പാട്ടുകളും മറ്റും ചൊല്ലുന്ന വിവിധ സമ്പ്രദായങ്ങള്‍. ഒരേ പാട്ടുതന്നെ പല ചൊല്‍വടിവുകളില്‍ ചൊല്ലുവാന്‍ കഴിയും. സംഗീതശാസ്ത്രത്തില്‍ സ്വരസംയോഗത്തില്‍ പല ഉപാധികള്‍ ഉണ്ട്. ഗമകം,സംഗതി,ചിട്ടസ്വരം,ചൊല്‍ക്കെട്ടുസ്വരം തുടങ്ങി ഗാനത്തിന് സ്വരമാധുര്യം കൈവരുത്തുന്ന ‘ഗാനാലങ്കാരങ്ങള്‍’ പലതാണ്. താളത്തെയും രാഗത്തെയും സൂചിപ്പിക്കുവാനാണ് നാടന്‍പാട്ടുകളില്‍ ‘ജതി’കള്‍ ഉപയോഗപ്പെടുത്തുന്നത്. പാടി നീട്ടലും കുറയ്ക്കലും നടപ്പുള്ളതാണ്. വര്‍ണമാത്രാദികളുടെ കുറവ് സ്വരങ്ങളുടെ ആലാപാനം വഴി നികത്തുക, വര്‍ണാധിക്യമോ പദാധിക്യമോ ഉണ്ടെങ്കില്‍ ദ്രുതഗതിയില്‍ ആ ഭാഗം ചൊല്ലിത്തീര്‍ക്കുക, പദാരംഭത്തില്‍ ഊന്നല്‍ നല്‍കുക, ആരംഭത്തിലുള്ള ചരണം ആവര്‍ത്തിക്കുക തുടങ്ങിയവ നാടന്‍പാട്ടുകളില്‍ കാണാം. വര്‍ണങ്ങളുടെ ഇടയിലുള്ള നാദ ദൈര്‍ഘ്യത്തെ വര്‍ധിപ്പിക്കുന്ന വിരുത്തലുകള്‍ നാടന്‍പാട്ടുകളില്‍ കാണാം.