നിയതമായ ചില ലക്ഷണങ്ങളോടെ രചിക്കപ്പെട്ട ബൃഹത്തായ കാവ്യങ്ങളെയാണ് മഹാകാവ്യങ്ങള്‍ എന്നു വിളിക്കുന്നത്. നിയോക്ലാസിക് സാഹിത്യപ്രസ്ഥാനത്തില്‍ പെടുന്നു. സംസ്‌കൃതാലങ്കാരികന്മാര്‍ മഹാകാവ്യത്തെ സര്‍ഗ്ഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഒരു കാവ്യത്തില്‍ സര്‍ഗ്ഗങ്ങള്‍ ഏഴില്‍ കുറയരുത്. ഒരു സര്‍ഗ്ഗത്തില്‍ അമ്പതില്‍ കുറയാതെ ശ്ലോകങ്ങള്‍ ഉണ്ടാവണം. ഓരോ സര്‍ഗ്ഗവും ഓരോ വൃത്തത്തില്‍ എഴുതണം. സര്‍ഗ്ഗത്തിന്റെ അവസാനപദ്യത്തിനു വേണമെങ്കില്‍ വൃത്തം വ്യത്യാസപ്പെടുത്താം. സര്‍ഗ്ഗങ്ങള്‍ തമ്മില്‍ വിഷയപ്രതിപാദനത്തില്‍ ബന്ധപ്പെട്ടിരിക്കണം. മഹത്തായ ഒരു ജീവിതത്തിന്റെ അഥവാ വംശത്തിന്റെ ചരിത്രമായിരിക്കണം വിഷയം. കാവ്യാരംഭത്തില്‍ ആശിസ്സ്, നമസ്‌കാരം, വസ്തുനിര്‍ദ്ദേശം എന്നിവ വേണം. ധീരോദാത്തനും സല്‍കുലജാതനുമാവണം നായകന്‍. നായിക മാതൃകാ വനിതയായിരിക്കണം. ശൃംഗാരവീരശാന്തങ്ങളില്‍ ഒന്ന് അംഗിയായ രസവും മറ്റുള്ളവ അംഗങ്ങളുമാവണം. നായകന് ഉയര്‍ച്ചയുണ്ടാവുന്ന തരത്തിലാവണം കഥ. പുരുഷാര്‍ത്ഥ പ്രാപ്തിക്ക് പ്രയോജനപ്പെടുന്ന കഥകള്‍ക്ക് പ്രാമുഖ്യം നല്‍കണം. നഗരം, ശൈലം, ഋതു, വിവാഹം, യുദ്ധം, അര്‍ണ്ണവം, ഉദയം, അസ്തമയം മുതലായവ വര്‍ണ്ണിക്കണം എന്നിങ്ങനെ പോകുന്നു ലക്ഷണങ്ങള്‍. ദണ്ഡി ‘കാവ്യാദര്‍ശം’ എന്ന കൃതിയില്‍ നല്‍കിയ ലക്ഷണങ്ങളാണ് മേല്പറഞ്ഞത്. ഇതനുസരിച്ച് ഉത്തമ മഹാകാവ്യങ്ങളായി സംസ്‌കൃതത്തില്‍
അഞ്ചെണ്ണമാണുള്ളത്.

കുമാരസംഭവം-        കാളിദാസന്‍
രഘുവംശം-            കാളിദാസന്‍
ശിശുപാലവധം-        മാഘന്‍
കിരാതാര്‍ജ്ജുനീയം-    ഭാരവി
നൈഷധം               -ശ്രീഹര്‍ഷന്‍

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ വിവര്‍ത്തനത്തിലൂടെ സംസ്‌കൃതത്തില്‍ നിന്നു മലയാളത്തിലേക്കും മഹാകാവ്യം കടന്നുവന്നു. കേരളത്തില്‍ ആദ്യമുണ്ടായ സംസ്‌കൃതമഹാകാവ്യം സുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസമാണ്. സംസ്‌കൃതാലങ്കാരികന്മാരുടെ ലക്ഷണമനുസരിച്ച് മലയാളത്തിലുണ്ടായ ആദ്യത്തെ മഹാകാവ്യമാണ് അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം. കേരളത്തില്‍ രചിക്കപ്പെട്ട സംസ്‌കൃതമഹാകാവ്യങ്ങള്‍ ഇവയാണ്: മൂഷികവംശം(അതുലമഹാകവി), ശിവവിലാസം (ദാമോദരച്ചാക്യാര്‍), ശ്രീകൃഷ്ണവിജയം (ശങ്കരകവി), രാഘവീയം (രാമപാണിവാദന്‍), വിശാ ഖവിജയം (വലിയകോയിത്തമ്പുരാന്‍), ആംഗലസാമ്രാജ്യം (ഏ.ആര്‍. രാജരാജവര്‍മ്മ), ക്രിസ്തുഭാഗവതം (പ്രൊഫ. പി.സി. ദേവസ്യ), നവഭാരതം (മുതുകുളം ശ്രീധര്‍), വിശ്വഭാനു (ഡോ. പി.കെ. നാരായണപിള്ള -1982 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം), ശ്രീനാരായണവിജയം (പ്രൊഫ. കെ. ബാലരാമപ്പണിക്കര്‍), കേരളോദയം (ഡോ. കെ.എന്‍. എഴുത്തച്ഛന്‍-1979ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം)

മലയാളത്തിലെ മഹാകാവ്യങ്ങള്‍

രാമചന്ദ്രവിലാസം- – അഴകത്ത് പത്മനാഭക്കുറുപ്പ്
രുഗ്മാംഗദചരിതം- – പന്തളം കേരളവര്‍മ്മ
ഉമാകേരളം- – ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍
കേശവീയം- – കെ.സി. കേശവപിള്ള
ചിത്രയോഗം- – വള്ളത്തോള്‍ നാരായണമേനോന്‍
ശ്രീയേശുചരിതം- – കട്ടക്കയം ചെറിയാന്‍ മാപ്പിള
പാണ്ഡവോദയം- – കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍
രാഘവാഭ്യുദയം- – വടക്കുംകൂര്‍ രാജരാജവര്‍മ്മ
വിശ്വദീപം- – പുത്തന്‍കാവ് മാത്തന്‍ തരകന്‍
മാര്‍ത്തോമാവിജയം- – സിസ്റ്റര്‍ മേരി ബനീഞ്ജ
മാഹമ്മദം- – പൊന്‍കുന്നം സെയ്ദു മുഹമ്മദ്
വീരകേരളം മഹാകാവ്യം- കൈതക്കല്‍ ജാതവേദന്‍

സംസ്‌കൃതത്തില്‍ നിന്ന് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയതില്‍ ചിലത്

കുമാരസംഭവം – ഏ.ആര്‍. രാജരാജവര്‍മ്മ
രഘുവംശം – കുണ്ടൂര്‍ നാരായണമേനോന്‍
ബുദ്ധചരിതം – മയ്യനാട് സി.പി. കേശവന്‍ വൈദ്യര്‍
ശിശുപാലവധം – കിളിമാനൂര്‍ ശങ്കരവാര്യര്‍