അവിടെ എന്ന അര്‍ഥത്തിലുള്ള തമിഴ് പദമായ അങ്കെ എന്നതില്‍നിന്നാണ് അങ്ങ് ഉണ്ടായത്. അതില്‍നിന്നാണ് ബഹുമാനസൂചകമായി അങ്ങുന്ന് എന്ന പദമുണ്ടായത്. അവിടുന്ന് എന്നും വിളിച്ചിരുന്നു. അങ്ങുന്ന് എന്നാല്‍ അവിടെനിന്ന്. അദ്ദേഹം, യജമാനന്‍ എന്നൊക്കെ അര്‍ഥം.
കൃഷ്ണഗാഥയില്‍ പറയുന്നു: ‘ ഇന്നതു വേണമെന്നങ്ങുന്നു ചൊല്‍കിലോ’. അങ്ങുന്നും കൊച്ചമ്മയും എന്നാല്‍ യജമാനനും ഭാര്യയും. അങ്ങുന്നു ചമയുക എന്നാല്‍ യജമാനഭാവം കാണിക്കുക എന്നാണ്.
അങ്ങത്ത എന്നും പ്രാദേശിക ഭേദമുണ്ട്. അങ്ങുന്നേ, അങ്ങത്തേ എന്നൊക്കെയായാല്‍ സംബോധനയായി. എന്നാല്‍, അങ്ങൂട്ടിന് അര്‍ഥം വേറെ. അങ്ങേവീട്ടില്‍ എന്ന്. അങ്ങേക്കൂറ്റ് എന്നാല്‍ അടുത്ത വീട്, അയല്‍വീട് എന്നൊക്കെയാണ്. രുഗ്മിണീസ്വയംവരത്തില്‍ ‘ അങ്ങേക്കൂറ്റക്കൊച്ചിളയച്ചിയുമവളുടെ നായരുമൊരുമിച്ചമ്പൊടു’ എന്നു വിവരിക്കുന്നു.
അങ്ങേടം എന്നാല്‍ അടുത്ത സ്ഥലം, അപ്പുറം, അങ്ങേവശം. അങ്ങേ എന്നാല്‍ മറ്റേ, അകലെ, മറ്റൊരു എന്നൊക്കെ അര്‍ഥം. അങ്ങേ ജന്മം എന്നാല്‍ അടുത്ത ജന്മം. അങ്ങേര് എന്ന് പ്രാദേശികമായി പറയുന്നത് അയാള്‍ എന്നതിന്റെ ബഹുമാനസൂചകം. ചിലേടത്ത് അങ്ങോര്‍ എന്നാവും.
അങ്ങോടിങ്ങോട് എന്നൊരു പ്രയോഗമുണ്ട്. അങ്ങോട്ടുമിങ്ങോട്ടും എന്നാണ് അര്‍ഥം. നളചരിതം ആട്ടക്കഥയില്‍ ഇങ്ങനെയുണ്ട്:
‘ അങ്ങോടിങ്ങോടുഴന്നും വിപിന-
ഭുവി തളര്‍ന്നും വിചാരം കലര്‍ന്നും
തുംഗാതങ്കം വളര്‍ന്നും..”