കൊല്ലവര്‍ഷാരംഭം മുതല്‍ അഞ്ഞൂറുവര്‍ഷത്തോളം മലയാളഭാഷ ശൈശവത്തിലായിരുന്നു. ഈ കാലഘട്ടത്തില്‍ പലതരം നാടന്‍പാട്ടുകളാണ് നമ്മുടെ സാഹിത്യത്തിലുണ്ടായിരുന്നത്. ദേശത്തിന്റെ പരദേവതകളെക്കുറിച്ചുള്ള സ്‌തോത്രങ്ങള്‍, വീരപുരുഷന്മാരുടെ അപദാനങ്ങളെ വര്‍ണ്ണിക്കുന്ന ഗാനങ്ങള്‍, ഏതെങ്കിലും ചില ജാതിക്കാരുടെ കുലവൃത്തി നടത്തുന്നതിന് ഉപയോഗിക്കുന്ന പാട്ടുകള്‍, വിനോദങ്ങള്‍ക്കു വേണ്ടിയുള്ള ഗാനങ്ങള്‍-ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, മാവാരതംപാട്ട്, ശാസ്ത്രാങ്കപ്പാട്ട്, നിഴല്‍ക്കൂത്ത്പാട്ട്, സര്‍പ്പപ്പാട്ട്, ശാസ്താംപാട്ട്, തിയ്യാട്ടുപാട്ട്, പുള്ളൂവര്‍പാട്ട്, മണ്ണാര്‍പാട്ട്, പാണര്‍പാട്ട്, കൃഷിപ്പാട്ട്, തമ്പുരാന്‍പാട്ട്, പടപ്പാട്ട്, വില്ലടിച്ചാന്‍പാട്ട്, ഓണപ്പാട്ട്, കുമ്മികള്‍,താരാട്ടുകള്‍ ഇങ്ങനെ വിവിധ നാമധേയങ്ങളിലായി അവ ഇന്നറിയപ്പെടുന്നു.
    മലയാള ഭാഷയുടെ ശൈശവഘട്ടത്തിന്റെ അവസാനകാലത്തുണ്ടായ കൃതിയാണ് 'രാമചരിതം'. ഇതാണ് ഇന്നു നമുക്ക് ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രാചീനമായ മലയാള ഗാനകൃതി. 'ചീരാമന്‍' എന്നൊരു കവിയാണ് കൃതി രചിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഒരു ശ്രീരാമവര്‍മ്മനാണ് കര്‍ത്താവെന്നു മഹാകവി ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു. ആകെ 1814 പാട്ടുകളാണ് രാമചരിതത്തിലുള്ളത്. രാമചരിതം ഒരു തമിഴ്കൃതിയാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. രാമചരിതത്തില്‍ യുദ്ധകാണ്ഡത്തെയാണ് കവി മുഖ്യമായും അവതരിപ്പിക്കുന്നത്. മറ്റ് കാണ്ഡങ്ങളിലെ കഥാഭാഗങ്ങള്‍ പലയിടത്തും വളരെ സംക്ഷിപ്തമായി അവതരിപ്പിച്ചിട്ടുണ്ട്.