കേരളത്തിലെ പ്രാചീനാചാരങ്ങളിലൊന്ന്. വണ്ണാത്തിയോ വേലത്തിയോ വയ്ക്കുന്ന തുണിയാണ് മാറ്റ്. ചത്താലും, പെറ്റാലും, ഋതുവായാലും ആശൗചം നീങ്ങുവാന്‍ മാറ്റുടുത്തു കുളിക്കണമെന്നാണ് പഴയ നിയമം. പ്രസവിച്ച സ്ത്രീകളുടെ അശുദ്ധിയും, മരിച്ചാലുള്ള പുലയും ഋതുവായാലുള്ള അശുദ്ധിയും നീങ്ങുവാന്‍ പല സമുദായക്കാരും മാറ്റുടുത്തു കളിക്കും. സവര്‍ണസമുദായക്കാര്‍ക്കിടയല്‍ മാറ്റുടുത്തു കുളി പതിവുണ്ട്. അവര്‍ണരില്‍ ചിലര്‍ക്ക് മാത്രമേ ഈ ആചാരമുള്ളു. പണ്ട് രാജഹിതത്തിനെതിരായി പ്രവര്‍ത്തിച്ചവര്‍ക്ക് നല്‍കിവന്ന ശിക്ഷകളിലൊന്നാണ് ‘ഈറ്റുംമാറ്റും’ വിലക്കുകയെന്നത്. മറ്റേതു ശിക്ഷയെക്കാളും ജനങ്ങള്‍ ഇതിനെ ഭയപ്പെട്ടിരുന്നു. തൊടുമാറ്റ്, ഉടുമാറ്റ്, വിരിമാറ്റ് എന്നിങ്ങനെ മാറ്റ് മൂന്ന് വിധമാണ്. ചില അശുദ്ധി നീങ്ങാന്‍ മാറ്റു തൊട്ട് കുളിച്ചാല്‍ മതി. പെറ്റാലും ഋതുവായാലുമുള്ള അശുദ്ധി നീങ്ങുവാന്‍ ഉടുമാറ്റ് തന്നെ വേണം. അശുദ്ധിയുള്ള സമയത്ത് ഉടുത്ത വസ്ത്രങ്ങള്‍ വണ്ണാത്തി, വേലത്തി എന്നിവരാണ് അലക്കി ശുദ്ധി വരുത്തുക.