ഭാഷാജാലം 31-അല്ല അല്ലേ അല്ലേലുയ്യാ…അവഗാഹമുണ്ടെങ്കില്‍ അവഗുണ്ഠനം വേണ്ട
അല്ല എന്ന നിഷേധാര്ഥരൂപം മിക്ക ദ്രാവിഡ ഭാഷകള്‍ക്കുമുണ്ട്. ചില പാശ്ചാത്യ ഭാഷകളിലും സമാനമായ രൂപങ്ങളുണ്ടെന്ന് ഭാഷാചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. നിഷേധാര്‍ഥകമായ ‘അ’യോട് ‘ല്‍’ ചേര്‍ന്നുണ്ടാകുന്ന ശബ്ദമാണ് അല്ല ആകുന്നത്. അ പ്രത്യയമാണല്ലോ മിക്ക വാക്കുകള്‍ക്കും മുമ്പു ചേര്‍ത്ത് നിഷേധാര്‍ഥ പദങ്ങള്‍ ഉണ്ടാക്കുന്നത്. അല്ലല്ല, ഇല്ലില്ല എന്നിങ്ങനെ ഉറപ്പിക്കാനായി ഇരട്ടിക്കുകയും വ്യവഹാര ഭാഷയില്‍ പതിവാണ്. ഒന്നു വേറൊന്നില്‍നിന്ന് ഭിന്നമാണെന്ന് പറയുന്നതിന് ഉപയോഗിക്കുന്ന പദം കൂടിയാണ് അല്ല. ഉദാ: കുതിര കഴുതയല്ല. ഇല്ല എന്ന പദം ഒന്ന് ഉണ്ടെന്നുള്ളതിനെ നിഷേധിക്കുന്നു. ഉദാ: മുയലിന് കൊമ്പില്ല. ധര്‍മം ഭിന്നമാണെന്നു കാണിക്കാനും അല്ല ചേര്‍ക്കുന്നു. ഉദാ: കാക്ക കൊക്കല്ല. കാക്കയും കൊക്കും ഉള്ളതുതന്നെ. എന്നാല്‍ രണ്ടിന്റെയും ധര്‍മം ഭിന്നം.
അല്ലാത്ത, അല്ലാഞ്ഞ്. അല്ലായ്കില്, അല്ലാതെ, അല്ലെങ്കില്‍ (അല്ല+എങ്കില്‍) എന്നിങ്ങനെ വിവിധ രീതിയില്‍ അല്ല നമുക്കിടയില്‍ നില്ക്കുന്നു. ‘ അല്ലെന്നു ചൊല്കിലോ നീലത്തഴകള്‍ വന്നല്ലല്ലായെന്നങ്ങു പേശിക്കൊള്ളും’ എന്നു കൃഷ്ണഗാഥയില്‍ മനോഹരമായ പ്രയോഗം നോക്കുക.
അല്ലക്കൊല്ലി എന്ന ഒരു മര്‍മ്മം ശരീരത്തിലുണ്ട്. വലത്തേ മുലയ്ക്ക് ഇരുവിരല്‍ താഴെയുള്ള മര്‍മം. സ്തനമൂലം എന്നും അറിയപ്പെടുന്നു. അല്ലയോ എന്ന് സംബോധന ചെയ്യുന്ന പതിവുണ്ടായിരുന്നു. ദു:ഖം, വ്യസനം, സങ്കടം, വേദന, ദുരിതം എന്നിങ്ങനെ അര്‍ഥങ്ങളുള്ള അല്ലല് തനിദ്രാവിഡമാണ്. അല്ലറചില്ലറ എന്നത് അല്പസ്വല്പം, കുറച്ചുകുറച്ച് എന്നതിനു പകരം ഉപയോഗിക്കുന്നു. അല്ലാ എന്നായാല്‍ വ്യാക്ഷേപകമായി. ”അല്ലാ! ഇതാരാ വരുന്നത്?’ എന്നു നാം ചോദിക്കാറില്ലേ?
അല്ലി എന്നതു നാം നിത്യം കേള്‍ക്കുന്നതാണ്. കേസരം, അകയിതള്, ആമ്പല്‍ എന്നിങ്ങനെ അര്‍ഥങ്ങള്‍. പൂക്കളുടെ, വിശേഷിച്ച് ആമ്പല്‍, താമരപ്പൂക്കളുടെ നടുക്ക് നാരുപോലുള്ള ചെറിയ ദളം. വാട്ടര്‍ലില്ലി എന്ന് ഇംഗ്ലീഷില്‍ വിളിക്കുന്ന ഒരിനം ആമ്പലിന് അല്ലിയാമ്പല്‍ എന്നു പറയും. ‘ അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം, നമ്മളൊന്നായ് തുഴഞ്ഞീലേ കൊതുമ്പുവള്ളം..’ എന്ന് പാട്ട് ഓര്‍ക്കുക. തെങ്ങ്, കമുക് മുതലായവയിലെ പൂക്കുലയിലെ കുതിര്പ്പും അല്ലിതന്നെ. ഇങ്ങനെയാണ് അല്ലിക്കള്ള് എന്ന പ്രയോഗമുണ്ടായത്. ചക്കരക്കള്ളാണ് അല്ലിക്കള്ള്. ഒരിനം മുല്ലയാണ് അല്ലിമുല്ല. മാവാരതം പാട്ടില്‍ ” അല്ലിമുല്ല നട്ടു, ചെമ്പകം നട്ടു” എന്നിങ്ങനെ പ്രയോഗം കാണാം. അല്ലിയം എന്നൊരു തരം കൂത്തുണ്ട്. കൃഷ്ണന് കംസന്റെ ആനയെ മര്‍ദ്ദിച്ച കഥയെ അനുസ്മരിച്ചുള്ള ഒരു തരം നൃത്തമാണിത്. കൂട്ടംവിട്ട് ഒറ്റയ്ക്കു നടക്കുന്ന കൊമ്പനെ (ഒറ്റയാന്) അല്ലിയന്‍ എന്നു പറയും.
അല്ലേ, അല്ലോ, അല്ലേലുയ്യാ എന്നിങ്ങനെ വ്യത്യസ്ത രൂപമാറ്റങ്ങള്‍ അല്ലയ്ക്കുണ്ട്. അപ്രകാരമാണല്ലോ എന്ന അര്‍ഥത്തില്‍ അല്ലേ എന്നു ചോദിക്കാറുണ്ട്. സന്തോഷം, അദ്ഭുതം മുതലായവ ദ്യോതിപ്പിക്കാന്‍ വ്യാക്ഷേപകമായി അല്ലേ എന്നു പറയും. ഭാഷാ രാമായണം ചമ്പുവില്‍ ഇങ്ങനെ കാണാം: ‘അല്ലേ! തീയിട്ടിടുന്നൂ ചെവിയില്‍ നിശിചരസൈ്ത്രണ ഘോരാട്ടഹാസാന് വെല്ലുന്നാടോപമീടേറിന മധുമദശൃംഗാരീ ഭൃംഗിനീനാദം”.
സ്തുതിവചനമാണ് അല്ലേലൂയാ. യഹോവയ്ക്കു സ്തോത്രം എന്നര്‍ഥം.
‘അവ’ എന്നതു മിക്ക ദ്രാവിഡഭാഷകളിലുമുണ്ട്, ചില്ലറ രൂപമാറ്റങ്ങളോടെ. അവ എന്നതു ആദിദ്രാവിഡരൂപത്തോട് കൂടുതല്‍ അടുത്തതെന്ന് കാള്‍ഡ്വെല്‍ പറയുന്നു. അത് എന്നതിന്റെ ബഹുവചനമാണ് അവ. അവര്‍ എന്നത് സലിംഗബഹുവചനം. സംസ്കൃതത്തില്‍ ‘അവ’ അവ്യയമാണ്. ക്രിയകളുടെയും ക്രിയാനാമങ്ങളുടെയും മുമ്പില്‍ വിവിധ അര്‍ഥങ്ങളില്‍ പ്രയോഗിക്കുന്ന ഉപസര്‍ഗ്ഗമാണ് അവ. ഉദാ: അനാദരം, അവജ്ഞ, അവമാനം, അവലംബം, അവഹേളനം, അവരോഹണം.
അവകാശവും അവകാശികളുമെല്ലാം പരിചിതം. അവകീര്‍ണ്ണി എന്നാല്‍ ശുക്ലവിസര്‍ജനം ചെയ്തവന്. വ്രതഭംഗം വരുന്നതാണിത്. ബ്രഹ്മചര്യാവ്രതത്തിനു ഭംഗമുണ്ടാക്കുന്നവന്. ‘അവകീര്‍ണ്ണി ആയവനാകട്ടെ, നാലുംകൂടുന്ന പെരുവഴിയില്‍വച്ച് പാകയജ്ഞവിധിപ്രകാരം കറുത്ത കഴുതയെക്കൊണ്ട് രാത്രിയില്‍ നിരൃതിക്ക് യാഗം ചെയ്യണം’ എന്ന പ്രായശ്ചിത്തവിധിയുണ്ടായിരുന്നു പണ്ട്.
വാടകയേ്ക്കാ പാട്ടത്തിനോ കൊടുക്കലിനെയാണ് സംസ്കൃതത്തില്‍ അവക്രയം എന്നു പറയുന്നത്. അവക്രയി വാടകക്കാരന്. അവഗണനയും അവഗണിക്കലും പരിചിതം. അനദാരിക്കുക, വകവയ്ക്കാതിരിക്കുക, അവമാനിക്കുക ഇതെല്ലാം ഇവയിലുണ്ട്. മുഖക്കുരുവാണ് അവഗണ്ഡം. അവഗാഢത്തിന്, ഉള്ളിലേക്കു കടന്ന, അവഗാഹം ചെയ്യപ്പെട്ട, മുഴുകിയ, മുങ്ങിയ എന്നിങ്ങനെ അര്‍ഥവിശേഷം. അവഗാഢമായ പാണ്ഡിത്യം അറിയാമല്ലോ. അവഗാഹം, അവഗാഹനം എന്നിവ സ്നാനം, മുങ്ങല്‍, മുഴുകല് എന്നിങ്ങനെ അര്‍ഥങ്ങള്‍. അഗാധമായ ജ്ഞാനത്തെയും അവഗാഹം എന്നു പറയും.
അവഗുണ്ഠനം മൂടുപടമിടലാണ്. അവഗൂഹനത്തിന് ഒളിക്കല്‍ എന്നും ആലിംഗനം എന്നും അര്‍ഥം. വിളംബരപ്പെടുത്തലാണ് അവഘോഷണം. അവച്ഛേദനം എന്നാല്‍ മുറിക്കല്‍.
Leave a Reply