ഇരുപത് ലക്ഷത്തില്‍ താഴെ ജനങ്ങള്‍ മാത്രം സംസാരിക്കുന്ന ഭാരതീയ ദ്രാവിഡഭാഷയാണ് തുളു.
2001ലെ സെന്‍സസ് പ്രകാരം ഭാരതത്തില്‍ 1.72 ദശലക്ഷം ആളുകള്‍ തുളു മാതൃഭാഷയായി സംസാരിക്കുന്നു. 1991 ലെ സെന്‍സസില്‍ നിന്നും തുളു മാതൃഭാഷയായി സംസാരിക്കുന്നവരില്‍ 10 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2009ലെ ഒരു കണക്ക് പ്രകാരം മൂന്നു മുതല്‍ അഞ്ചു വരെ ദശലക്ഷം ആളുകള്‍ തദ്ദേശീയമായി തുളു സംസാരിക്കുന്നു. തുളു സംസാരിക്കുന്ന ജനവിഭാഗത്തെ തുളുവ എന്ന് വിളിക്കുന്നു. കര്‍ണാടക സംസ്ഥാനത്തിലെ തെക്കന്‍ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി എന്നീ ജില്ലകളിലാണ് തുളു സംസാരിക്കുന്നവര്‍ കൂടുതല്‍. കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് താലൂക്കിലും ഈ ഭാഷ സംസാരിക്കുന്നവര്‍ ഉണ്ട്. തുളു ഭാഷ സംസാരിക്കുന്നവര്‍ ഉള്‍പ്പെടുന്ന പ്രദേശം പരമ്പരാഗതമായി തുളുനാട് എന്ന് അറിയപ്പെടുന്നു.
    ഇതുവരെ ലഭ്യമായിട്ടുള്ള തുളു ലിപിയില്‍ എഴുതിയിട്ടുള്ള ശിലാലിഖിതങ്ങളിള്‍ 15,16 നൂറ്റാണ്ടുകള്‍ക്കിടയിലുള്ളതാണ്. ഇവ വിജയനഗര സാമ്രാജ്യ കാലഘട്ടത്തില്‍ തുളുനാടിന്റെ തലസ്ഥാനമായിരുന്ന ബാര്‍ക്കുറിന്റെ സമീപപ്രദേശങ്ങളില്‍ നിന്നുമാണ്. മറ്റുള്ള ലിഖിതങ്ങള്‍ കുന്ദാപുരത്തിനടുത്തുള്ള സുബ്രമഹ്ണ്യ ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്തിട്ടുള്ളതാണ്. പ്രസിദ്ധ ഭാഷാശാസ്ത്രജ്ഞന്മാരായ എസ്.യു പന്നിയാടി, എല്‍.വി രാമസ്വാമി അയ്യര്‍, പി.എസ് സുബ്രമഹ്ണ്യ എന്നിവരുടെ അഭിപ്രായത്തില്‍, തുളു ഭാഷ ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നേ പ്രോട്ടോദ്രാവിഡ സ്വതന്ത്ര ഭാഷയായി വളര്‍ന്നുവന്നതാണ്.
    തമിഴ് സംഘ കാലഘട്ടത്തിലെ (എ.ഡി 200) കവിയായ മാമുലറിന്റെ കവിതയില്‍, തുളുനാട്ടിലെ സൗന്ദര്യവതികളായ നര്‍ത്തകികളെപ്പറ്റി വിവരിക്കുന്നു, ഇതിലൂടെ തുളുഭാഷ സംസാരിക്കുന്ന ഒരു ദേശത്തെപ്പറ്റി തമിഴര്‍ക്ക് അറിയാമായിരുന്നുവെന്ന് മനസ്സിലാക്കാം. ഹല്‍മിദി ലിഖിതങ്ങളില്‍ അലുപെ എന്ന തുളുഭാഷ സംസാരിക്കുന്ന ഒരു രാജ്യത്തെപ്പറ്റി എഴുതിയിരിക്കുന്നു. കാസറഗോഡിലെ അനന്തപുരത്തില്‍ തുളുഭാഷയില്‍ തുളു ലിപി ഉപയോഗിച്ച് എഴുതിയ ശിലാശാസനമുണ്ട്. 1980ല്‍ പ്രസിദ്ധ ശാസന വിദഗ്ദ്ധന്‍ കെ.വി. രമേശ് ആണ് ഈ ശിലാശാസനത്തെ പഠിച്ച് വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത്.
ദക്ഷിണഭാരതീയഭാഷകളുടെ ഭാഷാവൃക്ഷത്തില്‍ തുളു ശാഖ പ്രാരംഭത്തില്‍ത്തന്നെ രൂപപ്പെട്ടിരിക്കുന്നതായി കാണാം. തുളു ദ്രാവിഡ ഭാഷകളില്‍ പ്രാചീനതമമായ ഒന്നാണ്.
    മലയാള ചരിത്രകൃതിയായ കേരളോല്പത്തിയിലും തുളു ബ്രാഹ്മണരുടെ ഇതിഹാസമെന്ന് അറിപ്പെടുന്ന ഗ്രാമപദ്ധതിയിലും തമിഴ് സംഘകാല സാഹിത്യത്തിലും നല്‍കിയിട്ടുള്ള വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ തുളുനാട് കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരി പുഴമുതല്‍ വടക്ക് കര്‍ണ്ണാടക സംസ്ഥാനത്തിലെ ഉത്തര കന്നഡ ജില്ലയിലെ ഗോകര്‍ണ്ണം വരെ വ്യാപിച്ചിരുന്നു.കന്നഡ ഭാഷാ ന്യൂനപക്ഷ പ്രദേശമായ കാസറഗോഡ് ജില്ലയിലെ പയസ്വിനി പുഴ (ചന്ദ്രഗിരി പുഴ) മുതല്‍ കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ കല്യാണപുര പുഴ വരെ നീണ്ടുനില്‍ക്കുന്ന ഭൂപ്രദേശമാണ് തുളുനാട്. മംഗലാപുരം (കുഡ്‌ല), ഉഡുപ്പി, കാസറഗോഡ്, പുത്തൂര്‍, ഉപിനങ്കടി എന്നീ നഗരങ്ങളും പട്ടണങ്ങളും തുളു സാഹിത്യത്തിന്റെയും സംസ്‌കൃതിയുടെയും കേന്ദ്രങ്ങളാണ്.
    കാസര്‍ഗോഡ് താലൂക്കില്‍ സംസാരിക്കുന്ന തുളു ഭാഷ കാസര്‍ഗോഡ് തുളു എന്നറിയപ്പെടുന്നു. ഇവിടെ സംസാരിക്കുന്ന തുളുവില്‍ മലയാളത്തിന്റെ കലര്‍പ്പുണ്ട്. അതുപോലെ തന്നെ ഇവിടെ സംസാരിക്കുന്ന മലയാളത്തിലും കന്നഡയുടെയും തുളുവിന്റെയും കലര്‍പ്പുണ്ട്. ഇവിടുത്തെ മലയാളത്തില്‍ തുളുകന്നഡ വാക്കുകള്‍ അധികമാണ്.

ലിപി

    തുളു എഴുതുന്നത് തുളു ലിപി ഉപയോഗിച്ചാണ്. ഗ്രന്ഥ ലിപിയില്‍ നിന്നാണ് തുളു ലിപിയുടെ ഉല്‍ഭവം. മലയാളം ലിപിയുമായി തുളു ലിപിക്ക് സാദൃശ്യം ഉണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുളു ലിപിയുടെ അപചയം ആരംഭിച്ചു. തുളു ലിപിക്കു പകരം തുളു എഴുതുന്നതിനായി കന്നഡ ലിപി ഉപയോഗിച്ചുതുടങ്ങി. ജര്‍മന്‍ മിഷനറിമാര്‍ മംഗലാപുരത്ത് സ്ഥാപിച്ച മുദ്രണാലയങ്ങളില്‍ തുളു അച്ചടിക്കുന്നതിനായി കന്നഡ ലിപി ഉപയോഗിച്ചുതുടങ്ങിയതാണ് തുളു ലിപിയുടെ അപചയത്തിന് പ്രധാന കാരണമായത്. തുളു ഭാഷ ഉപയോഗിക്കുന്നവരില്‍ മിക്കവരും കന്നഡ-തുളു ദ്വിഭാഷികള്‍ ആയിരുന്നതും കന്നഡ ലിപിയുടെ ആധിപത്യത്തിന് കാരണമായി. ഇപ്പോള്‍ കന്നഡ ലിപിയാണ് തുളു ഭാഷയുടെ അംഗീകൃത ലിപി. എന്നാല്‍ തുളു സാഹിത്യകാരന്മാരും തുളു ഭാഷാ ശാസ്ത്രജ്ഞന്മാരും കന്നഡ ലിപിയില്‍ തുളു എഴുതുന്നതിനെ എതിര്‍ക്കുന്നു. യഥാര്‍ഥ തുളു ലിപി പുനരുജ്ജീവിപ്പിക്കുന്നതിനുവേണ്ടി അവര്‍ വാദിക്കുന്നു.

തുളു ബൈബിള്‍

    ബൈബിള്‍ തുളു ഭാഷയിലേക്ക് ബേസില്‍ മിഷനറി പാതിരിമാര്‍ തര്‍ജ്ജമ ചെയ്തു. അതു കന്നഡ ലിപിയില്‍ ആണ് എഴുതിയിരിക്കുന്നത്.
തുളു ലിപി പ്രധാനമായും ഉപയോഗിച്ചിരുന്നത് ശിവള്ളി ബ്രാഹ്മണര്‍ പോലെയുള്ള തുളു ബ്രാഹ്മണരാണ്. വേദമന്ത്രങ്ങള്‍ എഴുതുന്നതിനും സംസ്‌കൃത ഗ്രന്ഥങ്ങളെ തുളുവിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനും തുളു ലിപി ഉപയോഗിക്കപ്പെട്ടിരുന്നു. തുളു മഹാഭാരതൊ എന്ന മഹാഭാരത വിവര്‍ത്തനമാണ് തുളു ലിപിയിലുള്ള ഏറ്റവും പ്രാചീനമായ സാഹിത്യഗ്രന്ഥം. ഇപ്പോള്‍ തുളു ഭാഷ എഴുതുന്നതിന് തുളു ലിപി ഉപയോഗിക്കുന്നില്ല. അതിനു പകരം കന്നഡ ലിപിയാണ് തുളു ഭാഷയ്ക്കായി ഉപയോഗിക്കുന്നത്.

തുളു സാഹിത്യം

    മറ്റ് ദക്ഷിണ ഭാരതീയ  ഭാഷകളുമായി തുലനം ചെയ്യുമ്പോള്‍ തുളുവിലുള്ള സാഹിത്യരചനകള്‍ വളരെക്കുറവാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട തുളു മഹാഭാരതൊ ആണ് ഇവയില്‍ ഏറ്റവും പഴക്കമുള്ളത്. പതിനഞ്ചാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ദേവീമാഹാത്മേ, പതിനേഴാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഇതിഹാസകാവ്യങ്ങളായ ശ്രീ ഭാഗവത, കാവേരി മാഹാത്മ്യം എന്നിവയുടെ കയ്യെഴുത്ത് പ്രതികളും കണ്ടെത്തിയിട്ടുണ്ട്. തുളുവില്‍ നാടോടി സാഹിത്യങ്ങള്‍ വളരെയധികമുണ്ട്. 1984 ല്‍ പി.വി. പുണിഞ്ചിത്തായ തുളുഭാഗവതൊ മംഗലാപുരം സര്‍വകലാശാലയില്‍ നിന്നും പുനപ്രസിദ്ധീകരിച്ചിരുന്നു. തുളുഭാഗവതത്തിന്റെ മൂന്നു സ്‌കന്ദങ്ങള്‍ മാത്രമേ കിട്ടിയിട്ടുള്ളൂ. ഇതില്‍ രണ്ടായിരത്തോളം പദ്യങ്ങള്‍ കാണുന്നു. സംസ്‌കൃതം, കന്നഡ ഭാഗവതങ്ങളെ അടിസ്ഥാനമാക്കി പതിനേഴാം നൂറ്റാണ്ടില്‍ വിഷ്ണുതുംഗന്‍ എന്ന കവിയാണ് തുളുഭാഗവതം രചിച്ചത്. തുളുവില്‍ രണ്ടാമതു കിട്ടിയ കാവ്യമാണ് കാവേരീ മാഹാത്മ്യം. കാസര്‍ഗോഡ് നിന്നും കിട്ടിയ ഈ കൃതി ഇപ്പോള്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ കൈയെഴുത്തുപ്രതികളുടെ ശേഖരത്തിലുണ്ട്. കാവേരി മാഹാത്മ്യത്തിന്റെ ആദ്യത്തേയും അവസാനത്തേയും ഭാഗങ്ങള്‍ നഷ്ടമായതിനാല്‍ ഇതിന്റെ കര്‍ത്താവാരെന്നു കണ്ടെത്താനായിട്ടില്ല. സംസ്‌കൃതത്തിലെ കാവേരിമാഹാത്മ്യത്തെ ആധാരമാക്കിയാണിതിന്റെ രചന. തുളുവില്‍ കണ്ടെടുത്ത മൂന്നാമത്തെ ഗ്രന്ഥമാണ് ദേവീമാഹത്മേ. ഗദ്യരൂപത്തിലുള്ള ഈ ഗ്രന്ഥം കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂരിലുള്ള തെക്കേത്തില്ലത്തു നിന്നും ലഭിച്ചു. ഇതിന്റെ കൈയെഴുത്തുപ്രതി കോഴിക്കോട് സര്‍വ്വകലാശാലയില്‍ സൂക്ഷിച്ചിരിക്കുന്നു.
തുളുമഹാഭാരതൊ എന്ന നാലാമത്തെ കൃതി ലഭിച്ചത് ഉഡുപ്പി താലൂക്കിലെ കൊഡവൂരു എന്ന സ്ഥലത്തു നിന്നുമാണ്. ഇതിന്റെ രചയിതാവ് കൊഡവൂരുള്ള ഒരു ശങ്കരനാരായണ ദേവഭക്തനായ 'അരുണാബ്ജ' ആണ്. മഹാഭാരതത്തിലെ ആദിപര്‍വ്വ കഥ മാത്രമേ ലഭ്യമായിട്ടുള്ളൂ. തുളുഭാഗവതത്തേക്കാള്‍ പഴക്കമുള്ളതാണ് ഈ കൃതി. ഇതൊക്കെ കൂടാതെ 'ഗുഡ്ഡെതറായെ' എന്ന കവി കീചകവധം, രുഗ്മണീസ്വയംവരം, ബാണാസുരവധംഎന്നീ തുളുകാവ്യങ്ങളും മറ്റൊരാള്‍ അംബരിശോപാഖ്യാനവും രചിച്ചിട്ടുണ്ട്. ഇങ്ങനെ തുളുവില്‍ പന്ത്രണ്ടോളം കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്.

താമരനല്ലൂര്‍ ഭാഷ

    ജ്യോതിഷത്തിന്റെ മുഹൂര്‍ത്തഭാഗത്തെ സംബന്ധിച്ചുള്ള ഒരു പഴയ പ്രമാണഗ്രന്ഥമാണ് താമരനല്ലൂര്‍ ഭാഷ. മണിപ്രവാളത്തിലാണ് ഇത് എഴുതിയിരിക്കുന്നത്. ഇതില്‍നിന്ന് 'ഭാഷാമിശ്രം പൊഴുതുകഥയാമി' എന്നുള്ള വരികള്‍ ലീലാതിലകത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. 'ചെല്ലൂര്‍ നാരായണന്‍ നമ്പൂതിരി' എന്ന പ്രഭുവിനു വേണ്ടിയാണ് ഗ്രന്ഥം നിര്‍മ്മിച്ചതെന്ന് കൃതിയില്‍ പറയുന്നു.