ഒരു ഭാഷയിലെ വാക്കുകള്‍ അക്ഷരമാലാക്രമത്തിലോ വര്‍ണമാലാക്രമത്തിലോ അടുക്കി അവയുടെ അര്‍ഥവും ഉച്ചാരണവും നിര്‍വചനങ്ങളും പ്രയോഗങ്ങളും മറ്റു വിവരങ്ങളും അതേ ഭാഷയിലോ മറ്റ് ഭാഷകളിലോ നല്‍കുന്ന അവലംബഗ്രന്ഥമാണ് നിഘണ്ടു അഥവാ ശബ്ദകോശം.
ഒരു വാക്കിനുതന്നെ ചിലപ്പോള്‍ ഒന്നിലധികം അര്‍ഥങ്ങളുണ്ടാവാം. ഇത്തരം സന്ദര്‍ങ്ങളില്‍, 'കൂടുതല്‍ പ്രചാരമുള്ള അര്‍ഥം ആദ്യം' എന്ന ക്രമമാണ് മിക്ക നിഘണ്ടുക്കളിലും സ്വീകരിക്കുന്നത്.
നിഘണ്ടുക്കള്‍ സാധാരണയായി പുസ്തകരൂപത്തിലാണ്. കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വേര്‍ പ്രോഗ്രാം രൂപത്തിലും ഇപ്പോള്‍ നിഘണ്ടുക്കള്‍ ലഭ്യമാണ്. ഇന്റര്‍നെറ്റ് മുഖേന ഉപയോഗിക്കാവുന്ന അനേകം ഓണ്‍ലൈന്‍ നിഘണ്ടുക്കളും നിലവിലുണ്ട്.
    അക്കാഡിയന്‍ സാമ്രാജ്യത്തിലെ ക്യൂണിഫോം പട്ടികകളാണ് അറിയപ്പെടുന്നതില്‍ ഏറ്റവും പഴക്കം ചെന്ന നിഘണ്ടുക്കള്‍. ഇവ സുമേറിയന്‍ -അക്കാഡിയന്‍ ദ്വിഭാഷാ പദാവലികളായിരുന്നു. എബ്ല (ഇപ്പോഴത്തെ സിറിയ) എന്ന പ്രദേശത്തുനിന്ന് കണ്ടെടുക്കപ്പെട്ടതാണ് ഇവ. ഏകദേശം 2300 ബി.സി.ഇ.യില്‍ നിലനിന്നിരുന്നവയാണ് ഇവ എന്ന് വിശ്വസിക്കപ്പെടുന്നു. ബി.സി. മൂന്നാം നൂറ്റാണ്ടിനടുത്ത് രചിക്കപ്പെട്ട എര്യ എന്ന ചൈനീസ് നിഘണ്ടുവാണ് അറിയപ്പെടുന്നവയില്‍ ഏറ്റവും പഴക്കം ചെന്ന ഏകഭാഷാ നിഘണ്ടു.
ഫിലിറ്റസ് ഓഫ് കോസ് രചിച്ച, ചിട്ടയില്ലാത്ത വാക്കുകള്‍ എന്ന ശബ്ദസംഗ്രഹം ഹോമറിന്റെ ഗ്രന്ഥങ്ങളിലെയും മറ്റനേകം സാഹിത്ര്യഗ്രന്ഥങ്ങളിലെയും വാക്കുകളും, സംസാരഭാഷയില്‍നിന്നുള്ള വാക്കുകളും, സാങ്കേതികപദങ്ങള്‍ഉം ഉള്‍ക്കൊള്ളുന്നതായിരുന്നു.
    ഹോമര്‍ സാഹിത്യത്തെ അടിസ്ഥാനമാക്കിയുള്ള ശബ്ദാവലികളില്‍ ഇന്നും നിലനില്‍ക്കുന്നവയില്‍ ഏറ്റവും പഴക്കം ചെന്നത് അപ്പൊല്ലോനിയസ് ദ സോഫിസ്റ്റ് (ക്രിസ്ത്വബ്ദം ഒന്നാം ശതകം) രചിച്ച ശബ്ദാവലിയാണ്.
ക്രിസ്ത്വബ്ദം നാലാം ശതകത്തില്‍ അമരസിംഹന്‍ രചിച്ച ശബ്ദകോശമായ 'അമരകോശ'മാണ് ആദ്യത്തെ സംസ്‌കൃത ശബ്ദകോശം. പദ്യരൂപത്തില്‍ രചിക്കപ്പെട്ട ഈ ശബ്ദകോശത്തില്‍ ഏകദേശം പതിനായിരം വാക്കുകളുണ്ട്.
    മലയാളത്തിലെ ആദ്യകാലനിഘണ്ടുക്കളില്‍ ശ്രദ്ധേയമായത് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നിഘണ്ടു ആണ്. പില്‍ക്കാലത്ത് പ്രചുരപ്രചാരം നേടിയത് ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയുടെ ശബ്ദതാരാവലി ആണ്.