ആഖ്യയ്ക്ക് ഒന്നിലധികം അര്‍ഥങ്ങളുണ്ട് ഭാഷയില്‍. ആഖ്യാനം ചെയ്യപ്പെടുന്നത് എന്ന് സംസ്‌കൃതത്തില്‍ ഒരര്‍ഥമുണ്ട്. പറയപ്പെടുന്നതും ആഖ്യ തന്നെ. പേര്, നാമം എന്നും പറയുന്നു. മാര്‍ത്താണ്ഡാഖ്യന്‍ എന്നാല്‍ മാര്‍ത്താണ്ഡന്‍ എന്നു പേരായ എന്നാണര്‍ഥം.
വ്യാകരണത്തില്‍, ആഖ്യ എന്നാല്‍ കര്‍ത്താവ്. ഇതെപ്പറ്റി ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടും ഗീവര്‍ഗീസ് മാത്തനുമാണ് ആദ്യം കര്‍ത്താവ് എന്നു പറഞ്ഞത്. ഇംഗ്ലീഷില്‍ സബ്ജക്ട് എന്നത്.
ആഖ്യാതം വ്യാകരണത്തിലാണെങ്കില്‍, ക്രിയയാണ്. ആഖ്യയെപ്പറ്റി എന്തു പറയുന്നുവോ അതാണ് ആഖ്യാതം.
വ്യാകരണത്തിന് അപ്പുറത്ത്, പറയപ്പെട്ടത്, അറിയിക്കപ്പെട്ടത് എന്നൊക്കെയാണ് അര്‍ഥം. ആഖ്യാതാവ് എന്നാല്‍ പറയുന്നവന്‍, അറിയിക്കുന്നവന്‍ എന്നുമര്‍ഥം. പറയപ്പെടുന്നതാണല്ലോ ആഖ്യാനം. കഥ, ഐതിഹ്യം എന്നും പറയാറുണ്ട്. കഥ പറച്ചില്‍, വിവരണം, വര്‍ണനം എല്ലാം ആഖ്യാനങ്ങളാണ്.
ആഖ്യാനം ചെയ്യപ്പെടുന്നത് എന്ന അര്‍ഥത്തിലാണ് നോവലിന് ആഖ്യായിക എന്ന പേര് ലഭിച്ചത്. ഗദ്യരൂപത്തില്‍ നിബന്ധിച്ചിട്ടുള്ള ദീര്‍ഘകഥയാണല്ലോ നോവല്‍. എന്നാല്‍, പ്രാചീന സംസ്‌കൃതാലങ്കാരികന്മാര്‍ ആഖ്യായിക എന്നു പറഞ്ഞിരുന്നത് കഥാനായകന്‍ തന്നെ കഥ പറയുന്ന രീതിക്കാണ്.

ആംഗലത്തില്‍ നിന്നുവന്ന ഭാഷ

ഇംഗ്ലീഷില്‍ നിന്നു തല്‍സമരൂപത്തിലും തത്ഭവരൂപത്തിലും കുറെ വാക്കുകള്‍ വന്നിട്ടുണ്ടെങ്കിലും ഇംഗ്ലീഷ് എന്ന വാക്കിനെത്തന്നെ മലയാളികള്‍ പണ്ട് തത്ഭവരൂപത്തില്‍ ഉപയോഗിച്ച് പ്രചുരപ്രചാരമാക്കിയിരുന്നു. ആംഗല എന്ന വിശേഷണവാക്കും ആംഗലം എന്ന വാക്കും ബ്രിട്ടീഷുകാര്‍ നാടുവാഴുന്ന കാലത്തുണ്ടായതാണ്.
ഇംഗ്ലണ്ടും ഇംഗ്ലീഷും എല്ലാം മനസ്സിലിട്ടാണ് ആംഗല സാമ്രാജ്യം എന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന് പണ്ട് പേര് നല്‍കിയത്. ഇംഗ്ലീഷ് ഭാഷയ്ക്ക് ആംഗലം എന്നാണ് പഴയ മലയാളി പറഞ്ഞിരുന്നത്. ആംഗലദ്വീപ് ഇംഗ്ലണ്ട് എന്ന ദ്വീപ് തന്നെ. ആംഗലേയന്‍ ഇംഗ്ലീഷുകാരന്‍. ആംഗലഭാഷ ഇംഗ്ലീഷ് ഭാഷ. എല്ലാറ്റിനെയും സ്വന്തം പദാവലിയില്‍ പുനസൃഷ്ടിക്കാന്‍ പണ്ട് നാം ചെലുത്തിയ ശ്രദ്ധ ഇതില്‍കാണാം.

ഇംഗ്ലീഷ് ക്രിസ്ത്യന്‍ സഭയില്‍പ്പെട്ടവരെ ആംഗ്ലിക്കന്‍ എന്നുവിളിച്ചു. ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍വന്നു സൃഷ്ടിച്ച സമൂഹത്തെ ആംഗ്ലോ-ഇന്ത്യന്‍ എന്നു വിളിച്ചു. ഇംഗ്ലീഷുകാരന് ഇന്ത്യക്കാരിയായ ഭാര്യയില്‍ ഉണ്ടായ സന്താനപരമ്പരയിലുള്ളവരാണ് ആംഗ്ലോ ഇന്ത്യന്‍. ചട്ടക്കാരന്‍ എന്നും ചട്ടക്കാരി എന്നും ആണിനെയും പെണ്ണിനെയും വിളിച്ചു.