പ്രാചീന കവികളായ ചെറുശ്ശേരി (പതിനഞ്ചാം നൂറ്റാണ്ട്), എഴുത്തച്ഛന്‍ (15-16 നൂറ്റാണ്ടുകള്‍ക്കിടയില്‍), കുഞ്ചന്‍ നമ്പ്യാര്‍ (പതിനെട്ടാം നൂറ്റാണ്ട്) എന്നിവരെയാണ് മലയാളത്തിലെ പ്രാചീന കവിത്രയം എന്നു കണക്കാക്കുന്നത്.

ചെറുശ്ശേരി

പ്രാചീനകവിത്രയത്തില്‍ ഒന്നാമനായ ചെറുശ്ശേരി നമ്പൂതിരി ക്രിസ്തുവര്‍ഷം പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാഷാകവിയാണ്. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവര്‍മന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണ് ചെറുശ്ശേരിയുടെത്. സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളില്‍ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്‌കൃത ഭാഷയോട് കൂടുതല്‍ പ്രതിപത്തി പുലര്‍ത്തിയിരുന്ന മലനാട്ടിലെ കവികള്‍ക്കിടയില്‍ ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി. മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാന്‍ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലാണ്. സംസ്‌കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണ് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തില്‍ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്.

എഴുത്തച്ഛന്‍

    ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന കവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. എഴുത്തച്ഛന്‍ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാര്‍ത്ഥ നാമം രാമാനുജന്‍ എന്ന് ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തായിരുന്നു കവിയുടെ ജനനം (ഇപ്പോള്‍ ഈ സ്ഥലം തുഞ്ചന്‍പറമ്പ് എന്നറിയപ്പെടുന്നു.) എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അര്‍ദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണ്. അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്‌കൃതപഠനവും തരമാക്കിയ എഴുത്തച്ഛന്‍, നാനാദിക്കിലേക്കുള്ള ദേശാടനങ്ങള്‍ക്കു ശേഷം തൃക്കണ്ടിയൂരില്‍ താമസമാക്കി. എഴുത്തച്ഛന്‍ എന്നുള്ളത് ഒരു ജാതിപ്പേരല്ലെന്നും സ്ഥാനപ്പേരാണെന്നും എഴുത്തച്ഛനുശേഷം പിന്‍തലമുറയില്‍ പെട്ടവര്‍ ഈ നാമം ജാതിപ്പേരായി ഉപയോഗിക്കുകയാണുണ്ടായതെന്നും കരുതുന്നു. കവിയുടെ കുടുംബപരമ്പരയില്‍ ചിലരാണ് പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്ത് വസിച്ചുപോരുന്നതെന്നും വിശ്വാസങ്ങളുണ്ട്.
    എഴുത്തച്ഛനു മുമ്പും നല്ലമലയാളത്തില്‍ ചെറുശ്ശേരി നമ്പൂതിരിയുടെ പ്രശസ്തമായ കാവ്യങ്ങള്‍ വന്നിരുന്നിട്ടും രാമാനുജന്‍ എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായി കരുതിപ്പോരുന്നു. എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തില്‍ വരുത്തിയതെന്ന് കരുതുന്നു. പ്രൊഫസര്‍ കെ.പി.നാരായണപ്പിഷാരടി തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തില്‍ 'ഹരിശ്രീ ഗണപതയേ നമഃ' എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികള്‍ക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛന്‍ തുടങ്ങിയതാണ്. എഴുത്തച്ഛന്‍ എന്ന സ്ഥാനപ്പേര് ലഭിച്ചത് അങ്ങനെയാകാം. എഴുത്തച്ഛന്റെ കാവ്യങ്ങള്‍ തെളിമലയാളത്തിലായിരുന്നില്ല. സംസ്‌കൃത പദങ്ങള്‍ അദ്ദേഹം തന്റെ കാവ്യങ്ങളില്‍ യഥേഷ്ടം ഉപയോഗിച്ചു. നാടോടി ഈണങ്ങള്‍ ആവിഷ്‌കരിച്ചതിലൂടെ കവിത കുറേകൂടി ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛന്‍. ഭക്തിപ്രസ്ഥാനം അദ്ദേഹത്തിനു സഹായകമായി വര്‍ത്തിക്കുകയും ചെയ്തു. കിളിപ്പാട്ട് എന്ന കാവ്യരചനാരീതിയായിരുന്നു എഴുത്തച്ഛന്‍ ആവിഷ്‌കരിച്ചത്. കിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിരിക്കുന്ന ഭാരതത്തിലെ ഇതിഹാസങ്ങള്‍ കുറേകൂടി ജനങ്ങള്‍ക്ക് സ്വീകാര്യമായി.

കുഞ്ചന്‍ നമ്പ്യാര്‍
    പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചന്‍ നമ്പ്യാര്‍. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികള്‍ മിക്കവയും തുള്ളലിന് വേണ്ടി എഴുതപ്പെട്ടവയാണ്. നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനമാണ് കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളില്‍ അഗ്രഗണനീയനാണ് നമ്പ്യാര്‍. ചന്ദ്രികാവീഥി, ലീലാവതീ വീഥി, തുടങ്ങിയ രൂപകങ്ങളും, വിഷ്ണുവിലാസം, രാഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീ ഖണ്ഡകാവ്യങ്ങളും, രാസക്രീഡ, വൃത്തവാര്‍ത്തികം എന്നീ ഛന്ദശ്ശാസ്ത്രഗ്രന്ഥങ്ങളും മറ്റും സംസ്‌കൃതത്തില്‍ എഴുതിയ രാമപാണിവാദനും കുഞ്ചന്‍ നമ്പ്യാരും ഒരാള്‍തന്നെയാണെന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂര്‍ കേരളസാഹിത്യചരിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആ അവകാശവാദം ഇന്നും സ്ഥിരീകരിച്ചിട്ടില്ല.
നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി റെയില്‍വേ സ്റ്റേഷനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു ജനനം എന്ന് കരുതപ്പെടുന്നു. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലത്തി. തുടര്‍ന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ് തുള്ളല്‍ കൃതികളില്‍ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനെ പുകഴ്ത്തുന്ന കല്യാണസൗഗന്ധികത്തിലെ ഈ വരികള്‍ പ്രസിദ്ധമാണ്:

' ചെമ്പകനാട്ടിന്നലങ്കാരഭൂതനാം,
തമ്പുരാന്‍ ദേവനാരായണസ്വാമിയും
കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം;
കുമ്പിടുന്നേനിന്നു നിന്‍പദാംഭോരുഹം'

    1746ല്‍ മാര്‍ത്താണ്ഡവര്‍മ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേര്‍ത്തതിനെ തുടര്‍ന്ന് നമ്പ്യാര്‍ തിരുവനന്തപുരത്തേക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാര്‍ത്താണ്ഡവര്‍മ്മയുടേയും തുടര്‍ന്ന് ഭരണമേറ്റ കാത്തികതിരുനാളിന്റെയും (ധര്‍മ്മരാജാ) ആശ്രിതനായി ജീവിച്ചു. വാര്‍ദ്ധക്യത്തില്‍ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങാന്‍ ആഗ്രഹിച്ചു.

' കോലംകെട്ടുക, കോലകങ്ങളില്‍ നടക്കെന്നുള്ള വേലക്കിനി
ക്കാലം വാര്‍ദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ.

    എന്ന കവിയുടെ അഭ്യര്‍ഥന രാജാവ് സ്വീകരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങി. 1770ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധയായിരുന്നു മരണകാരണം എന്നൊരു കഥ പ്രചരിച്ചിട്ടുണ്ട്.
    അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് എന്ന ക്ഷേത്രകലയില്‍ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാര്‍ക്ക് ഒരിക്കല്‍ എന്തോ കയ്യബദ്ധം പറ്റിയപ്പോള്‍ പരിഹാസപ്രിയനായ ചാക്യാര്‍ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചതാണ് തുള്ളലിന്റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാന്‍ അടുത്ത ദിവസം തന്നെ നമ്പ്യാര്‍ ആവിഷ്‌കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളല്‍. തുള്ളലിന് കൂത്തുമായി വളരെ സാമ്യമുണ്ടെന്നതൊഴിച്ചാല്‍ ഈ ഐതിഹ്യത്തില്‍ വലിയ കഴമ്പൊന്നുമില്ല. ഒരു കലാരൂപം ഒറ്റരാത്രികൊണ്ട് രൂപപ്പെടുന്നതല്ല. ഏതായാലും തുള്ളലിനെ ഒരൊന്നാംതരം കലാരൂപമായി വികസിച്ചെടുക്കാനും അതിന് പരക്കെ അംഗീകാരം നേടിയെടുക്കാനും നമ്പ്യാര്‍ക്ക് കഴിഞ്ഞു. അസാമാന്യമായ ഭാഷാനൈപുണ്യം കൊണ്ട് അനുഗൃഹീതനായിരുന്നു നമ്പ്യാര്‍. വാക്കുകള്‍ അദ്ദേഹത്തിന്റെ നാവില്‍ നൃത്തം ചെയ്യുകയായിരുന്ന. ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളലുകള്‍ നമ്പ്യാര്‍ എഴുതി. നമ്പ്യാരുടെ ഏറെ പ്രസിദ്ധമായ ഫലിതബോധത്തിനു പുറമേ അദ്ദേഹത്തിന്റെ വിപുലമായ അനുഭവസമ്പത്തും എല്ലാ വിജ്ഞാനശാഖകളിലുമുള്ള അവഗാഹവും ഈ കൃതികള്‍ പ്രകടിപ്പിക്കുന്നു.