പക്ഷികളെക്കൊണ്ട് ഭാവിഫലം നിര്‍ണയിക്കുന്ന വിദ്യ. പക്ഷിശാസ്ത്ര പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് അഗസ്ത്യമഹര്‍ഷിയാണെന്നാണ് ഐതിഹ്യം. തത്ത, പരുന്ത്, പുള്ള്, കാക്ക, കോഴി, മയില്‍ എന്നീ പക്ഷികളെക്കൊണ്ട് ഭാവിഫലം നോക്കുന്ന സമ്പ്രദായവുമുണ്ട്. ഏതായാലും തത്തകളെക്കൊണ്ട് ഫലം നോക്കുന്ന പതിവ് സര്‍വസാധാരണമാണ്. തത്തക്കൂടുകളുമായി തത്തമ്മശാസ്ത്രം പറയുവാന്‍ വരുന്ന ഭിക്ഷാടകരുടെ എണ്ണം കുറവല്ല. തമിഴ്‌നാട്ടുകാരാണ് ഇവരില്‍ ഭൂരിഭാഗവും.

കുറവര്‍, കൈനോക്കി ലക്ഷണം പറയുന്നതുപോലെ അവര്‍ പക്ഷിശാസ്ത്രവും പറയും. ഫലമെഴുതിയ നിരവധി കാര്‍ഡുകള്‍ നിരത്തിവയ്ക്കും, കൂട്ടിലുള്ള തത്തയെ തുറന്നുവിട്ടാല്‍ അത് ഒരു കാര്‍ഡ് കൊത്തി വേറെ വയ്ക്കും. അതിലെഴുതിയ വാക്യങ്ങളോ, ചിത്രങ്ങളോ നോക്കിയാണ് കുറവന്‍/ കുറത്തി ലക്ഷണം പറയുക.