ഭാഷയിലെ ആദ്യ ചരിത്ര ഗ്രന്ഥമാണ് നിരണം ഗ്രന്ഥവരി. 179 താളിയോലകളുടെ രണ്ടുപുറവുമായി എഴുതപ്പെട്ടിട്ടുള്ളതും, നിരണത്തു വച്ച് പകര്‍ത്തി എഴുതിയതും, ഇപ്പോള്‍ തിരുവല്ല മേപ്രാലുള്ള കണിയാന്ത്ര കുടുംബത്തില്‍ സൂക്ഷിച്ചിരിക്കുന്നതുമായ കൈയെഴുത്ത് ഗ്രന്ഥമാണിത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ 1829 വരെയുള്ള ചരിത്രമാണ് മുഖ്യപ്രതിപാദ്യ വിഷയം. ഈ പകര്‍പ്പ് 1824നും 1829നും ഇടയില്‍ എഴുതി പൂര്‍ത്തിയാക്കി എന്ന് മനസ്സിലാക്കാം. 19,20 നൂറ്റാണ്ടുകളിലെ ഭാഗികമായ മറ്റു പല പകര്‍പ്പുകളും ഇതിനുണ്ട്. പ്രത്യേകം പേരൊന്നും നല്‍കാതിരുന്ന ഈ താളിയോല ഗ്രന്ഥത്തിന് 1971ല്‍ ജോസഫ് ഇടമറുകാണ് നിരണം ഗ്രന്ഥവരി എന്ന പേര് നല്‍കിയത്. 1971ല്‍ പ്രസിദ്ധീകരിച്ച കേരള സംസ്‌കാരം എന്ന കൃതിയില്‍ ഈ ഗ്രന്ഥത്തെ 'നിരണം ഗ്രന്ഥവരി'എന്നു പരാമര്‍ശിക്കുകയും ഉദ്ധരണികള്‍ ഉപയോഗിക്കുകയും ചെയ്തു. 1988ല്‍ തിരുവനന്തപുരം ഓറിയന്റല്‍ മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയില്‍ ഈ താളിയോലഗ്രന്ഥം അക്ഷരമാറ്റം നടത്തി കടലാസില്‍ പകര്‍ത്തി. 2000 ആഗസ്റ്റിലാണ് നിരണം ഗ്രന്ഥവരി ആദ്യമായി പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.
        അദ്ധ്യായങ്ങളോ ഖണ്ഡികകളോ തിരിക്കാതെ തുടര്‍ച്ചയായി എഴുതപ്പെട്ടിട്ടുള്ളതാണ് ഈ താളിയോല ഗ്രന്ഥം. അത് വിഷയബന്ധിതമായ അധ്യായങ്ങളായി തിരിച്ചാല്‍ ഒന്നു മുതല്‍ നാലുവരെ അധ്യായങ്ങള്‍ ചരിത്രവും അഞ്ചും ആറും അധ്യായങ്ങള്‍ വിശ്വാസപഠനങ്ങളും ഏഴാമധ്യായം തോമാശ്ലീഹായെ സംബന്ധിക്കുന്ന ഒരു ഐതിഹ്യവുമാണ്. എട്ടാമധ്യായം പരസ്പരബന്ധമില്ലാത്ത വിജ്ഞാനശകലങ്ങളുടെ ശേഖരവും ഒന്‍പതാമധ്യായം വജ്രങ്ങളുടെ ലക്ഷണശാസ്ത്രവുമാണ്. ഭാഷാചരിത്രപരമായി ശ്രദ്ധേയമായ സ്വകാര്യ കത്താണ് പത്താമധ്യായം. 35 മലയാള കവിതകളുടെ സമാഹാരമാണ് അവസാന ഭാഗം. ചരിത്രം, ബൈബിള്‍ കഥകള്‍, വേദശാസ്ത്രം, തത്ത്വചിന്ത, പഞ്ചാംഗം തുടങ്ങി വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന മലയാള കവിതകളാണിവ. ഇവയില്‍ പലതും ഭാഗികമായി നഷ്ടപ്പെട്ടുപോയി.
    യഥാര്‍ഥത്തില്‍ മൂന്നും നാലും അധ്യായങ്ങള്‍ മാത്രമാണ് മലങ്കര സഭാചരിത്രം. ഒന്നും രണ്ടും അധ്യായങ്ങള്‍ യഥാക്രമം പഴയനിയമകാലത്തെ യഹൂദചരിത്രവും ആദിമനൂറ്റാണ്ടുകളിലെ ക്രൈസ്തവസഭാ ചരിത്രവുമാണ്. മലങ്കര സഭാചരിത്രത്തിന് ആദിമുതലുള്ള പശ്ചാത്തലവിവരണം എന്ന നിലയിലാണ് അവ ചേര്‍ത്തിട്ടുള്ളത്. ഈ അധ്യായങ്ങള്‍ പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിലുളള ആഗോളസഭാചരിത്രത്തിന്റെ സംഗൃഹീത രൂപമാണ്. ആദാമില്‍ ആരംഭിച്ച് യേശുക്രിസ്തുവിലൂടെയും, തുടര്‍ന്ന് അപ്പോസ്തലന്മാര്‍, പൊതു സുന്നഹദോസുകള്‍ ഇവയുടെ ചരിത്രം വിവരിച്ച് ഓര്‍ത്തഡോക്‌സ് വിശ്വാസവും പാരമ്പര്യവുമാണ് കലര്‍പ്പില്ലാത്തതും കണ്ണിമുറിയാത്തതും എന്ന് സ്ഥാപിക്കുവാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നു. ഇതിന് പാശ്ചാത്യ സുറിയാനി സഭാചരിത്ര ഗ്രന്ഥങ്ങളെ പൂര്‍ണമായും ആശ്രയിക്കുന്നു.
    പാശ്ചാത്യ സുറിയാനി ചരിത്രങ്ങളില്‍ ഉള്‍പ്പെടാത്ത തോമാശ്ലീഹായുടെ കേരളത്തിലെ പ്രേഷിതവൃത്തി, രക്തസാക്ഷി മരണം മുതലായ പ്രാദേശിക പാരമ്പര്യങ്ങള്‍ ചേര്‍ത്ത് ഓര്‍ത്തഡോക്‌സ് മുഖ്യധാരയുടെ ഭാഗമാണ് മലങ്കര നസ്രാണികള്‍ എന്ന് സ്ഥാപിക്കാനും ഗ്രന്ഥകാരന്‍ ശ്രമിക്കുന്നുണ്ട്. അതിനുശേഷമാണ് മൂന്നാമധ്യായത്തിലെ സംഭവങ്ങള്‍ കൊല്ലവര്‍ഷം ഒന്നാം നൂറ്റാണ്ടുമുതല്‍ ആരംഭിക്കുന്നത്.
അഞ്ചാമധ്യായം സുറിയാനി ഭാഷയിലുള്ള ഒരു വിശ്വാസ പാഠത്തിന്റെ മലയാള പരിഭാഷയാണ്. അതില്‍ സുറിയാനി വ്യാകരണത്തിന്റെ സ്വാധീനവും പ്രകടമാണ്. ആറാമധ്യായം പാശ്ചാത്യ സുറിയാനി പാരമ്പര്യത്തില്‍നിന്നുകൊണ്ട് മലങ്കരസഭയും റോമന്‍ കത്തോലിക്ക സഭയുമായി അഭിപ്രായവ്യത്യാസമുള്ള ചില സംഗതികളില്‍ തങ്ങളുടെ ഭാഗം ന്യായീകരിച്ചു കൊണ്ടുള്ള ഏഴു പ്രബന്ധങ്ങളാണ്.
എട്ടാമധ്യായത്തിലെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ പല സ്രോതസ്സുകളില്‍ നിന്നും സംഭരിച്ചതാണ്. അവയില്‍ പാശ്ചാത്യ സുറിയാനി ഗ്രന്ഥങ്ങള്‍, കല്‍ദായ, ലത്തീന്‍ പാരമ്പര്യങ്ങള്‍, സംസ്‌കൃത കൃതികള്‍, പ്രാചീന മലയാള കൃതികള്‍, പ്രാദേശിക ഐതിഹ്യങ്ങള്‍, ആയുര്‍വേദം, ഗണിതം, ശകുനശാസ്ത്രം തുടങ്ങിയവ ഉള്‍പ്പെടുന്നു. നിരണം ഗ്രന്ഥവരിയുടെ മറ്റു പകര്‍പ്പുകളില്‍ മൂന്നാമധ്യായംവരെയുള്ള ചരിത്രഭാഗം മാത്രമാണ് ഏറിയും കുറഞ്ഞുമുള്ളത്.
    ഇന്ന് നിരണം ഗ്രന്ഥവരി എന്ന കണിയാന്ത്ര താളിയോലഗ്രന്ഥം ഒരു പകര്‍പ്പുമാത്രമാണ്. കണിയാന്ത്ര തൊമ്മി ചാണ്ടി കത്തനാരാണ് ഈ പകര്‍പ്പിന്റെ സമ്പാദകന്‍.ഡോ. പി.ജെ. തോമസ്, സി.എം. ആഗൂര്‍, ടി.കെ. ജോസഫ്, ചിത്രമെഴുത്ത് കെ.എം. വര്‍ഗ്ഗീസ് മുതലായവര്‍ 'മാര്‍ ദിവന്ന്യാസ്യോസിന്റെ ഡയറി' എന്നു വിളിക്കുന്നുണ്ടെങ്കിലും ഇത് അദ്ദേഹത്തിന്റെ കൃതിയല്ല. നിരണം ഗ്രന്ഥവരിയില്‍ ചരിത്രമെഴുതണമെന്ന് മാര്‍ ദിവന്ന്യാസ്യോസ് ആവശ്യപ്പെട്ടു എന്നല്ലാതെ സ്വയം എഴുതി എന്നു പറയുന്നില്ല. അദ്ദേഹത്തിന്റെ കാലശേഷം ഏഴാം മാര്‍ത്തോമ്മാ രചനയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതായി പരാമര്‍ശമുണ്ട്.
    മൂലകൃതി കൊല്ലവര്‍ഷം 981 (1806)ല്‍ രചിച്ചു തുടങ്ങി എന്നു നിരണം ഗ്രന്ഥവരിയില്‍ പരാമര്‍ശമുണ്ടെങ്കിലും നിരണം ഗ്രന്ഥവരിയിലെയും കരവട്ടുവീട്ടില്‍ മാര്‍ ശീമോന്‍ ദിവന്ന്യാസ്യോസിന്റെ നാളാഗമത്തിലെയും ആഭ്യന്തര സൂചനകള്‍പ്രകാരം രചനാകാലം 1771-73 കാലംവരെ പിമ്പോട്ടു പോകുന്നുണ്ട്. ഒരു പക്ഷേ, തുടര്‍ച്ചയായി രചിച്ചുവന്ന ദിനവൃത്താന്തത്തിന്റെ ക്രോഡീകരണമാവാം 1806ല്‍ നടന്നത്. നിരണം ഗ്രന്ഥവരിക്ക് ചരിത്രപരമായി വളരെ പ്രാധാന്യമുണ്ട്. മലയാളിയാല്‍ എഴുതപ്പെട്ട മലങ്കര നസ്രാണികളുടെ ആദ്യ ചരിത്രഗ്രന്ഥമാണിത്. നിരണം ഗ്രന്ഥവരിയുടെ ആദ്യഭാഗം 1773നു മുമ്പുതന്നെ എഴുതപ്പെട്ടു.
    കലുഷമായ ഒരു രാഷ്ട്രീയ അന്തരീക്ഷമാണ് അക്കാലത്ത് കേരളത്തില്‍ നിലനിന്നിരുന്നതെന്നതും നിരണം ഗ്രന്ഥവരിയുടെ ചരിത്രപ്രാധാന്യം വര്‍ധിപ്പിക്കുന്നു. പോര്‍ച്ചുഗീസുകാരുടെ പതനം, ഡച്ചുകാരുടെ ഉയര്‍ച്ചയും താഴ്ചയും, ബ്രിട്ടീഷുകാരുടെ ഉദയം, തിരുവിതാംകൂറിന്റെ രൂപീകരണം, മൈസൂര്‍ പടയോട്ടം, വേലുത്തമ്പി കലാപം തുടങ്ങിയ സുപ്രധാന കാലഘട്ടമാണ് ഇതില്‍ പരാമര്‍ശവിധേയമാകുന്നത്.
    നിരണം ഗ്രന്ഥവരിയിലെ ഭാഷയുടെ പ്രത്യേകത അതിന്റെ അത്ഭുതാവഹമായ പദസ്വാധീനമാണ്. യൂറോപ്യന്‍ ഭാഷകളില്‍ നിന്നു അപൂര്‍വം പദങ്ങള്‍ മാത്രമാണ് ഇതില്‍ കടന്നുകൂടിയിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് വേദശാസ്ത്രം, ത്രിത്വ വിശ്വാസം, ദൈവപുത്രന്റെ അളത്വം മുതലായ വിഷയങ്ങള്‍ വിവരിക്കുവാന്‍ നിരണം ഗ്രന്ഥവരിയില്‍ പ്രയോഗിക്കുന്ന പദങ്ങള്‍ ശ്രദ്ധാര്‍ഹമാണ്. ഒരു ചെറിയ വ്യത്യാസം പോലും വേദവിപരീതത്തിനു വഴിവയ്ക്കുന്ന ഈ ഭാഗങ്ങള്‍ പരകീയപദങ്ങള്‍ കൂടാതെതന്നെ തെറ്റില്ലാതെ പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഭാഷാപരമായി അതീവ പ്രാധാന്യമുള്ള മറ്റൊന്നാണ് നിരണം ഗ്രന്ഥവരിയിലെ പദ്യങ്ങള്‍. ദ്രാവിഡ വൃത്തത്തിലുളള ഇവയുടെ കര്‍ത്താവ് ഒരാളാകണമെന്നില്ല. സുറിയാനി പാരമ്പര്യത്തിന്റെ ശക്തമായ സ്വാധീനമുണ്ടെങ്കിലും തികച്ചും കേരളീയമായ സാഹിത്യമാനങ്ങള്‍ ഈ കവിതകള്‍ക്കുണ്ട്. കിളിപ്പാട്ടുരീതിയില്‍ എഴുതപ്പെട്ട ഒരു കവിതയില്‍ കവി കഥപറയാന്‍ ക്ഷണിക്കുന്നത് ക്രൈസ്തവമതപ്രതീകങ്ങളിലൊന്നായ പ്രാവിനെയാണ്.

ക്രിസ്തുവിന്റെ കന്യാജനനത്തെ

' പൂക്കുലാ തന്മേല്‍ കരിക്കതിന്റെ ഉള്ളില്‍ ജലം
പുക്കപോല്‍ ജനിച്ചിതു തന്‍ പുത്രനെന്നു വേണ്ടൂ'

എന്ന തികച്ചും കേരളീയമായ ഉപമാനംകൊണ്ടാണ് വര്‍ണിച്ചിരിക്കുന്നത്.

'ഒട്ടകം സൂചിക്കുഴലിലൂടെ കടക്കുക' എന്ന ബൈബിള്‍ ഉപമയെ മലയാളികള്‍ക്ക് സംവേദ്യമായ രീതിയില്‍

'മൂര്‍ഖന്മാരുടെ കര്‍ണേ സുജ്ഞാനം പൂകുന്നതി
ലൂക്കേറും മഹാഗജം കടക്കും കൊതുകിന്റെ
മൂക്കിലത്രെ ക്ഷണം മറ്റതിന്നസാധ്യമാം'എന്നു പരാവര്‍ത്തനം ചെയ്തിരിക്കുന്നു.

നിരണം പാട്ടുകള്‍

    കേരളത്തില്‍ നിരണം പ്രദേശത്തെ പുരാതന മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്കിടയില്‍ വാമൊഴിയായി രൂപപ്പെട്ടതും പ്രചരിച്ചതുമായ നാടോടിപ്പാട്ടുകളാണ് നിരണം പാട്ടുകള്‍. ഇത് ഒരു അനുഷ്ഠാനകലപോലെ ജനങ്ങള്‍ ആസ്വദിക്കുകയും സ്വീകരിക്കുകയും ചെയ്തു. ആദ്യകാലങ്ങളില്‍ നിരണം പള്ളിയില്‍ മാര്‍ത്തോമാ മെത്രാന്റെ എതിരേല്പിന് മാത്രമായിരുന്നു ഈ പാട്ടുകള്‍ ആലപിച്ചിരുന്നത്. വാമൊഴിയോട് അടുപ്പമുള്ള നാടന്‍പാട്ടുകളൂടെ ഭാഷാസ്വരൂപവുമായി നിരണം പാട്ടുകള്‍ ബന്ധപ്പെട്ടിരിക്കുന്നു. സമാനമായ രീതിയിലാണ് റമ്പാന്‍ പാട്ടുകളും.