മലയാളം എന്‍സൈക്ലോപീഡിയ എന്ന വിജ്ഞാനകോശമാണിത്. ബ്രിട്ടാനിക്കയുടെ ഇന്ത്യാ ഓഫീസും കോട്ടയത്തെ ഡി.സി ബുക്‌സും ചേര്‍ന്ന് 2003ല്‍ പ്രസിദ്ധീകരിച്ച ഇതിനു മൂന്നു വാല്യങ്ങളുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സിന്റെ 2004ലെ മികച്ച പുസ്തക നിര്‍മ്മിതിക്കുള്ള അവാര്‍ഡ് ഇതിനു ലഭിച്ചു. പ്രസിദ്ധീകരണത്തിനു മുമ്പ് ഇരുപതിനായിരത്തിലധികം പേര്‍ പുസ്തകത്തിനു പണംകൊടുത്ത് രജിസ്റ്റര്‍ ചെയ്തതായി പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു. ഇത് മലയാളത്തിലെ പ്രസാധന രംഗത്ത് അസാധാരണമായ സംഭവമായിരുന്നു. ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലെ ആദ്യത്തെ ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ വിവര്‍ത്തനമായിരുന്നു ഇത്. ഈ പുസ്തകത്തിന്റെ 22,000 കോപ്പി വിറ്റിട്ടുണ്ട്. മൂന്നു വാല്യങ്ങളിലായി 3,000 പേജുകളാണ്. അജയകുമാര്‍ എന്ന കോളേജ് അദ്ധ്യാപകന്‍ ഈ പുസ്തകത്തില്‍ 3,000 തെറ്റുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയത്തെ ഉപഭോക്തൃ കോടതി ഈ പുസ്തകത്തിന്റെ വില്പന നിരോധിച്ചു. എന്നാല്‍, പുസ്തകത്തില്‍ നൂറോളം തെറ്റുകളേ ഉള്ളൂ എന്ന് രവി ഡി.സി. അവകാശപ്പെടുന്നു.