ഒരു പാട്ടിന്റെയോ ശ്ലോകത്തിന്റെയോ അവസാനമുള്ള പദംകൊണ്ട് അടുത്ത പാട്ടോ ശ്ലോകമോ ആരംഭിക്കുന്ന പ്രാസസമ്പ്രദായമാണ് അന്താദിപ്രാസം. തമിഴില്‍ വളരെ പ്രചാരമുള്ള ഈ പ്രാസസമ്പ്രദായം രാമചരിതത്തിലും കണ്ണശ്ശകൃതികളിലും പ്രയോഗിച്ചിട്ടുണ്ട്.

ഉദാഹരണം:
'     ആനവനോടെതിരായ് വിദ്യാധിപ
രായാര്‍ പുനരവനുടെ തനയന്‍മാര്‍
തനയന്‍മാരാമവരിരുവര്‍ക്കു
സഹോദരിമാര്‍ മൂവര്‍ക്കും മകനാ
യനുപമരായവര്‍ മൂവരിലിളയവ
ളാകിയ മാനിനി പെറ്റുളനായാന്‍….     '(കണ്ണശ്ശരാമായണം).
    ഇവിടെ ആദ്യത്തെ ഖണ്ഡം അവസാനിക്കുന്ന തനയന്‍മാര്‍ എന്ന പദംകൊണ്ടുതന്നെ രണ്ടാമത്തെ ഖണ്ഡം ആരംഭിക്കുന്നു. പല പ്രാചീന മലയാള ഗാനങ്ങളിലും ഈ സമ്പ്രദായം പ്രയോഗിച്ചിട്ടുള്ളതായി കാണാം.