ഭാഷാജാലം 30- അലിവും അല്പത്വവും അല്പാല്പമാകരുത്
”ഇതി ജനകവചനമലിവോടു കേട്ടാദരാല് ഇന്ദ്രജിത്തും പറഞ്ഞീടിനാന്‍ തല്‍ക്ഷണേ..” എഴുത്തച്ഛന്റെ വരികളാണ്, അധ്യാത്മരാമായണം കിളിപ്പാട്ടില്‍. ഇതിലെ അലിവ് ആണ് വിഷയം. അലിയുക എന്ന ക്രിയയോട് ‘വ്’ എന്ന കൃതികൃത്ത് ചേര്‍ന്നാണ് അലിവ് എന്ന നാമം ഉണ്ടായിരിക്കുന്നത്. പഞ്ചസാര വെള്ളത്തില്‍ അലിയുന്നതുപോലെ നമ്മുടെ മനസ്സ് ആര്ദ്രമാവുന്നതാണ് അലിവ്. കനിയുക, ദയവുതോന്നുക എന്നെല്ലാം അര്‍ഥമുള്ള ഈ ദ്രാവിഡ വാക്ക് ‘ലയം’ എന്ന സംസ്കൃതവാക്കില്നിന്നു മലയാളി പരുവപ്പെടുത്തിയെടുത്തതാണ്. ‘ചന്ദ്രോത്സവ’കാലംമുതല്ക്കേ പ്രചാരത്തിലുള്ളതാണ് അലിയുക. ‘ത്രിഭുവനമലിയുമ്മാറംഗലാവണ്യലക്ഷ്മ്യാ..” അതില്‍ വരികള്‍ എടുത്ത് ഉദ്ധരിച്ചിരിക്കുന്നു. ചെറുശ്ശേരിയും അലിവ് വിട്ടിട്ടില്ല. ” ഉത്തമമായൊരു ഭക്തിപൊഴിഞ്ഞവള് ചിത്തമലിഞ്ഞുതുടങ്ങീതപ്പോള്.” എന്ന് കൃഷ്ണഗാഥ.
തൊങ്ങലാണ് അലുക്ക്. പട്ടുകുടയുടെയും മറ്റും വിളുമ്പില്‍ അലങ്കാരമായി പിടിപ്പിക്കുന്ന ഞാത്ത്. ‘മഞ്ജുകരങ്ങളാല് മന്നിലെങ്ങും പൊന്നലുക്കിട്ടിടും സുപ്രഭാതം’ എന്ന് ബാഷ്പാഞ്ജലി’യില്‍ ചങ്ങമ്പുഴ എഴുതുന്നു. തളരുക, കുഴയുക എന്ന അര്‍ഥത്തില്‍ അലുക്കുക എന്ന പ്രയോഗമുണ്ടായിരുന്നു. അലുക്കുലുക്ക് എന്നത് ഞെട്ടല്‍, നടുങ്ങല്‍.
അലുപ്തസമാസം എന്നൊരു സമാസം വ്യാകരണത്തിലുണ്ട്. പൂര്വപദത്തിലുള്ള ലിംഗവചനാദി പ്രത്യയങ്ങള്‍ക്കും വിശേഷണീഭാവ ചിഹ്നത്തിനും ലോപമില്ലാത്ത സമാസമാണ് അലുപ്തസമാസം. ഉദാ: കൃഷ്ണന്തിരുവടി, ഉമ്പര്‍കോന്‍. അലുവ എന്ന വാക്ക് ഹല്‍വാ എന്ന അറബിവാക്കിനെ മലയാളീകരിച്ചതാണ്. ഹല്‍വയെ പണ്ടേതന്നെ അലുവയാക്കി എന്നു കരുതാന്‍ തെളിവുണ്ട്. കൊച്ചിയില്‍ ലന്തക്കാരും പറങ്കികളുമായുണ്ടായ യുദ്ധത്തെ സംബന്ധിച്ച പഴയ ഒരു പടപ്പാട്ടില്‍ ഇങ്ങനെ കാണുന്നു: ”കൂറരുതാതോളം കാറരുതലുവയും”.
ശല്യം, അസൗകര്യം, ഉപദ്രവം, ഇടംകേട് എന്നിങ്ങനെയുള്ളതെല്ലാമാണ് അലോസരം. സംസ്കൃതത്തിലെ അലോക്യം എന്ന വാക്കിനെ നാം അലോഹ്യം ആക്കിയെടുത്തിട്ടുണ്ട്. ലോഹ്യമല്ലാത്തത്, ലോകമര്യാദയ്ക്ക് ചേരാത്തത്, അനുചിതമായത് എന്നിങ്ങനെ അര്‍ഥം. അലൗകികം ലൗകികത്തിനു വിപരീതം. ലോകാതീതമായ, ദിവ്യമായ എന്നിങ്ങനെ അര്‍ഥം കിട്ടുന്നു. അലൗകികപ്രത്യക്ഷം എന്നൊരു സിദ്ധി മനുഷ്യര്ക്കുണ്ടാകുമത്രെ. ഒന്നിനെപ്പറ്റിയുള്ള ജ്ഞാനംവഴി അതുള്‍പ്പെടുന്ന വര്‍ഗത്തെപ്പറ്റി ഉണ്ടാകുന്ന സാമാന്യജ്ഞാനമാണിത്.
അല്അമീന്, അല്‍ അമീന് എന്നെല്ലാം കേട്ടിട്ടുണ്ടല്ലോ. അറബിയില്‍ നിന്നു വന്ന വാക്കാണ്. സത്യസന്ധന്, വിശ്വസ്തന് എന്നിങ്ങനെ അര്‍ഥം. അല്‍ അമീന് എന്ന പേരില്‍ നബി (സ)യെ എല്ലാവരും ആദരിച്ചിരുന്നു. ‘ അല്‍ അമീന്’ എന്ന ഒരു പത്രം കോഴിക്കോട്ട് പണ്ടുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവും ദേശീയ മുസ്ലിങ്ങളെ പ്രചോദിപ്പിച്ചിരുന്ന ആളുമായ മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബ് നടത്തിയിരുന്ന പത്രം.
അല്പം, അല്പ എന്നിവയെല്ലാം സംസ്കൃതമാണെന്നറിയാതെ മലയാളി സ്വന്തമാക്കിയ വാക്കുകളാണ്. ഈ വാക്കുകളില്ലാതെ നമുക്കിന്ന് ജീവിക്കാനാവില്ല. ചെറിയ, കുറച്ചുമാത്രമുള്ള, നിസ്സാരമായ എന്നിങ്ങനെ അല്പ എന്ന വിശേഷണം ഉപയോഗിക്കുന്നു. അല്പം കുറച്ച്. അല്പ എന്ന പൂര്‍വപദം ചേര്‍ന്ന നിരവധി വാക്കുകള്‍ പ്രചാരത്തിലുണ്ട്. ഇരട്ടിപ്പ് എന്നു തോന്നുമെങ്കിലും അതല്ലാത്ത ഒരു സമസ്തപദവും നാം ഉണ്ടാക്കിയിട്ടുണ്ട്-അല്പസ്വല്പം. അല്പവും സ്വല്പവും. വളരെക്കുറച്ച്, പേരിനുമാത്രം, വലുതല്ലാത്ത എന്നിങ്ങനെ അതിനെല്ലാം സുന്ദരമായ പ്രയോഗമാണ് അല്പസ്വല്പം. വ്യവഹാരത്തിലാണ് ഇതുകൂടുതല്‍.
സര്പ്പവിഷത്തിന് പ്രത്യൗഷധമായ ഒരു ചെടിയെ സംസ്കൃത്തില് അല്പം എന്നു വിളിച്ചിരുന്നു. അതില്‍ നിന്ന് ഒരു പഴമൊഴിയും ഉണ്ടായിട്ടുണ്ട്-അല്പം അകത്ത്, വിഷം പുറത്ത്. ചെന്താമരയാണ് അല്പഗന്ധം. അല്പജീവി ചെറുപ്രാണി, നിസ്സാരന്. അല്പജ്ഞാനി, അല്പജ്ഞര് എന്നിവരെല്ലാം അറിവുകുറഞ്ഞവര്‍. അല്പത്തം എന്ന് നാം തെറ്റായി പ്രയോഗിക്കാറുണ്ട്. അല്പം എന്ന പദം സംസ്കൃതമായതിനാല്‍ ‘ത്വം’ ആണു വേണ്ടത് ‘ത്തം’ അല്ല. നിസ്സാരത്വം ആണ് അല്പത്വം. അല്പന് നിസ്സാരനാണ്, നീചനാണ്. ശങ്കരന് ആള് അല്പനല്ല എന്നു ‘ശാരദ’യില്‍ ചന്തുമേനോന്‍ എഴുതുന്നു. തരംതാണനിലയില്‍ ചിന്തിക്കുന്നവനെ നാം അല്പന് എന്നു വിളിക്കാറുണ്ടല്ലോ. അല്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്ക് കുടപിടിക്കും എന്നൊരു പഴഞ്ചൊല്ലുമുണ്ട്.
ചെറുപ്രാണിയെ അല്പപ്രാണി എന്നു പറയും. നിസ്സാരന്, ദുര്ബലന് എന്നിങ്ങനെ മനുഷ്യരെയും അല്പപ്രാണിയായി കണക്കാക്കാറുണ്ട്. അല്പപ്രാണം എന്ന് ഭാഷാപഠനത്തില്‍ ഒരു കാര്യമുണ്ട്. ഉച്ചരിക്കാന്‍ താരതമ്യേന കുറഞ്ഞ യത്നം മാത്രം ആവശ്യമുള്ള അക്ഷരങ്ങളാണ് അല്പപ്രാണം. സ്വരങ്ങള്‍, ഖരങ്ങള്‍, മൃദുക്കള്‍, അനുനാസികങ്ങള്‍, മധ്യമങ്ങള്‍ എന്നീ അക്ഷരങ്ങളെല്ലാം അല്പപ്രാണങ്ങളാണ്.
അധികം സംസാരിക്കാത്തയാള്‍ അല്പഭാഷി. സ്ത്രീയാണെങ്കില്‍ അല്പഭാഷിണി എന്ന് പണ്ട് പ്രയോഗിച്ചിരുന്നു. ഇന്ന് അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അല്പഭാഷി എന്നു പറഞ്ഞാല്‍ ഇരുലിംഗത്തില്‍ മാത്രമല്ല, മൂന്നാംലിംഗത്തിലുള്ളവര്ക്കും ചേരും. അല്പബുദ്ധി അറിയാമല്ലോ. അല്പബിംബം എന്നു പറയുന്നത്, ദേവാലയത്തില്‍ ജീര്‍ണോദ്ധാരണം നടത്തുമ്പോള്‍ ഇളങ്കോവിലില് പ്രതിഷ്ഠിക്കാന്‍ നിര്‍മിക്കുന്ന ബിംബം ആണ്. ബാലബിംബം എന്നും വിളിക്കും.
അല്പരസം എന്നാല്‍ പെട്ടെന്നു നശിക്കുന്ന ആനന്ദം. നീരസം, പരിഭവം എന്നും അര്‍ഥം. അല്പവിരാമം അല്പമായ നിറുത്തല്‍. അങ്കുശചിഹ്നം. ഇംഗ്ലീഷിലെ കോമ. അല്പശ എന്നു പലപ്പോഴും എഴുതാറുണ്ട്. തെറ്റാണ്. അല്പശ: എന്ന് വിസര്‍ഗസഹിതം എഴുതണം. അല്പാല്പമായി, കുറച്ചുകുറച്ച് എന്നിങ്ങനെയാണ് അര്‍ഥം. സംസ്കൃതത്തില്‍ നിന്ന് ദ്രാവിഡത്തില്‍ കുടിയേറിയതാണ് അല്പശി. ആശ്വിന മാസം അര്പ്പചി, ഐപ്പചി എന്നിങ്ങനെ രൂപമാറ്റം വന്ന് അല്പശി ആയതാണെന്ന് പണ്ഡിതന്മാര്. തുലാമാസമാണ് അല്പശി മാസം. തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ തുലാമാസത്തില്‍ നടത്താറുള്ള ഉത്സവമാണ് അല്പശി ഉത്സവം. അല്പാന്തി എന്നത് കൊച്ചിയില്‍ പണ്ട് നിലവിലിരുന്ന ഒരു കടല്ച്ചുങ്കമാണ്.
ആയുസ്സ് കുറഞ്ഞവന് അല്പായുസ്സ്.
Leave a Reply