ഭാഷാജാലം 7- അംഗുലീയമുണ്ട് അംഗുലീത്രാണകവും
അംഗുലം എന്ന സംസ്കൃതപദത്തിന് കൈവിരല്‍, പ്രത്യേകിച്ച് തള്ളവിരല്‍ എന്നാണ് അര്‍ഥം. അംഗുലത്തില്‍ നിന്ന് നിരവധി പദങ്ങളും പ്രയോഗങ്ങളും സംസ്കൃതത്തിലും അതുവഴി മലയാളത്തിലും ഉപയോഗിക്കുന്നു. അളവ് അടിസ്ഥാനമാക്കി വിരലിട എന്ന അര്‍ഥവുമുണ്ട്. എട്ടു യവം (തുവര) നിരത്തിവച്ചാലുള്ള അളവ്. മരപ്പണിക്കാരുടെ കണക്കനുസരിച്ച് രണ്ടുവിരലിടയാണ് ഒരു അംഗുലം. അങ്ങനെ 24 അംഗുലം ഒരു കോല്.
കൈയിലെയോ കാലിലെയൊ വിരലിന് അംഗുലി എന്നു പറയാറുണ്ട്. അംഗുഷ്ഠം പെരുവിരല്‍.
അംഗുലിത്രാണകം എന്തെന്നറിയുന്നത് രസമാണ്. അതു ഒരുപകരണമാണ്. പണ്ട് വൈദ്യന്മാര് ഉപയോഗിച്ചിരുന്നത്. കഷായവും മറ്റുംകൊടുക്കുന്നതിന് രോഗിയുടെ വായ് ബലംപ്രയോഗിച്ച് തുറക്കേണ്ടിവരുമ്പോള്‍ വൈദ്യന്റെ വിരലില്‍ കടിപെടാതിരിക്കാന് വയ്ക്കുന്ന ഒരുപകരണം.
അംഗുലീപരിമിതം എന്ന പ്രയോഗമുണ്ടല്ലോ. വളരെ കുറഞ്ഞ, വിരലുകളുടെ എണ്ണത്തില്കവിയാത്ത എന്ന് അര്‍ഥം. അടയാളമോതിരമാണ് അംഗുലീമുദ്ര. ദുഷ്യന്തന് ശകുന്തളയെ അണിയിച്ചതുപോലെ ഒന്ന്. കൈവിരല്‍ കൊണ്ടുള്ള ഞൊടിക്കല്‍, ആംഗ്യം എല്ലാം അംഗുലീസംജ്ഞ. അംഗുലീസന്ദേശം എന്നും പറയും.
അംഗുലാസ്ഥി എന്നാല്‍ വിരലുകളിലെ മുട്ടുകള്‍ക്കിടയിലുള്ള എല്ല്. ഒരുതരം ഉറുമ്പിന് അംഗുലിക എന്നു പേര്. അംഗുലിസ്ഫോടനം നമുക്കെല്ലാം അറിയുന്നതാണ്. വെറുതേയിരിക്കുമ്പോള്‍ കൈവിരല്‍ ഞൊടിച്ച് ശബ്ദം കേള്പ്പിക്കാറുണ്ടല്ലോ. ചൊടക്ക് വയ്ക്കുക എന്ന് ചിലേടങ്ങളില്‍ പറയും.
Leave a Reply