ചെറിയ കുട്ടികള്‍ക്ക് കൈകാലുകള്‍ മെലിഞ്ഞ്. ആരോഗ്യം ക്ഷയിച്ച് ഗ്രഹണി തുടങ്ങിയ രോഗങ്ങള്‍ പിടിപെടുന്നത് പക്ഷിപീഡ കൊണ്ടാണെന്നാണ് പ്രാചീന വിശ്വാസം. ശിശുവിന്റെയോ ഗര്‍ഭവതിയുടെയോ തലയ്ക്കു മീതെ പുള്ളുപക്ഷി പറന്നുപോയാല്‍ ആ ശിശുവിന് പക്ഷിപീഡ ബാധിക്കും. പക്ഷിപീഡയ്ക്ക് പുള്ളുപീഡ, പുള്ളേറ്, പുളഅളുനോക്ക് എന്നീ പേരുകളും പറയാറുണ്ട്. ഗര്‍ഭവതികള്‍ സന്ധ്യാനേരത്ത് പുറത്തിറങ്ങരുതെന്നും, തൊണ്ണൂറു ദിവസമെങ്കിലും തികയാത്ത ശിശുക്കളെ പുറത്തിറക്കരുതെന്നും പറയുന്നത് പുള്ളുനോക്ക് വരാതിരിക്കാനായാരിക്കണം. മാന്ത്രികകര്‍മ്മങ്ങള്‍കൊണ്ട് പുള്ളുപീഡ നീക്കിക്കളയാം. പക്ഷിപീഡയ്ക്ക് ഊതുക, വെള്ളം ജപിച്ചുകുളിപ്പിക്കുക, എണ്ണ ജപിച്ചു തേപ്പിക്കുക. ഭസ്മം ജപിച്ച് ഊതുക, തിരി ഉഴിയുക, കുരുതിയില്‍ കുളിപ്പിക്കുക തുടങ്ങിയ മന്ത്രവാദക്രിയകള്‍ ചെയ്യാറുണ്ട്. സന്ധ്യാസമയത്ത് കുട്ടികള്‍ക്ക് കുരുതി ഉഴിഞ്ഞുകളയുക സര്‍വസാധാരണമായിരുന്നു.

ദുര്‍മന്ത്രവാദികളായ വണ്ണാന്‍, മലയന്‍ തുടങ്ങിയ ജാതിക്കാര്‍ മന്ത്രവാദം വഴി പുള്ളേറ്റ് നീക്കാറുണ്ട്. എന്നാല്‍ പുളഅളുപീഡ നീക്കുന്നവരെന്ന് പ്രശസ്തി പുള്ളുവര്‍ക്കു മാത്രമേ സിദ്ധിച്ചിട്ടുള്ളൂ. പക്ഷിപീഡ ഉണ്ടാകാതിരിപ്പാന്‍ ശിശുക്കള്‍ക്കു മന്ത്രമന്ത്രാദികള്‍ എഴുതിക്കെട്ടും.