ചിലയാളുകള്‍ ചെയ്തുപോയ തെറ്റിന് ‘അവതാ’ പറയാറുണ്ടല്ലോ. അവിധാ എന്ന സംസ്‌കൃത ശബ്ദത്തില്‍നിന്നാണ് ഭാഷയില്‍ അതെത്തിയത്. അനുനയ വാക്ക്, ദയതോന്നുമാറുള്ള ക്ഷമാപണം എന്നൊക്കെയാണ് അവതയുടെ അര്‍ഥം. പെരുമാളുടെ തിരുമുമ്പില്‍ വന്നു അവത പറഞ്ഞ് അടി വണങ്ങി വാങ്ങി’ എന്ന് ‘ഭൂതരായര്‍’ എന്ന നോവലില്‍ പ്രയോഗമുണ്ട്. കര്‍ണ്ണാഭരണത്തെയാണ് അവതംസം എന്നു പറയുന്നത്. അവതാരത്തിന് നിരവധി പൊരുളുണ്ട്. നാമം ആയ അവതാരം ഇറങ്ങല്‍, താഴത്തേക്കുള്ള വരല്‍, ഇറക്കം എല്ലാമാണ്. ദേവതാപ്രഭാവമുള്ള വ്യക്തിയുടെ ജനനത്തിനും അവതാരം എന്നു പറയും. വിശിഷ്ട ജനനമാണത്. സ്വര്‍ഗാദി ലോകങ്ങളില്‍നിന്നും ഭൂമിയിലേക്കു മനുഷ്യരൂപത്തിലും മറ്റുമുള്ള ഇറങ്ങിവരവ് ആണ് അവതാരം. ഈശ്വരാംശം മനുഷ്യജന്മം പൂണ്ട് പിറക്കുക.
ശ്രീമഹാഭാരതം അനുസരിച്ച് ദശാവതാരങ്ങളുണ്ട്. ഹംസം, കൂര്‍മ്മം, മത്സ്യം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, സാത്വതന്‍, കല്ക്കി എന്നിവ. ദശാവതാരങ്ങളില്‍ ആദ്യത്തെ നാലെണ്ണം കൃതയുഗത്തിലും തുടര്‍ന്നുള്ള മൂന്ന് ത്രേതായുഗത്തിലും, എട്ടും ഒമ്പതും ദ്വാപരയുഗത്തിലും ആണെന്നാണ് സങ്കല്പം. ഇനി വരാനിരിക്കുന്നത് കലിയുഗമാണ്. അത് കല്ക്കിയുടെ അവതാരകാലമാണ് എന്നും പുരാണങ്ങള്‍ പറയുന്നു.
വിഷ്ണുവിന് 22 അവതാരങ്ങള്‍ ഉണ്ടെന്നാണ് വേറെ ചില വിശ്വാസം. പുരുഷന്‍, വരാഹം, നാരദന്‍, നരനാരായണന്മാര്‍, കപിലന്‍, ദത്താത്രേയന്‍, യജ്ഞന്‍, ഋഷഭന്‍, പൃഥു, മത്സ്യം, കൂര്‍മ്മം, ധന്വന്തരി, മോഹിനി, നരസിംഹം, വാമനന്‍, പരശുരാമന്‍, വേദവ്യാസന്‍, രാമന്‍, ബലരാമന്‍, കൃഷ്ണന്‍, ബുദ്ധന്‍, കല്ക്കി എന്നിങ്ങനെ.
അവതാരിക ഇന്ന് എല്ലാവര്‍ക്കുമറിയാം. ആമുഖഭാഗമാണത്. ഇംഗ്ലീഷില്‍ ഇന്‍ട്രൊഡക്ഷന്‍, പ്രിഫസ് എന്നെല്ലാം പറയുന്നതാണ് സംസ്‌കൃതത്തിലെ അവതാരിക. ഗ്രന്ഥകാരനെയോ ഗ്രന്ഥത്തെയോ അവതരിപ്പിക്കലാണത്. ഗ്രന്ഥകാരനോ വേറൊരാളോ അതു ചെയ്യാവുന്നതാണ്. ആധുനികകാലത്തെ ഒരു ശീലമാണത്. മുഖവുര, പ്രസ്താവന എന്നിവയും അതുതന്നെ. ചിലപ്പോള്‍ അവതാരികയോടൊപ്പം മുഖവുര എന്ന പേരിലും കുറിപ്പു കാണാം. 1889ല്‍ പുറത്തിറങ്ങിയ ‘ഇന്ദുലേഖ’ നോവലാണ് മലയാളത്തില്‍ ആദ്യമായി ഇങ്ങനെ ഒരു ശീലം തുടങ്ങിവച്ചതെന്നു കരുതപ്പെടുന്നു.
അവതാളം താളപ്പിഴയാണ്. തെറ്റായ താളം. ‘താളക്കാരനു മാത്ര പിഴച്ചാല്‍ തകിലറയുന്നവനവതാളത്തില്‍’ എന്നു ശീലാവതീ നാടകത്തില്‍ പറയുന്നു. അബദ്ധം, തെറ്റ്, ഭോഷത്തം എന്നീ അര്‍ത്ഥങ്ങളിലും അവതാളം പ്രയോഗിക്കും. എല്ലാം അവതാളത്തിലായി എന്നു പറഞ്ഞാല്‍, എല്ലാം കുഴഞ്ഞുമറിഞ്ഞു എന്ന അര്‍ഥവും കൈക്കൊള്ളാറുണ്ടല്ലോ. തെറ്റിച്ചുതാളം പിടിക്കുന്നവനെയും കൊള്ളരുതാത്തവനെയും അവതാളന്‍ എന്നു വിളിക്കും.
അവദംശം എന്നാല്‍ ഉപദംശംതന്നെയാണ്. ഭക്ഷണത്തോടൊപ്പം കൂട്ടിക്കഴിക്കാനുള്ള കറിയാണ് ഉപദംശം. അവധാനം ശ്രദ്ധിക്കല്‍, മനസ്സിരുത്തല്‍, താത്പര്യം. അവധാനി ശ്രദ്ധയുള്ളവന്‍. അഷ്ടാവധാനി, ശതാവധാനി എന്നിങ്ങനെ കേട്ടിട്ടുണ്ടല്ലോ. വേദാധ്യയനം ചെയ്ത ആളെയും അവധാനി എന്നു പറയും. അവധാരണം എന്നത് നിര്‍ണയം, നിശ്ചയം, ഉറപ്പിച്ചുപറയല്‍, പദങ്ങളുടെ അര്‍ഥനിര്‍ണയം ചെയ്യല്‍ എന്നൊക്കയാണ്.
അവധി എന്നുകേട്ടാല്‍ ഇന്ന് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ഇംഗ്ലീഷിലെ ഹോളിഡേ എന്നതിന്റെ പരിഭാഷയായിട്ടാണ്. സംസ്‌കൃതത്തിലെ അവധിക്ക് നിരവധി അര്‍ഥങ്ങളുണ്ട്. അതിര്‍ത്തി, അവസാനം, സമാപ്തി, കാലത്തിന്റെയോ ദേശത്തിന്റെയോ അറ്റം എന്നിങ്ങനെ അവധിയുണ്ട്. ഒരു കാര്യം ചെയ്യാനുള്ള നിശ്ചിതസമയവും അവധിയാണ്. ഊഴം, മുറ എന്നിവയും തഥാ. തവണ, ഗഡു എന്നിവയും അവധിയില്‍പ്പെടും.
അവധിജ്ഞാനം പഞ്ചജ്ഞാനങ്ങളില്‍ ഒന്നാണ്. പ്രപഞ്ചത്തെ മുഴുവന്‍ ഗ്രഹിക്കുന്ന ജ്ഞാനമാണിത്. ഇന്ദ്രിയപരിധിയെ കടന്നുള്ള ജ്ഞാനവുമാണത്. മതിജ്ഞാനം, ശ്രുതിജ്ഞാനം, മന:പര്യായജ്ഞാനം, കേവലജ്ഞാനം എന്നിവയാണ് മറ്റ് നാലെണ്ണം. നിരാകരണം, തിരസ്‌കരണം എന്നിവയാണ് അവധീരണം.
അവധൂതന്‍ യോഗിയാണ്. വര്‍ണാശ്രമധര്‍മ്മങ്ങളെയും ലൗകികബന്ധങ്ങളെയും സമ്പൂര്‍ണമായി പരിത്യജിച്ച ആത്മനിഷ്ഠനായ യോഗിയാണ് അവധൂതന്‍.
അവനെ അറിയാത്തവര്‍ ആരുമില്ല. ‘അവന്‍’ തമിഴനാണ്. ദ്രാവിഡഭാഷകളില്ലൊം ചില്ലറ രൂപഭേദങ്ങളോടെ അവന്‍ ഉണ്ട്. മലയാളം തമിഴന്റെ അവനെ സ്വന്തമാക്കിയിരിക്കുന്നു. വ്യാകരണനിയമം അനുസരിച്ച് അവന്‍ പുല്ലിംഗമാണ്, പ്രഥമപുരുഷനാണ്, എകവചനമാണ്. ആ മനുഷ്യന്‍ ആണ് അവന്‍. അവള്‍ സ്ത്രീലിംഗം. അത് നപുംസകലിംഗം. അവര്‍ ഉഭയലിംഗം. അവന്മാര്‍ എന്ന ബഹുവചന രൂപവുമുണ്ട്. മലയാളത്തില്‍ ആധുനികകാലത്ത് അവന് പതിത്വമില്ലെങ്കിലും, പുതുതലമുറ അവനെയും അവളെയും എടുത്ത് അമ്മാനമാടുന്നുണ്ടെങ്കിലും, പഴയ മലയാളത്തില്‍ അവന്‍ എന്നു പ്രയോഗിക്കുന്നത് അത്ര ബഹുമാനമുള്ളതല്ല. ബഹുമാനിക്കേണ്ട ആളെപ്പറ്റി പറയുമ്പോള്‍ അവന്‍ എന്നു പറയാറില്ല. ഇന്നത്തെ ഗൂഗിള്‍ മലയാളത്തില്‍ ഇംഗ്ലീഷിലെ ഹീയുടെ പരിഭാഷയായി അവന്‍ എന്നു കാണുമ്പോഴുള്ള കല്ലുകടി മനസ്സിലാകുമല്ലോ.
രാമചരിതകാലം മുതല്‍ക്കേ അവന്‍ ഉണ്ട്. അവനവന്‍ എന്ന പ്രയോഗം താന്താന്‍ എന്ന അര്‍ഥത്തിലാണ്. താന്‍ താന്‍. ഓരോത്തനും. അവനവന്റെ പ്രാര്‍ത്ഥനാരീതി അവനവന്‍തന്നെ നിശ്ചയിക്കുകയാണുത്തമം എന്ന് ജീവിതചിന്തകളില്‍ കാണുന്നു. അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്റെ സുഖത്തിനായ് വരേണം എന്ന് ശ്രീനാരായണഗുരു.