്‍ക്കര, നെയ്യ്, തേന്‍ മുതലായവ ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് അരവണപ്പായസം. അരവാശി എന്നാല്‍ പകുതിപ്പങ്ക്. അരവിന്ദം താമര. അരവിന്ദാക്ഷന്‍ തുടങ്ങി നിരവധി പദങ്ങള്‍. മനോഹരമായ പൂവുള്ള ചെടിയാണ് അരളി.
അരി അരിചി എന്ന തമിഴ്പദത്തില്‍നിന്നു വന്നതാണ്. ദ്രാവിഡ ഭാഷയില്‍ നിന്നു ഗ്രീക്കുപോലുള്ള നിരവധി ഭാഷകളില്‍ അരി എത്തിയിട്ടുണ്ട്. ഇംഗ്ലീഷിലെ റൈസിനും അതിനോടു സാമ്യം. നെല്ലിന്റെ ഉമിനീക്കി കിട്ടുന്ന ചെറുമണിയാണ് അരി. ഇന്ത്യയിലും ചൈനയിലും മുഖ്യാഹാരങ്ങളിലൊന്ന്. ഉണക്കലരി, പച്ചരി, പുഴുക്കലരി, നെടിയരി, പൊടിയരി, കൊച്ചരി, മങ്കരി എന്നിങ്ങനെ മലയാളി അരിയെ പലതരമാക്കി. മഗ്ധലനമറിയം എന്ന കാവ്യത്തില്‍ വള്ളത്തോള്‍ പാടിയതുനോക്കുക: ‘ കൊറ്റിന്നുഴക്കരികാണാതിരുന്നവള്‍ കൊറ്റക്കുടചൂടും റാണിയായി”. അരിനാഴിയായാലും അടുപ്പുകല്ല് മൂന്നുവേണം എന്നു പഴമൊഴി. അരിതിന്നതുംപോരാ, അരിക്കാരിയെ കടിച്ചതുമല്ല, നായ്ക്കാണ് പിന്നെയും മുറുമുറുപ്പ് എന്നൊരു പഴഞ്ചൊല്ലുകൂടിയുണ്ട്. അരിയെത്രയെന്നു ചോദിച്ചാല്‍ പയറഞ്ഞാഴിയെന്ന് ഉത്തരം എന്ന പ്രയോഗവും സുപരിചിതം.
കേരളത്തിലെ രാജാക്കന്മാരുടെ സ്ഥാനാരോഹണം സംബന്ധിച്ച മംഗളകര്‍മമാണ് അരിയിട്ടുവാഴ്ച. അരിയും കോപ്പും എന്നതു രാജാവില്‍നിന്നു കിട്ടുന്ന സൗജന്യം. വേതനമായോ സൗജന്യമായോ അരിയും അതിനുവേണ്ട പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയവയും അനുവദിക്കുമായിരുന്നു. അരിയായും മറ്റും നല്‍കുന്ന വേതനത്തിന് അരിയുംജീവിതവും എന്നു വിളിച്ചിരുന്നു. സംസ്‌കൃതത്തില്‍ അരി എന്നാല്‍ ശത്രു. അരിക്കാടി അരികഴുകിയ വെള്ളം. അരിച്ചുപെറുക്കിച്ചെലവാക്കുന്നവനെ വിളിച്ചിരുന്നത് അരിപ്പന്‍ എന്നാണ്. ലുബ്ധനും ആ പേരുണ്ട്. അരിചേര്‍ന്ന ഒട്ടേറെ വാക്കുകള്‍ക്ക് നമുക്ക് ലഭിച്ചിട്ടുണ്ട്. പിച്ചിയരിമ്പ്, മുല്ലയരിമ്പ് എന്നിങ്ങനെ പൂമൊട്ടുകള്‍. അരിയുണ്ട രുചികരം. അരിവെപ്പുകാരന്‍ പരിചിതന്‍. കൊയ്യാനുപയോഗിക്കുന്നത് പൊന്നരിവാള്‍. അരിശവും അര്‍ശസ്സും നമുക്കുള്ളതാണ്.